ശ്രീമഹാഭാരതം (കിളിപ്പാട്ട്‌)

ഓരോരോകഥകൾ നീ ചൊന്നതു കേൾക്കുംതോറു-

മാരോമൽക്കിളിപ്പെണ്ണേ! പാരമുണ്ടാനന്ദമോ

വീരന്മാരായ പാണ്ഡുജാതന്മാരെന്തു പിന്നെ-

ദ്ധീരതയോടു ചെയ്തതൊക്കെ നീ പറയേണം.

ഒക്കവേ പറവതിനൊട്ടുമേ കാലംപോരാ

സല്‌ക്കഥയല്ലോയെന്നാലൊട്ടൊട്ടു ചൊല്ലീടുവൻ.

ധർമ്മജാദികളുടെ വാർത്ത കേട്ടെഴുന്നളളി

നിർമ്മലൻ നീഖിലലോകൈകനായകൻ കൃഷ്‌ണൻ.

കാൽത്തളിരിണയുളളിൽച്ചേർത്തുകൊണ്ടിരിപ്പവ-

ർക്കാർത്തികളഖിലവും തീർത്തു മംഗലം നല്‌കി

കാത്തുകൊണ്ടവിരതം കാൽത്തളിരിണയോടേ

ചേർത്തുകൊളളുന്ന വിഷ്ണുമൂർത്തി താൻ മനുഷ്യനായ്‌

ധാത്രിതൻ ഭാരം തീർപ്പാൻ ധാത്രിയിൽ പിറന്നവൻ

നേത്രഗോചരനായിട്ടാസ്ഥയാ പാണ്ഡവന്മാർ

പാർത്തുനിന്നെതിരേറ്റു പാദ്യവും നല്‌കിപ്പിന്നെ-

ഗ്ഗാത്രങ്ങൾതോറും നന്നായ്‌ ചേർത്തു സന്താപം തീർത്തു.

മാർത്താണ്ഡൻതന്നെക്കണ്ട പത്മങ്ങളെന്നപോലെ

പാർത്ഥന്മാരുടെ മുഖമേറ്റവും തെളിഞ്ഞുതേ.

ശ്രോത്രവും കുളിർത്തിതങ്ങന്യോന്യസല്ലാപത്താൽ

വാസ്‌തവമായിട്ടുളള വാർത്തയും കേട്ടശേഷം

പാർത്ഥന്മാർ പാഞ്ചാലനും മത്സ്യനും മുകുന്ദനും

പേർത്തുമങ്ങോരോ കാര്യം പാർത്തുപാർത്തെല്ലാരുമാ-

യോർത്തു കല്പിച്ചാരിനിപ്പാർത്തിരിയാതെകണ്ടു

പാർത്തലംതന്നിൽ നമ്മെക്കൂറുളേളാരറിയണം

ബന്ധുഭൂപാലന്മാരോടവസ്ഥയറിയിപ്പാൻ

കുന്തീനന്ദനൻ ദൂതന്മാരെയുമയച്ചുതേ.

സന്തതം ചിന്തിപ്പവർസന്താപം കളയുന്ന

ബന്ധുവാം കൃഷ്‌ണൻ താനും ദ്വാരകയ്‌ക്കെഴുന്നളളി.

ഭഗവദ്വരണം

മാർത്താണ്ഡാത്മജസുതൻ തമ്പിമാരോടുംകൂടി-

പ്പേർത്തു ചിന്തിച്ചനേരം തോന്നീതങ്ങൊരു കാര്യം.

ധാർത്തരാഷ്‌ട്രന്മാരോടു പോർ തുടങ്ങുകിൽ കൃഷ്‌ണ-

മൂർത്തിയേ നമുക്കൊരു ബന്ധുവായ്‌ വരിക്കേണം.

ധാർത്തരാഷ്‌ട്രനുമോർത്താനക്കാലമിനിക്കിപ്പോൾ

പാർത്ഥന്മാരോടു യുദ്ധം വേണ്ടുകിൽ കൃഷ്ണൻതന്നെ-

പ്പാർത്തിരിയാതെ മുമ്പേ ബന്ധുവായ്‌ക്കൊൾകവേണം.

പാർത്ഥിവേന്ദ്രന്മാരോർത്തതറിഞ്ഞു കൃഷ്‌ണൻ മുമ്പേ

ധാർത്തരാഷ്‌ട്രനും വരും പാർത്ഥനും വരുമിപ്പോൾ

ആസ്ഥയാ പടയ്‌ക്കെന്നെക്കൊണ്ടുപോവതിനായി.

അർജ്ജുനൻ വരുംമുമ്പേ വന്നീടും സുയോധന-

നിജ്ജനത്തിനു കൂടെപ്പോകെന്നു വരുമല്ലോ.

ആചാരം മുമ്പിൽ ക്ഷണിക്കുന്നവരോടുകൂടി-

ബ്‌ഭോജനത്തിനും പ്രഥനത്തിനുമെന്നുണ്ടല്ലോ.

ഭക്തന്മാരുടെ മറുപുറത്തു പോകെന്നതു-

മെത്രയും മടിയാകുമതിനുണ്ടുപായവും.

മുമ്പിലേ സുയോധനൻ കണ്ടു ചൊല്ലരുതെന്നു-

യുമ്പർകോൻ നിദ്രാഗൃഹം പ്രാപിച്ചാനതുനേരം.

രാജസിംഹാസനവും തലയ്‌ക്കൽ വയ്‌പിച്ചുടൻ

വ്യാജനിദ്രയും പൂണ്ടു കിടന്നു ഭഗവാനും.

അന്നേരം നാഗദ്ധ്വജൻ വന്നു ചോദിച്ചാനല്ലോ

നിന്നൊരു കൃഷ്ണഭൃത്യന്മാരോടു കനിവോടെ

മാധവനെവിടത്തു ചൊല്ലുവിനെന്നനേരം

നാഥനും പളളിക്കുറുപ്പെന്നവരുരചെയ്താർ.

ധാർത്തരാഷ്‌ട്രനുമഹോ നിദ്രവേലയോ കൃഷ്‌ണ-

നോർത്തിരുന്നിതു മുമ്പേ ഞാനിതെന്നുരചെയ്താൻ.

എങ്കിലും നമുക്കങ്ങു ചെല്ലരുതെന്നില്ലല്ലോ

ശങ്കിതനല്ലല്ലോ ഞാനെന്നവനകംപുക്കാൻ.

ഞാനത്രേ മുൻപിൽ വന്നതെന്നതു വന്നുവല്ലോ

നൂനമെന്നോടുകൂടെപ്പോരികെന്നതേ വരൂ.

നിദ്രയ്‌ക്കു ഭംഗം വരുത്തീടരുതെന്നുകണ്ടു

ഭദ്രമാം സിംഹാസനം പുക്കിതു സുയോധനൻ.

അപ്പൊഴുതമരേന്ദ്രപുത്രനും വന്നാനല്ലോ

വിഭ്രമത്തോടു ചോദിച്ചീടിനാൻ ധനഞ്ജയൻഃ

ഉൾപ്പൂവിൽ വിളങ്ങുമെൻ ചിൽപ്പുമാനെങ്ങു ചൊൽവി-

നുല്പലേക്ഷണഭൃത്യന്മാരവനോടു ചൊന്നാർഃ

ലോകനായകൻ പളളിക്കുറുപ്പുകൊളളുന്നിതു

നാഗകേതനൻ പളളിയറയിലുണ്ടുതാനും.

എന്നതു കേട്ടു പളളിയറയിൽ പുക്കാൻ പാർത്ഥൻ

വന്ദിച്ചു തൃക്കാക്കൽ നിന്നീടിനാൻ ഭക്തിയോടേ.

ജൃംഭിതഭാവത്തോടേ മെല്ലവേയുണർന്നിട്ടു

ജംഭാരിപുത്രൻമുഖത്തുടനേ തൃക്കൺപാർത്തു.

വന്നിതോ ഭവാനഹോ! മുന്നമേ ഞാനോ നിദ്ര

വന്നതുകൊണ്ടു ബോധം മറന്നേനെന്നു നാഥൻ.

മന്ദഹാസവുംചെയ്‌തു മന്ദമായരുൾചെയ്‌തു

ഇന്ദ്രനന്ദനൻതാനും കണ്ണുകൊണ്ടുണർത്തിനാൻ.

ജ്യേഷ്‌ഠനുമനുജനും കൂടിയുളളതുനേരം

ജ്യേഷ്‌ഠനോടല്ലോ മുമ്പിലരുൾചെയ്യേണ്ടൂ നൂനം.

ഉപധാനത്തിന്മേൽ തൻ മുഴംകൈയൂന്നിത്തിരി-

ഞ്ഞുപപര്യങ്കം വാഴും നൃപനോടരുൾചെയ്‌താൻഃ

കഷ്‌ടം! ഞാനുറങ്ങിയാലേതുമൊന്നറിയുന്നീ-

ലൊട്ടു മുന്നമേ ഭവാൻ വന്നിതോ ശിവശിവ!

ഇഷ്‌ടന്മാരായുളളവർക്കുണർത്താമെന്നുണ്ടല്ലോ

ഒട്ടുമാകാഞ്ഞു ഭവാനിളക്കാതിരുന്നതും.

എത്രയുമഴകിനോടൊക്ക വന്നതുമിനി-

സ്നിഗ്‌ദ്ധന്മാരായ നിങ്ങൾ തമ്മിൽ കൈപിടിക്കണം.

അന്യോന്യമാശ്‌ളേഷംചെയ്‌തൊന്നിച്ചു വസിക്കണ-

മെന്നെല്ലാം നിനച്ചല്ലീ നിങ്ങളൊന്നിച്ചു വന്നു?

ഒന്നുമേയറിയാതെ ചൊന്നതെന്തെന്നു ഭാവി-

ച്ചന്നേരം ധൃതരാഷ്‌ട്രനന്ദനനുരചെയ്‌താൻഃ

വന്നതു പടയ്‌ക്കു പോരേണമെന്നതിനിപ്പോ-

ളെന്നോടുകൂടിപ്പോന്നേ മതിയാവിതു ഞാനോ

മുന്നേ വന്നിരിക്കുന്നതെന്നതു കേട്ടു നാഥൻ

മുന്നം ഞാൻ കണ്ടു പാർത്ഥൻതന്നെയെന്നറിയേണം.

മുന്നേ വന്നിതു ഭവാനെന്നതു നൂനമല്ലോ

എന്നതുകൊണ്ടു ഭേദമില്ലെനിക്കറിഞ്ഞാലും.

മന്നവന്മാരേ! ഞാനുണ്ടൊന്നു ചൊല്ലുന്നതിപ്പോ-

ളെന്നതു കേട്ടു ചിന്തിച്ചൊത്തതു ചെയ്‌ക നിങ്ങൾ.

മത്സരാദികളിനിക്കില്ലെന്നു സിദ്ധമല്ലോ

മത്സമന്മാരാം നാരായണഗോപാലന്മാരും

സേനാനിസമനായ സേനാനി ഭോജൻതാനും

സേനയുമൊരുത്തനും ഞാനേകനൊരുത്തനും

എല്ലാരുമൊക്കും നിങ്ങളെനിക്കു നൃപന്മാരേ!

നല്ലതുവരുവാനേ താൽപരിയവുമുളളു.

വല്ലവരോടുംകൂടിപ്പോരാമെന്നിരിക്കലു

വല്ലഭമോടു യുദ്ധംചെയ്‌ക ഞാനില്ലതാനും.

ചൊല്ലുവാനസംഖ്യമായുളെളാരു പടയുമു-

ണ്ടെല്ലാരും പോരുമവരൊരുത്തരോടുംകൂടി.

അമ്പോടു രണ്ടു ജനമൊരിക്കൽ വരിക്കുമ്പോൾ

മുമ്പിനാലിളയവൻ വേണമെന്നുണ്ടൂ ഞായം.

കല്യാണാലയനായ കാരുണ്യമൂർത്തിതന്നെ-

ക്കല്യാണം വരുമാറു കൈക്കൊണ്ടു ധനഞ്ജയൻ.

മല്ലാരി നിരായുധനെന്നോർത്തു സുയോധനൻ

ചൊല്ലിനാനെങ്കിൽ പടയെല്ലാമിന്നിനിക്കെന്നും

വല്ലവത്തരുണിമാർവല്ലഭൻ ചിരിച്ചുടൻ

നല്ല സാമർത്ഥ്യമിതു ചൊല്ലിയപോലെയെന്നാൻ.

ജിഷ്‌ണുനന്ദനനായ ജിഷ്‌ണുവിനോടുംകൂടി

വിഷ്‌ണു കൈവല്യമൂർത്തി വൃഷ്‌ണികൾകുലജാതൻ

കൃഷ്‌ണനുമെഴുന്നളളിദ്ധർമ്മജൻതന്നെക്കണ്ടു

കൃഷ്‌ണയും പാണ്ഡവരുമതിനാലാനന്ദിച്ചാർ.

ഗാന്ധാരീതനയനും ദൂതരെയയച്ചിതു

ബാന്ധവന്മാരായുളള മന്നവർനാടുതോറും.

ധർമ്മജാദികൾക്കെല്ലാമമ്മാമനായ ശല്യർ

ധർമ്മത്തിൽ പിഴയായ്‌വാൻ സമ്മതമല്ലെങ്കിലും

സമ്മതമില്ലാതോരു പന്നഗദ്ധ്വജനോടു

സമ്മാനം വാങ്ങുകയാൽ നൂറ്റുവർകൂട്ടത്തിലായ്‌.

ശല്യരും ധർമ്മസുതൻതന്നെക്കണ്ടുരചെയ്‌താൻഃ

വല്ലാതെ വൈരികൾക്കു ബന്ധുവായ്‌ ചമഞ്ഞു ഞാൻ

ചൊല്ലിക്കൊളളുക വരം വേണുന്നതിനിയെന്നാൻ.

ചൊല്ലിനാൻ മാദ്രേശനോടന്നേരം ധർമ്മാത്മജൻ

ഇല്ലൊരു ഖേദമിനിക്കൊന്നിനുമെന്നാകിലും

ചൊല്ലേറും കർണ്ണൻ വന്നു പാർത്ഥനോടെതിർക്കുമ്പോൾ

തേർവിടുന്നതിൽ ഭവാൻ കർണ്ണനെദ്ദുഷിച്ചു-

ടനാവോളം പറയണമെന്നതേ വേണ്ടതുളളു.

എങ്കിലങ്ങനെ തമ്മിലെന്നരുൾചെയ്‌ത ശല്യർ-

തൻകഴൽ കൂപ്പി യാത്രയയച്ചു ധർമ്മാത്മജൻ.

വിപ്രമാമുനി വേദവ്യാസനുമെഴുന്നളളി

വിഭ്രമം പോവാൻ ഭീഷ്‌മരാദികൾ കേൾക്കെച്ചൊന്നാൻഃ

അനർത്ഥം കളവാനായ്‌ നിനയ്‌ക്കയെല്ലാവരും

മനക്കാണ്‌പിതിലിപ്പോളെനിക്കുണ്ടൊന്നു തോന്നി

ധർമ്മചിത്തന്മാരായ ധർമ്മജാതികൾതമ്മെ

സമ്മാനിച്ചവർ നാടു പാതിയും കൊടുക്കിലേ

നന്മ വന്നീടും നാശം വന്നീടുമല്ലയായ്‌കി-

ലുന്മൂലനാശം വരും ധാർത്തരാഷ്‌ട്രന്മാർക്കെല്ലാം

ഇത്ഥം വ്യാസോക്തികേട്ടിട്ടപ്പൊഴേ ധൃതരാഷ്‌ട്ര-

പുത്രനുമർദ്ധരാജ്യം കൊടുക്കയില്ലയെന്നാൻ.

എന്നതുകേട്ടു മുനിശ്രേഷ്‌ഠനുമെഴുന്നളളി

വന്നീടുമത്രേ കർമ്മഫലമെന്നുറയ്‌ക്കയാൽ.

അക്കാലം ദ്രുപദോപാദ്ധ്യായനുമജാതശ-

ത്രുക്ഷിതീശാജ്ഞയാലേ ഹസ്തിനപുരംപുക്കാൻ.

മുഖ്യഭേദോക്തി ധൃതരാഷ്‌ട്രർ താനറിഞ്ഞിട്ടു

ധിക്കാരത്തോടു പറഞ്ഞയച്ചോരനന്തരം

പാഞ്ചാല പുരോഹിതൻ പാണ്ഡവന്മാരോടങ്ങേ-

വാഞ്ഞ്‌ഛിതങ്ങളും വൃത്താന്തങ്ങളുമറിയിച്ചാൻ

വിപ്രരെയപമാനംതുടങ്ങി ഭൂപേന്ദ്രനു-

മിപ്പൊഴുതധഃപതനത്തിനു കാലം വന്നു.

പാർത്തിരിയാതെ പടകൂട്ടുകേവേണ്ടൂ തവ

കീർത്തിയും ജയവുമുണ്ടായ്‌വരും നാടും കിട്ടും.

സുജ്ഞാനമുളളിലേറും യജ്ഞസേനോപാദ്ധ്യായൻ

വിജ്ഞാനി നൃപൻതന്നോടജ്ഞാനരഹിതമായ്‌

വാക്കുകളരുൾചെയ്‌തു കാലദേശാവസ്‌ഥയും

ഭാഗ്യകാലവും ജയലഗ്നവുമരുൾ ചെയ്‌തു.

Generated from archived content: mahabharatham4.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here