അഗ്രജൻ പോയതറിഞ്ഞൊരു വാസുകി
വ്യഗ്രിച്ചവരജന്മാരോടു ചൊല്ലിനാൻഃ
മാതൃശാപം തടുക്കാവല്ലൊരുത്തനും
ഭ്രാതാക്കളേയതല്ലോ നമുക്കായതും.
എന്നാലുമാപത്തു വന്നാൽ നിരൂപണ-
മെന്നിയേ മറ്റൊന്നുമാവതുമില്ലല്ലോ.
ആർക്കുമസാദ്ധ്യമായില്ലൊരുകാര്യവു-
മോർക്ക വിവേകമുണ്ടെന്നുവരുന്നാകിൽ.
നല്ലതിനിയെന്തിതിനെന്നു സന്തത-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം.
ശാപബലംകൊണ്ടു വംശം മുടിച്ചിടും
ഭൂപൻ ജനമേജയൻതൻ മഹാക്രതു.
നാമതു ചെന്നു മുടക്കേണമെങ്കിലേ
കാമം വരൂ നമുക്കെന്നതു നിർണ്ണയം.
അന്തണരായ് ചെന്നപേക്ഷിച്ചു യാഗത്തി-
നന്തരം നാം വരുത്തീടുകെന്നു ചിലർ.
മന്ത്രികളായ് ചെന്നു സേവിച്ചു പുക്കു നാം
ചിന്തിക്കരുതെന്നു ചൊല്ലുകെന്നു ചിലർ.
ബ്രാഹ്‌മണരിക്രിയ ചെയ്യുന്നതാകയാൽ
ബ്രാഹ്‌മണരായ് ചെന്നു ശാലയിൽ പുക്കു നാം.
ധാർമ്മികന്മാരായ് ക്രിയയ്‌ക്കു കൂടെക്കൂടി-
ബ്രാഹ്‌മണരെക്കടിച്ചാശു കൊന്നീടുക.
മന്നവൻതന്നെയും പിന്നെക്കടിച്ചുകൊ-
ന്നൊന്നേ സുഖമേ വസിക്ക നാമെല്ലാരും.
ഭൂദേവന്മാരെ വധിക്കരുതെന്നുമേ
ഖേദമെന്നാലൊരുനാളുമൊടുങ്ങുമോ?
ശാപഭയപരിഹാരം വരുത്തുവാൻ
പാപകരങ്ങളായുളളവ നന്നല്ല.
അഗ്നിശമനത്തിനഗ്നി നന്നല്ലല്ലോ
മഗ്നമാക്കേണം ജലത്തിലതേ നല്ലൂ.
എങ്കിൽ ജനമേജയനാം നരപതി
ശങ്കാവിഹീനം ജലക്രീഡചെയ്യുമ്പോൾ
കൊണ്ടുപോകേണം നാം പാതാളലോകത്തു
കണ്ടുകൊളളാം പിന്നെ യാഗവുമന്നേരം.
വേർപിരിഞ്ഞാൽ മരം കായ്‌ക്കയില്ലെന്നതി-
കോപികളാം ചില ഭോഗികൾ ചൊല്ലിനാർ.
കല്പാന്തജീമൂതകല്പവപുസ്സൊടു-
മബ്‌ധികളേഴുമലറുന്നതുപോലെ
ദിഗ്‌ഭ്രമമാംവണ്ണമഭ്രം നിറഞ്ഞു നാ-
മഭ്രനാദഭ്രമമുത്ഭവിപ്പിച്ചുകൊ-
ണ്ടത്ഭുതാകാരം വരിഷിച്ചു പാവകൻ-
ദീപ്തി കെടുത്തുടൻ തൽപ്രദേശം വിഷ-
വ്യാപ്തമാക്കേണമെന്നാൽ മുടങ്ങും മഖം.
സർപ്പപ്രവരന്മാർ നാനാവിധം മത-
മിപ്രകാരങ്ങൾ പറഞ്ഞോരനന്തരം
വാസുകിയാകിയ നാഗാധിപൻ ചൊന്നാ-
നാസുരമായ മതമിവയൊക്കവേ.
എല്ലാവരുമൊത്തിനിയും നിരൂപിക്ക
നല്ലതു തോന്നീടുവോളമെന്നേവേണ്ടൂ.
ചേർന്നീലിനിക്കിവയൊന്നുമാപത്തിങ്കൽ
തോന്നുകയില്ലല്ലോ നല്ലതൊരുവനും.
കാലാനുരൂപമായുളള വിവേകവും
കാലാരിയോടു പൊളിപറഞ്ഞാൻ വിധി
വേലയത്രേ വിവേകം വിനാശത്തിങ്കൽ
മാലൊഴിപ്പാൻ നിരൂപിപ്പിനിന്നു നിങ്ങൾ.
ഇങ്ങനെ വാസുകി ചൊന്നൊരു വാക്കുകൾ
മംഗലമാമ്മാറു കേട്ടോരനന്തരം
ഏലാപത്രൻ തൊഴുതൊന്നു ചൊല്ലീടിനാ-
നേലാ പലർക്കുമിതെങ്കിലും കേൾക്കണം.
വ്യാധിയറിഞ്ഞു വേണം ചികിത്സിപ്പതി-
നേതൊരു വൈദ്യനുമെന്നു ധരിക്കണം.
അമ്മ കോപംപൂണ്ടു നമ്മെ ശപിച്ചനാൾ
നിർമ്മലന്മാരായ ദേവകളെല്ലാരും
അംഭോജസംഭവൻ തന്നോടു ചോദിച്ചാർ.
തമ്പുരാനേ! തിരുവുളളത്തിലേറീലേ
കദ്രുശാപംകൊണ്ടു നാഗകുലമെല്ലാ-
മഗ്നിയിൽവീണൊടുങ്ങീടും ദയാനിധേ!
സൃഷ്‌ടിച്ച ജന്തുക്കളിൽ ചിലതിങ്ങനെ
നഷ്‌ടമായ്പോവതൊഴിച്ചരുളേണമേ!
എന്നതു കേട്ടരുൾചെയ്‌തു കമലജ-
നിന്നറിയാഞ്ഞടങ്ങീടുകയല്ല ഞാൻ.
ദുഷ്‌ടർ കടിച്ചുകൊന്നീടും പലരെയു-
മൊട്ടൊടുങ്ങേണമെന്നിട്ടുതന്നേയതും.
ശിഷ്‌ടരായുളേളാർ മരിക്കയുമില്ലതിൽ
ദിഷ്‌ടമെന്തെന്നുചൊല്ലാം വിബുധന്മാരേ!
ആര്യകുലവരജാതൻ ജരല്‌ക്കാരു
ഭാര്യയവനു ജരല്‌ക്കാരുവായ്‌വരും.
അറ്റമില്ലാത ഗുണങ്ങളോടുമവൾ
പെറ്റുടനുണ്ടാകുമസ്തികനാം മുനി
അക്ഷികർണ്ണാന്വയരക്ഷവരുത്തുവാൻ
ദക്ഷനവനെന്നറികമരന്മാരേ!
വാനവരോടജനിങ്ങനെ ചൊന്നതു
ഞാനറിഞ്ഞേനിനി വേണ്ടതു വൈകാതെ.
സോദരിയായ ജരല്‌ക്കാരുനാരിയെ-
സ്സാദരം നൽകൂ ജരല്‌ക്കാരുവിന്നെടോ.
എന്നിതേലാപത്രവാക്യങ്ങൾ കേൾക്കയാൽ
നന്ദിതന്മാരായ് ചമഞ്ഞിതു നാഗങ്ങൾ.
വാസുകി പണ്ടു പാലാഴി കടഞ്ഞനാൾ
പാശമായാനെന്ന ബന്ധുത്വമോർത്തിട്ടു
നാശമവനു വരായ്‌വാനമരന്മാ-
രാശു വിധിമതം ചൊന്നാരവനോടു.
ശൗനകൻ സൂതനോടപ്പോളരുൾചെയ്തി-
താനന്ദമുണ്ടു നിൻ വാക്കു കേൾക്കുന്തോറും.
എന്തു ജരല്‌ക്കാരുനാമത്തിനർത്ഥമെ-
ന്നന്തർമ്മുദാ പറഞ്ഞീടുക സൂത! നീ.
ഭീഷണമായ ശരീരം ദിനംപ്രതി
ശോഷണംചെയ്യും തപസാ പുനരവൻ
കാരണം പേരതിനെന്നു വരുമെന്നു
സാരനാം സൂതൻ പറഞ്ഞോരനന്തരം.
Generated from archived content: mahabharatham39.html Author: ezhuthachan