സർപ്പങ്ങളുടെ പേരും പ്രകൃതവും

സൂതനീവണ്ണം പറഞ്ഞതു കേട്ടതി-

മോദം കലർന്നൊരു ശൗനകൻ ചോദിച്ചു.

കദ്രുവിനാദിയിലുണ്ടായ പുത്രന്മാ-

രെത്രയുണ്ടെന്നുമവരുടെ നാമവും

ഭദ്രമതേ! സൂത! കേൾക്കയിലാഗ്രഹ-

മെത്രയുമുണ്ടതു ചൊല്ലുകിൽ നന്നെടോ!

ചൊല്ലുവാനാവതല്ലേതുമേ സംഖ്യയു-

മില്ലവർക്കാകയാലൊന്നു കേട്ടീടുവിൻ.

നൂറുനൂറായിരത്തിൽ പുറം പിന്നെയു-

മേറെയുണ്ടുളളതതിൽ പ്രധാനന്മാരിൽ

ആറേഴുപേരുടെ നാമങ്ങൾ ചൊല്ലുവൻ

കൂറീടുവാൻ പണിയുണ്ടു മറ്റൊക്കവേ.

മുൻപിലനന്തരം വാസുകി തക്ഷകൻ

വൻപനാം കാർക്കോടകൻ മഹാപത്മനും

പത്മനും ശംഖപാലാഖ്യൻ നഹുഷനും

കാളിയനൈരാവതൻ മണിനാഗനും

പിംഗലൻ ഹേമഗുഹൻ ശിഖി മുൽഗരൻ

നല്ല ദധിമുഖൻതാനും മനോമുഖൻ

നിർമ്മലൻ പിണ്ഡുകനും കുമുദാക്ഷനും

സംവൃത്തനും വൃത്തനും ഗജപാദനും

ശംഖനഖനജനേശ്വരൻ പാണ്ഡരൻ

പുഷ്‌കരൻ ഭീഷണൻ കൗരവൻ ശമ്യകൻ

ശ്രീവഹൻ പുഷ്‌കലനും ധൃതരാഷ്‌ട്രനും

മൂഷികഭക്ഷൻ സുബാഹു ഹരിദ്രകൻ

ശംഖശിരസ്സും മഹാപുഷ്‌പദംഷ്‌ട്രനും

കുഞ്ജരൻ പീഠരകൻ ഗജഭദ്രനും

കുണ്ഡോദരൻ കോണനാസൻ മഹോദരൻ

വീരൻ പ്രഭാകരൻ ചാരു വിഷായുധൻ

ഘോരമുഖരനെന്നിത്യാദി നാഗങ്ങ-

ളറ്റമില്ലാതോളമുണ്ടവർ സന്തതി.

കുറ്റമില്ലാതവരും ചിലരുണ്ടതിൽ.

ആയിരമെണ്ണൂറുമഞ്ഞൂറും മുന്നൂറു-

മേഴഞ്ചു മൂന്നൊന്നുമായ തലയുളേളാർ.

ആയുസ്സിനും ഭേദമുണ്ടിവർക്കെല്ലാർക്കു-

മായതനങ്ങളും വേറുണ്ടു നിർണ്ണയം.

അന്തരീക്ഷസ്വർഗ്ഗഭൂമി പാതാളങ്ങൾ

സിന്ധുവനഗിരിവൃക്ഷാദികളിലും

നിത്യസുഖത്തോടിരിക്കുന്നവർകളിൽ

തത്വബോധാദിയുമുണ്ടു ചിലർക്കെല്ലാം

എന്നിതു സൂതൻ പറഞ്ഞോരനന്തരം

പിന്നെയും ശൗനകമാമുനി ചോദിച്ചു.

അഗ്നിയിൽ വീണു ചാകെന്നു നാഗങ്ങളെ-

ക്കദ്രു ശപിച്ചോരനന്തരമെന്തവർ

ചെയ്തതെന്നമ്മുനി ചോദിച്ചതു കേട്ടു

കൈതൊഴുതാദരവോടു ചൊല്ലീടിനാൻഃ

അനന്തന്റെ തപസ്സ്‌

ശാന്തനായുളേളാരനന്തനനന്തരം

ശാന്തതയൊട്ടുമില്ലാതെ ധാതാവിനെ

ചിന്തിച്ചു പോയിത്തപസ്സു തുടങ്ങിനാൻ

ബന്ധമോക്ഷപ്രഭേദാവലോകാത്മനാ.

പുണ്യദേശം ഗന്ധമാദനം പ്രാപിച്ചു

നിന്നു തപസ്സോടനേകായിരത്താണ്ട്‌.

പിന്നെയവ്വണ്ണം ബദര്യാശ്രമത്തിങ്കൽ

ചെന്നു സുഖേന തപസ്സുചെയ്താൻ ചിരം.

പുക്കിതു ഗോകർണ്ണമൊട്ടുനാൾ പിന്നെയും

പുഷ്‌കരാരണ്യം പ്രവേശിച്ചിതു പിന്നെ.

ദുഃഖമകന്നു ഹിമാചലത്തിങ്കലു-

മുൾക്കാമ്പുറച്ചു തപസ്സു ചെയ്താൻ തുലോം.

നന്ദിച്ചെഴുന്നരുളീ ചതുരാസ്യനും

വന്ദിച്ചു കൂപ്പി സ്തുതിച്ചാനനന്തനും

വ്യഗ്രിക്കവേണ്ടാ വരംതരുന്നുണ്ടു ഞാ-

നുഗ്രമായുളള തപസ്സിനി നിർത്തുക.

ലോകത്രയതിനു ചൂടുപിടിച്ചിതു

ഭോഗിപ്രവര! തപോബലം കൊണ്ടു തേ.

നിർമ്മലനാകുമനന്തനതുനേരം

ബ്രഹ്‌മാവിനെത്തൊഴുതാശു ചൊല്ലീടിനാൻ

വൈരം വിനതയോടും ഗരുഡാത്മനൊടും

പാരമുണ്ടമ്മയ്‌ക്കും ഭ്രാതൃജനങ്ങൾക്കും.

അമ്മയ്‌ക്കുമെന്നനുജന്മാർക്കുമുളെളാരു-

ദുർമമതി കണ്ടു സഹിയാഞ്ഞവരോടും

ഒന്നിച്ചിരിപ്പാനരുതെന്നു കല്പിച്ചു

നിന്നു തപസ്സൊടും ദേഹത്യാഗംചെയ്‌വൻ.

എല്ലാമറിഞ്ഞിരിക്കുന്നിതു ഞാനെടോ!

ചെല്ലാ നിനക്കധർമ്മത്തിങ്കൽ മാനസം.

ഭൂതലമൊക്കവേ നീ ധരിച്ചീടുക

ഭൂധരനും പ്രിയനായ്‌ വരികാശു നീ.

പക്ഷീന്ദ്രനും നീയുമൊന്നിച്ചിരിക്കണം

ലക്ഷ്‌മീപതികലാംശോത്ഭവന്മാർ നിങ്ങൾ

ശേഷിയാതേ മമാണ്ഡം ദഹിക്കുമ്പൊഴും

ശേഷിക്ക നീയെന്നനുഗ്രഹിച്ചീടിനാൻ.

ശേഷനും പാതാളലോകമകംപുക്ക-

ശേഷം തെളിഞ്ഞിതു ലോകങ്ങളുമെല്ലാം.

Generated from archived content: mahabharatham38.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here