അംഭോജസംഭവപുത്രൻ മരീചിക്കു
സംഭൂതനായൊരു കാശ്യപതാപസൻ
മുമ്പൊരു യാഗം തുടങ്ങിയതിന്നായി-
ട്ടുമ്പരെല്ലാരും തുണച്ചാർ വഴിപോലെ
ജംഭാരിതന്നെസ്സമിദാഹരണാർത്ഥം
മുമ്പിൽ നടന്നു വഴിയേ നിലിമ്പരും.
ഉമ്പരിൽ മുമ്പനാം വമ്പൻ ശതമഖൻ
മുമ്പിൽ ചമതയുംകൊണ്ടു വരുന്നേരം
അംഗുഷ്‌ഠമാത്രശരീരികളാകിയ
മംഗലന്മാരാം മരീചിപതാപസർ.
എല്ലാരുമായ് ചെറിയോരു ചമതക്കോ-
ലല്ലൽ മുഴുത്തു പൂണെല്ലു നുറുങ്ങുമാ-
റെത്രയും വീർത്തുചീർത്താർത്ത്യാ വരുന്നേര-
മുത്തമന്മാർക്കൊരു സങ്കടമുണ്ടായി.
പദ്ധതിതന്നുടെ മദ്ധ്യേ ഭവിച്ചിതൊ-
രബ്ധിയതായതെന്തെന്നു ചൊല്ലേണമോ.
കറ്റുകുളമ്പിലെ വെളളമതിൽ വീണു
പറ്റിപ്പിടിച്ചുഴന്നാഴുന്നതു നേരം
ചെറ്റു പരിഹസിച്ചോടിക്കടന്നുപോയ്
കുറ്റമുണ്ടെന്നിതോരാതെ മഹേന്ദ്രനും.
പാരം പരിഹസിച്ചീടുന്നവർകൾക്കു
ഘോരനരകമെന്നുണ്ടു വേദോക്തികൾ.
എന്നതിലും ദ്വിജന്മാരെപ്പരിഹസി-
ക്കുന്നതിനെത്ര നരകം ഭുജിക്കണം.
ആകയാലിന്ദ്രനിവനല്ലിനിയെന്നു
ഭാഗവതന്മാർ തപസ്സു തുടങ്ങിനാർ.
ഭീതിപൂണ്ടിന്ദ്രനും കാശ്യപൻതന്നോടു
ഖേദംകലർന്നു പറഞ്ഞതു കേൾക്കയാൽ.
താപസന്മാരെ വിളിച്ചരുളിച്ചെയ്തു
താപം മഹേന്ദ്രനു പോക്കുവാൻ കാശ്യപൻ.
നീക്കം വരുത്തരുതിന്ദ്രനെ നിർണ്ണയം
നീക്കം വരാ നിങ്ങൾ ചിന്തിച്ചതുമോർത്താൽ.
പക്ഷീന്ദ്രനായിട്ടൊരുവനുണ്ടാമവൻ
ശക്രപ്രതാപം കെടുക്കുമറിഞ്ഞാലും.
പാരം പ്രഭുത്വമുണ്ടെന്നങ്ങിരിക്കിലു-
മാരും കൃശന്മാരെ നിന്ദിയായ്‌കെന്നതും
കാശ്യപൻ വാസവനോടു ചൊല്ലീടിനാൻ
കാശ്യപപുത്രചരിത്രമിനിച്ചൊല്ലാംഃ
Generated from archived content: mahabharatham36.html Author: ezhuthachan