ഉർവ്വീതലങ്ങൾ കുലുക്കിപ്പൊടിയാർപ്പി-
ച്ചുർവ്വിയുമാകാശവുമൊരുമിപ്പിച്ചു.
ഗർവ്വം കലർന്നു നിഷാദന്മാർ വാഴുന്ന
ദർവ്വീകരാലയമെല്ലാമിളക്കിനാൻ.
വിത്രസ്തരായ നിഷാദകുലമെല്ലാം
വിസ്‌തൃതമായൊരു വക്ത്രത്തിലാക്കിനാൻ
എത്രയും ചുട്ടുതുടങ്ങീ ഗളതലം
ചിത്തേ നിരൂപിച്ചു മാതൃവചനവും.
വിപ്രനുംകൂടെയകപ്പെട്ടിതെന്നതു
കല്പിച്ചു ചൊന്നാൻ ഗരുഡനുമന്നേരം.
ബുദ്ധിപൂർവ്വം നിന്നെ കൊത്തുകയല്ല ഞാ-
നത്തൽകൂടാതെ പുറത്തു പോന്നീടുക.
സത്യധർമ്മാദികൾക്കാധാരഭൂതന്മാ-
രുത്തമന്മാരായ ഭൂദേവന്മാരത്രേ.
ഇത്ഥം ഗരുഡൻ പറഞ്ഞതുകേട്ടൊരു
പൃഥ്വീസുരോത്തമനുത്തരം ചൊല്ലിനാൻ.
നിർമ്മല! പക്ഷീന്ദ്ര! ധർമ്മപരായണ!
മന്മനോവാഞ്ഞ്‌ഛിതം ചൊല്ലുവൻ കേൾക്ക നീ.
ഉണ്ടൊരു ഭാര്യ നിഷാദിയവളെയും
കൊണ്ടുപോകേണമെനിക്കെന്നറിക നീ.
കൊണ്ടുപോന്നാലുമെന്നാനനത്തൂടെ നീ-
യുണ്ടാകയില്ല വിഷമമതിനേതും.
ആശു പുറത്തവളോടും പുറപ്പെട്ടാ-
നാശീർവ്വാദങ്ങളും ചെയ്‌തു ഗരുഡനും.
പോയാൻ ദ്വിജവരൻ പിന്നെ ഗരുഡനും
പോയാൻ പിതാവിനെക്കണ്ടു വണങ്ങുവാൻ.
പൈദാഹമേതുമടങ്ങീല നിന്നുടെ
പൈതലായീടുമിനിക്കു തപോനിധേ!
കാശ്യപനോടവനിങ്ങനെ ചൊന്നപ്പോ-
ളാശ്ചര്യമുൾക്കൊണ്ടവനുമുരചെയ്താൻ.
മുന്നംവിഭാവസുവായ മുനിയോടു
തന്നുടെ സോദരൻ മത്സരിച്ചാനല്ലോ.
ജ്യേഷ്‌ഠാംശമേ ഭാവനുളളു പകുത്തു ക-
നിഷ്‌ഠാംശമിങ്ങു തരേണമെന്നാനവൻ.
നന്നല്ല നീ ഗൃഹച്ഛിദ്രം തുടങ്ങുന്ന-
തെന്നാൽ നശിച്ചുപോമിന്നടങ്ങീടു നീ.
എന്നു വിഭാവസു ചൊന്നതു കേളാതെ
പിന്നെയുമേറെ നിർബ്ബന്ധം തുടങ്ങിനാൻ.
അന്നു ശപിച്ചതു നീ ഗജമായ് പോക-
യെന്നു വിഭാവസു സോദരൻ തന്നെയും
ജ്യേഷ്‌ഠനെക്കൂടെശ്ശപിച്ചാനനുജനും
ദുഷ്‌ടഭാവാലൊരു കൂർമ്മമായ് പോക നീ.
സുപ്രതീകൻ ഗജമായ് ചമഞ്ഞീടിനാ-
നപ്പോൾ വിഭാവസു കൂർമ്മമായീടിനാൻ.
അന്യോന്യശാപവുമേറ്റിട്ടിരുവരു-
മിന്നും സരസ്സിങ്കലുണ്ടു കിടക്കുന്നു.
ചെന്നു കൊത്തിക്കൊണ്ടു പോന്നിനി വൈകാതെ
തിന്നാലുമങ്ങൊരുദേശത്തു കൊണ്ടുപോയ്.
വാനോർപുരിപുക്കു പീയൂഷവും കൊണ്ടു
മാനമോടേ വരികെന്നാൻ ജനകനും.
വന്ദിച്ചതിനു നടന്നാൻ ഗരുഡനും
മന്ദേതരം ചെന്ന നേരത്തു കാണായി.
ആമതൻ വട്ടമൊരു ദശയോജന-
യാണതിൻ പൊക്കമോ മൂന്നല്ലോ യോജന
ദ്വാദശയോജന നീളമുണ്ടാനയും
മേദുരമായിടം പാതിയുമുണ്ടല്ലോ.
രണ്ടുമെടുത്തു പറന്നൊരു ദിക്കിനു
കുണ്‌ഠതയെന്നിയേ ചെന്നൊരു നേരത്തു
കണ്ടാനമരമരങ്ങൾ നില്‌ക്കുന്നതു-
മുണ്ടതിൽ നല്ല വടമരമുന്നതം.
വിസ്താരമുണ്ടു ശതയോജനവഴി
പത്രപ്രവാളശാഖാഢ്യം മനോഹരം.
വൃക്ഷപ്രവരശാഖാന്തരേ വെച്ചിതു
ഭക്ഷിക്കാമെന്നു നിനച്ചു തെളിവൊടേ.
പക്ഷപുടങ്ങൾ കുലുക്കിക്കുതംകൊണ്ടു
പക്ഷീശ്വരൻ ചെന്നിരുന്നൊരുനേരത്തു
കോടരപാടനമുണ്ടായതുമൂല-
മാടൽതേടീടിനാനുണ്ടതിന്മേൽ ചില
താപസേന്ദ്രന്മാരറുപതിനായിരം
താപമവർക്കു വരുമതു വീഴുകിൽ.
കോപവും മാംപ്രതി വർദ്ധിക്കുമന്നേരം
ശാപവുമേറ്റീടുമെന്നു ഭയപ്പെട്ടാൻ.
പത്രിപ്രവരനുപായം നിരൂപിച്ചു
കൊത്തിയെടുത്താനടന്നൊരു കൊമ്പതും-
കൊണ്ടു ജനകനിരിക്കുമിടം പുക്കാൻ
കണ്ടിതു നന്ദനൻസങ്കടം കാശ്യപൻ.
ദണ്ഡമെന്തുണ്ണീ! പരിഭ്രമം തീർക്കെന്നു
പണ്ഡിതൻ താപസന്മാരെയിറക്കിനാൻ.
ജന്തുക്കളില്ലാത്ത ദേശമരുൾചെയ്‌ക
ചിന്തിച്ചിതിന്റെ പതനം വരുത്തുവാൻ.
നൂറായിരം യോജന വഴി ചെല്ലുമ്പോ-
ളാരുമില്ലാത ഗിരിയുണ്ടവിടെയാം.
തത്ര കൊണ്ടക്കളഞ്ഞാനയുമാമയും
ക്ഷുത്തടക്കീടുവാൻ ഭക്ഷിച്ചനന്തരം.
ദേവലോകം പുക്കമൃതെടുത്തീടുവാൻ
ഭാവിച്ചിതു പവനാശനനാശനൻ.
Generated from archived content: mahabharatham34.html Author: ezhuthachan