പാലാഴിമഥനം

വിദ്യാധരസ്‌ത്രീകൾ ദിവ്യപുഷ്പംകൊണ്ടു

ഹൃദ്യമായുളെളാരു മാല്യം ചമച്ചതും.

ശർവ്വാംശസംഭൂതനായ മുനീന്ദ്രനാം

ദുർവ്വാസാവിന്നു കൊടുത്തവരും പോയാർ.

സംഭോഗസാധനമായുളള മാല്യത്തെ

ജംഭവൈരിക്കു കൊടുത്തു മുനീന്ദ്രനും

ദന്താവളേശ്വരസ്‌കന്ധോപരി വച്ചു

കുന്തളം ചിക്കിയുലർത്തുന്നനേരത്തു

ഹസ്തീന്ദ്രമസ്തകന്യസ്തമല്യാമോദ

മത്തഭൃംഗസ്തോമവിത്രസ്തനേത്രനാം

മത്തദ്വിപേന്ദ്രനെടുത്തു മർദ്ദിക്കയാൽ

ക്രൂദ്ധനാം മാമുനി ശാപവും നല്‌കിനാൻ.

വൃത്രാരിമുഖ്യത്രിദശകുലത്തെയും

വൃദ്ധന്മാരായ്‌ വിരൂപന്മാരായ്പോകെന്നു

ഇന്നുതുടങ്ങിജ്ജരാനരയുണ്ടാക-

യെന്നതു കേട്ടു ഭയേന മഹേന്ദ്രനും

വന്ദിച്ചു ശാപമോക്ഷത്തെയപേക്ഷിച്ചാൻ

നന്ദിച്ചു താപസേന്ദ്രൻ വരവും നല്‌കി.

ക്ഷീരാർണ്ണവം മഥനം ചെയ്‌തു പീയൂഷ-

സാരം നുകർന്നാൽ ജരാനര തീർന്നുപോം.

ഇന്ദ്രാദിവൃന്ദാരകന്മാരരവിന്ദ-

മന്ദിരനോടറിയിച്ചിതു സങ്കടം.

ചന്ദ്രക്കലാധരൻതന്നോടുണർത്തിക്ക

മന്ദേതരം ചെന്നു നാമെന്നു നാന്മുഖൻ.

കൈലാസ വാസിയെച്ചെന്നു പുകണ്ണിതു

ശൈലാത്മജാപതിതാനുമതുനേരം.

നിർജ്ജരന്മാരുടെ സങ്കടം കണ്ടാശു

സജ്ജ്വരമാനസനായ്‌പ്പുറപ്പെട്ടുടൻ.

നാരായണനോടുണർത്തിക്ക വൈകാതെ

സാരസലോചനൻ താപം കളഞ്ഞിടും.

എന്നു കല്പിച്ചവരൊന്നിച്ചുചെന്നുടൻ

നന്നായ്‌ സ്തുതിച്ചാർ മുകുന്ദനെയന്നേരം.

പളളിക്കുറുപ്പുണർന്നാശു മുകുന്ദനു-

മല്ലൽ പോമ്മാറു തെളിഞ്ഞരുളിച്ചെയ്‌തുഃ

ദേവാസുരന്മാരൊരുമിക്ക വൈകാതെ

കേവലം മത്തിനു മന്ദരംപർവ്വതം.

പാശമാക്കിക്കൊൾക വാസുകിതന്നെയു-

മാശു മഥനം തുടങ്ങുകയെന്നപ്പോൾ.

നാഥനരുൾചെയ്തവണ്ണമൊരുമിച്ചു

പാഥോനിധിമഥനം ചെയ്തനന്തരം.

ജാതങ്ങളായുളള ദിവ്യപദാർത്ഥങ്ങ-

ളാദരവോടു യഥോചിതം കൈക്കൊണ്ടാർ.

എന്നതിലുച്ചൈശ്രവസ്സാം കുതിരയെ

വൃന്ദാരകേന്ദ്രൻ പരിഗ്രഹിച്ചീടിനാൻ.

ക്ഷീരാംബുരാശിയിൽനിന്നു ജനിച്ചൊരു-

ചാരു തുരഗമാമുച്ചൈശ്രവസ്സിനു

നേരേ നിറമെന്തു ചൊല്ലുകെന്നാൾ കദ്രു

പാരംവെളുത്തെന്നു ചൊന്നാൾ വിനതയും.

എന്നാലൊരു മറുവില്ലെന്നതു വരാ

നിർണ്ണയം വാലധിക്കെന്നിതു കദ്രുവും.

ഇല്ലാ മറുവതിനെന്നു വിനതയും

ചൊല്ലിനാളേതുമേ സംശയംകൂടാതെ.

എങ്കിൽ ഞാൻ നിന്നുടെ ദാസിയായ്‌വാഴുവൻ

ശങ്കയൊഴിഞ്ഞെന്നു ചൊല്ലിനാൾ കദ്രുവും.

ഉണ്ടു കളങ്കമെന്നാകിൽ നിൻ ദാസിയായ്‌

കൊണ്ടാലുമെന്നെയുമെന്നു വിനതയും.

കോളെ വിഷാദമൊഴിഞ്ഞിങ്ങടങ്ങുക

നാളെ നോക്കാമെന്നു ചൊല്ലിനാൾ കദ്രുവും.

പിന്നെസ്സുതരോടു വെവ്വേറെ ചൊല്ലിനാ-

ളൊന്നുണ്ടു ചെയ്യേണ്ടു നിങ്ങളെന്മക്കളേ!

ഉച്ചൈശ്രവസ്സാം കുതിരതൻ വാലൂടെ

നിഞ്ചലമായൊരു രോമമായുൾപ്പുക്കു

നിങ്ങളിലേകനൊരഞ്ജനവർണ്ണത്തെ-

ത്തിങ്ങിവിളങ്ങി വാലിന്മേൽ കിടക്കണം.

ഞങ്ങൾക്കരുതെന്നു ചൊന്നാരവർകളും

മംഗലമല്ല ചതിക്കരുതാരെയും.

ഞങ്ങൾക്കു വേറില്ല നിങ്ങളിരുവരും

നിങ്ങൾ തീയിൽ വീണു ചാകെന്നാളമ്മയും

ശാപഭയംകൊണ്ടതിലൊരുവൻ ചെന്നു

ശോഭതേടീടും കളങ്കമായ്മേവിനാൻ.

പിറ്റേന്നാൾ ചെന്നവർ നോക്കുന്നനേരത്തു

കുറ്റമുളേളാരു കളങ്കമുണ്ടാകയാൽ.

ഹാസ്യഭാവേന നിന്നീടിനാൾ കദ്രുവും

ദാസ്യഭാവംപൂണ്ടു വാണൂ വിനതയും.

ആസുരമാനസയാകിയ കദ്രുവാ-

ലാതുരമാനസയായാൾ വിനതയും.

മാതുരാഗസ്സും തെളിഞ്ഞതില്ലേതുമേ

മാതരിശ്വാശനേന്ദ്രോത്തമന്മാർക്കുളളിൽ.

മാധുര്യ ശീലയായുളള വിനതയും

ചാതുര്യമുളെളാരു കാദ്രവേയന്മാരെ

സോദരഭാവം വളർത്താരവർകളും

ഭേദഹീനം വസിച്ചാർ പലകാലവും.

അഞ്ഞൂറുവത്സരമിങ്ങനെ ചെന്നനാ-

ളഞ്ജസാ ഭിന്നമായീ വിനതാണ്ഡവും.

കല്പാന്തപാവകനെന്നമരൗഘവും

കല്പിച്ചു ഭീത്യാ മുനിവരന്മാരുമായ്‌.

ആശ്രയമെന്തു ലോകത്തിനെന്നോർത്തവ-

രാശ്രയാശസ്തുതിചെയ്താർ പലതരം.

മൽപ്രഭയല്ലാ ഭയപ്പെടായ്‌വിൻ ഗരു-

ഡപ്രഭയെന്നരുൾചെയ്തിതു വഹ്നിയും.

അപ്പോൾ മുനികളും ദേവസമൂഹവു-

മത്ഭുതംപൂണ്ടു ഗരുഡസ്തുതിചെയ്താർഃ

വേദത്രയമോടു ദേവത്രയമതും

നാമത്രയവും പദത്രയവും നീയേ!

നാമത്രയവും വർണ്ണത്രയവും നീയേ!

ജ്യോതിസ്‌ത്രയവുമഗ്നിത്രയവും നീയേ!

ശക്തിത്രയവും ഗുണത്രയവും നീയേ!

ഭൂക്തിമുക്തിപ്രദ യുക്തഭക്തപ്രിയ!

ലോകത്രയത്തിനു ശോകത്രയം തീർക്ക

വേഗപ്രഭാനിധേ പക്ഷികുലോത്തമ!

Generated from archived content: mahabharatham32.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English