സൂതവാക്യം കേട്ടു മോദേന ശൗനക-
നാദരവോടു നാഗോല്പത്തി ചൊല്‌കെന്നാൻ.
ആശ്ചര്യമക്കഥ കേൾപ്പിൻ ചുരുക്കമായ്.
കാശ്യപനാകും പ്രജാപതി സാദരം
ഭദ്രശീലാംഗിമാരായുളള ഭാര്യമാർ
കദ്രുവിനോടും വിനതയോടും ചൊന്നാൻ.
ഭർത്ത്‌റുശുശ്രൂഷണശിക്ഷയും ശീലവും
ചിത്തവിശുദ്ധിയും കണ്ടു തെളിഞ്ഞു ഞാൻ.
വാഞ്ഞ്‌ഛിതമായതു ചൊല്ലുവിൻ നിങ്ങൾക്കു
ചാഞ്ചല്യമെന്യേ വരം തരുന്നുണ്ടു ഞാൻ.
അന്തമില്ലാതൊരു വീര്യബലമുളള
സന്തതിനാഗസഹസ്രമുണ്ടാകണം.
എന്നു വരിച്ചിതു കദ്രു വിനതയും
പിന്നെ മരീചീസുതനോടു ചൊല്ലിനാൾ.
എത്രയും തേജോബലവീര്യവേഗങ്ങൾ
കദ്രുസുതന്മാരിലേറ്റമുണ്ടായിട്ടു
രണ്ടു തനയന്മാരുത്തമന്മാരായി-
ട്ടുണ്ടാകവേണമിനിക്കു ദയാനിധേ!
മൊട്ടയായുണ്ടുമിനിയതു നിങ്ങൾക്കു
പൊട്ടിപ്പോകാതവണ്ണം ഭരിച്ചീടുവിൻ.
ഇത്ഥമനുഗ്രഹംചെയ്‌തു മഹാമുനി
സത്വരം കാനനംപുക്കു തപസ്സിനായ്.
അണ്ഡസഹസ്രം പ്രസവിച്ചാൾ കദ്രുവു-
മണ്ഡദ്വയം പ്രസവിച്ചു വിനതയും.
അണ്ഡങ്ങളെപ്പരിചാരകന്മാരെല്ലാം
ദണ്ഡമൊഴിഞ്ഞു പരിപാലനംചെയ്താർ.
അഞ്ഞൂറു സംവത്സരം ചെന്നകാലമീ-
രഞ്ഞൂറു നാഗപ്രവരന്മാരുണ്ടായി.
തന്നുടെ മൊട്ടകൾ രണ്ടും വിരിയാഞ്ഞു
വന്നൊരു താപാൽ വിനതയുമക്കാലം
ഒന്നിനെ കൊട്ടിയുടച്ചാനതുനേരം
നന്നായ് വിളങ്ങീ ചതുർദ്ദശലോകവും.
അപ്പോളനൂരുവായ് മേവുമരുണനു-
മഭ്രദേശം പ്രവേശിച്ചിതു സത്വരം.
അംബരദേശത്തുയരുമരുണനു-
മമ്മയോടീർഷ്യ കലർന്നു ചൊല്ലീടിനാൻഃ
ദേഹം മുഴുവനെ തീരുമതിന്മുമ്പേ
മോഹം വളർന്നിതു ചെയ്തതുകാരണം
കദ്രുവാമമ്മയ്‌ക്കടിമയായ്‌പോക നീ.
ഭദ്രനായുണ്ടാമിനി മമ സോദരൻ
മൊട്ടയതും നീയുടച്ചുകളയായ്‌കിൽ
പെട്ടെന്നു ദാസ്യവും തീർക്കുമവനമ്മേ!
ഇന്നുമഞ്ഞൂറ്റാണ്ടു പാർത്തീടുഴറാതെ-
യെന്നാൽ നിനക്കതിനാലേ ഗതിവരും.
എന്നു പറഞ്ഞുയർന്നാനരുണാഖ്യനു-
മൊന്നിച്ചിരുന്നു വിനതയും കദ്രുവും
മാർത്താണ്ഡദേവനു സാരഥിയായുടൻ
തേർത്തടം പുക്കാനരുണൻ മഹാപ്രഭൻ
ആധിയും തീർന്നിരിക്കുന്നകാലത്തിങ്ക-
ലാദിതേയാസുരന്മാരൊരുമിച്ചുകൊ-
ണ്ടാധികലർന്നു പാലാഴി കടഞ്ഞനാൾ
ശ്വേതവർണ്ണത്തോടു മാനസവേഗനായ്
ജാതമായീടുന്ന ഘോടകംകാരണം.
ഉച്ചൈശ്രവസ്സെന്നു ലോകപ്രസിദ്ധമായ്
സ്വച്ഛമായുണ്ടായൊരശ്വംപ്രതി തമ്മിൽ
വാദമുണ്ടായ്‌വന്നിതെന്നു പറഞ്ഞൊരു
സൂതനോടന്നേരം ചോദിച്ചു ശൗനകൻ.
ചൊല്ലുചൊല്ലെങ്കിലമൃതമഥനം നീ
ചൊല്ലാമതുമെങ്കിലെന്നിതു സൂതനും.
ചൊല്ലിനാനെല്ലാമമൃതമഥനവും
ചെല്ലുവാനിപ്പോഴെനിക്കെളുതല്ലേതും.
Generated from archived content: mahabharatham31.html Author: ezhuthachan