ആസ്‌തികം

പൈങ്കിളിപ്പൈതലേ! ഭംഗിയിൽ ചൊല്ലെടോ

പങ്കജാക്ഷൻകഥ പങ്കങ്ങൾ നീങ്ങുവാൻ.

എങ്കിലോ കേൾപ്പിൻ തപോധനന്മാരോടു

സംക്ഷേപമായ്‌ സൂതനിങ്ങനെ ചൊന്നപ്പോൾ

നൈമിശാരണ്യനിവാസികളാകിയ

മാമുനിമാർ ശൗനകാദികൾ ചോദിച്ചു.

എന്തു ജനമേജയനാം നരപതി

ദന്തശൂകക്രതു ചെയ്‌വാനവകാശം?

അസ്തികനെങ്ങനെ മാറ്റിയതെന്നതു-

മസ്തികനാരുടെ പുത്രനെന്നും ഭവാൻ

വിസ്തരാൽ ഞങ്ങളോടൊക്കപ്പറയണം

തത്വബോധത്തിനാധാരമാമസ്തികൻ

സത്വമതേ! കൃഷ്‌ണശിഷ്യജനോത്തമൻ

ഉത്തമം മുക്തിപ്രദം ചൊല്‌ക വൈകാതെ

ബദ്ധമോദേന നിരൂപിച്ചിതീദൃശം.

ചേതസി കൃഷ്‌ണനെ ധ്യാനിച്ചുറപ്പിച്ചു

സൂതനതിനെപ്പറഞ്ഞുതുടങ്ങിനാൻ.

അസ്തികോത്‌ഭവം

മുന്നം ജരല്‌ക്കാരുനാമമഹാമുനി

ധന്യൻ ഗൃഹസ്ഥാശ്രമാശയില്ലായ്‌കയാൽ

നന്നായ്‌ തപസ്സുകൾ ചെയ്‌തു വനം തോറു-

മൊന്നിലുമാശകൂടാതെ നടക്കുന്നാൾ.

പാതാളലോകത്തു വീഴുവാനായ്‌ച്ചില-

രാധിപൂണ്ടേറ്റമധോമുഖന്മാരുമായ്‌

പുല്‌ക്കൊടി തന്നുടെയഗ്രമാലംബമായ്‌

നില്‌ക്കുന്നതത്രയുമല്ലതിൻ വേരുകൾ

മൂഷികൻ മെല്ലെക്കരണ്ടു മുറിപ്പതും

ദോഷമില്ലാതെ ജരല്‌ക്കാരു കണ്ടപ്പോൾ

നിങ്ങളാരെന്നാനവനുമവരോടു

ഞങ്ങൾ ചില മുനിമാരെന്നു ചൊല്ലിനാർ.

പാത്രനായുണ്ടു ജരല്‌ക്കാരു ഞങ്ങൾക്കു

പുത്രനവനില്ലയാഞ്ഞതു കാരണം

ലുപ്തപിണ്ഡോദകന്മാരായിതു ഞങ്ങൾ

തപ്തമായോരു തപസ്സും വൃഥാഫലം.

ഞങ്ങൾ നരകത്തിൽ വീഴ്‌വാൻ തുടങ്ങുന്നു

മംഗലനായ നീയാരെന്നു ചൊല്ലണം.

എങ്കിൽ ജരല്‌ക്കാരുവായതു ഞാൻതന്നെ.

നിങ്ങൾ മമ പിതാക്കന്മാരറിഞ്ഞാലും.

സങ്കടം പോക്കുവാനെന്തു ഞാൻ വേണ്ടതു

ശങ്കിയാതേയരുൾചെയ്‌കെന്നു ചൊന്നപ്പോൾ

ചൊന്നാർ പിതാമഹന്മാരവൻ തന്നോടു

പുണ്യതപോവ്രതദാനധർമ്മാദികൾ

സന്തതിയില്ലായ്‌കിലൊക്കവേ നിഷ്‌ഫലം

സന്തതികൊണ്ടേ ഗതിവരൂ നിശ്ചയം.

ആകയാൽ വേൾക്ക നീ മുമ്പിനാൽ വേണ്ടതും

പോക വൈകാതതിനെന്നവർ ചൊല്ലിനാർ.

ഭിക്ഷയായ്‌ മോദാലൊരു പുമാനെന്നോടു

കൈക്കൊൾക ഭാര്യയായെന്നു നല്‌കീടുകിൽ

വേൾക്കാമവളെ സമയമിനിക്കതു

കേൾക്ക മഹാവ്രതം പിന്നെയും മറ്റൊന്ന്‌.

പെണ്ണിനുമെന്നുടെ പേരായിരിക്കണ-

മെന്നു ജരല്‌ക്കാരു ചൊന്നോരനന്തരം.

ചൊല്ലിയവണ്ണമേ യോഗം വരികെന്നു

നല്ലൊരനുഗ്രഹം നല്‌കി പിതൃക്കളും.

നന്നായൊരുവനദേശേ വസിക്കുമ്പോൾ

പന്നഗഗാഥനാം വാസുകിയും കണ്ടു.

എന്നുടെ സോദരിയാകിയ കന്യക-

തന്നെ വരിച്ചുകൊൾകെന്നിതു വാസുകി.

നാമമവൾക്കെന്തു ചൊല്ലുകെന്നു മുനി

നാമം ജരല്‌ക്കാരുവെന്നിതു വാസുകി.

പണ്ടേ ഭവാനു തരുവാനായുണ്ടാക്കി

പുണ്ഡരീകോത്ഭവനെന്നുമറിഞ്ഞാലും.

വഹ്നിയിൽ വീഴ്‌കെന്നു മാതൃശാപംകൊണ്ടു

പന്നഗവംശവും സന്നമാമെന്നതു.

ചെന്നു വിധാതാവിനോടു വിബുധന്മാർ

ചൊന്നതു കേട്ടരുൾചെയ്‌തു വിരിഞ്ചനും.

മംഗലയായ ജരല്‌ക്കാരുനാരിയെ-

യങ്ങു ജരല്‌ക്കാരുവിന്നു കൊടുക്കണം.

ഉണ്ടാമവൾ പെറ്റവനൊരു നന്ദന-

നുണ്ടായ ശാപഭയമൊഴിച്ചീടുവാൻ.

ഇത്ഥം വിധാത്‌റുനിയോഗമെന്നാൽ പ്രമ-

ദോത്തമയാമിവൾതന്നെ വേട്ടീടുക.

ദീർഘപൃഷ്‌ഠാധിപനിങ്ങനെ ചൊന്നപ്പോൾ

ദീർഘവിലോചനമുളള ജരല്‌ക്കാരു

ദീർഘവിലോചനയാം ജരല്‌ക്കാരുവെ

ശീഘ്രം വിധിവിധിയാൽ വിവാഹംചെയ്‌തു.

മോക്ഷപരായണൻ വാഴുന്നകാലത്തു

സൗഖ്യം വരിവസ്യയാൽ വളർത്താളവൾ.

ചൊല്പൊങ്ങുമസ്തികനുണ്ടാകയും ചെയ്‌തു

സർപ്പസത്രത്തെയൊഴിച്ചതവനല്ലോ.

Generated from archived content: mahabharatham30.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here