ശ്രീകൃഷ്‌ണൻ ഭീഷ്‌മവധത്തിന്
ഒരുമ്പെടുന്നതും പിൻവാങ്ങുന്നതും
വിജയരഥമതുപൊഴുതു വിഗതഭയമച്യുതൻ
വീരനാം ഭീഷ്‌മർക്കുനേരേ നടത്തിനാൻ.
സലിലധരനികരമടമഴപൊഴിയുമവ്വണ്ണം
സായകൗഘം പ്രയോഗിച്ചാരിരുവരും.
നദിമകനുമതുപൊഴുതു ചെറുതു കോപിക്കയാൽ
നാരായണനും നരനുമേറ്റൂ ശരം.
ത്രിദശപതിസുതനുമഥ വിൽ മുറിച്ചീടിനാൻ
വീരനാം ഭീഷ്‌മർ മറ്റൊന്നെടുത്തീടിനാൻ.
കമലദലനയനസഖിയായ ധനഞ്ജയൻ
ഖണ്ഡിച്ചിതഞ്ചമ്പുകൊണ്ടതുതന്നെയും.
വിരവിനൊടു പുനരപരമൊരു ധനുരനന്തരം
വീരനാം ഭീഷ്‌മർ കൈക്കൊണ്ടടുത്തീടിനാൻ.
ശരനികരപരിപതനശകലിതശരീരനായ്
ശക്രാത്മജനും തളർന്നിടർപൂണ്ടുതേ.
സമരഭൂവി രഖമപി ച നിർത്തി നാരായണൻ
ചക്രം തിരിച്ചടുക്കുന്നതു കാണായി.
ജയ പരമപുരുഷ! ജയ ജയ സകല ഭുവനമയ!
ജന്മനാശങ്ങളില്ലാത ജഗൽപ്രഭോ!
ജയ കമലദലനയന! ജയ കമലഭവസദന!
ജാഗ്രൽഭ്രമപ്രഭ! പ്രാണിജീവാത്മക!
ജയ കമലവദന! ജയ ജയ വരദകമലകര!
ജാഡ്യപ്രണാശന! ത്രാഹി മാം ത്രാഹി മാം!
ജയ വിബുധമുനിനമിത! ജയ ഗിരിശനതചരണ!
ജാത്യാഭിമാനാദിഹിനപ്രഭാനിധേ!
ജയ സകളസഗുണമയ! ജയ വിമല വിഗുണമയ!
ജന്തുധർമ്മപ്രിയാ! ശ്രീപതേ! ഗോപതേ!
ജയ ഗിരിശനമിതപദ! ജയ സകലതനുഭൂവന!
ജന്തുവൃന്ദക്ഷേത്രവേദവേദാന്തഗ!
ക്ഷിതിവിബുധ! ജനഹൃദയനിലയന! നമോസ്‌തുതേ!
കീർത്തനധ്യാനമാത്യന്തികം ദേഹീ മേ!
ജയ വിജയരഥനിലയ! പരഗതി വരുത്തുവാൻ
ചെമ്മേ മുതിർന്നതിന്നേതും മടിക്കൊലാ.
വരിക വരികയി സമരമരണഭയമില്ല മേ
വാസുദേവാ! ജയിക്കെന്നിതു ഭീഷ്‌മരും
നിജ സമയവചനമതിനന്തരം ചെയ്‌കിലും
നിശ്ചയം ഭക്തസത്യത്തെ രക്ഷിക്കുമേ
അപടുതയൊടടൽ നടുവിലിടരോടു ധനഞ്ജയ-
നച്യുതനോടു സത്യത്തെ രക്ഷിക്കെന്നാൻ.
കെടുപടയൊടിടരൊടഴൽ പൂണ്ടു കുന്തീസുതൻ
ഖേദിച്ചു കൈനിലപുക്കിരുന്നീടിനാൻ.
ശമനസുതനമരവരതനയനൊടു ചൊല്ലിനാൻഃ
ശാന്തനവാദികളെജ്ജയിപ്പാൻ പണി.
വയമവനി വരുവതിനു കൊതിയൊഴികെ കാനനം
വാഴ്‌ക വസുദേവപുത്രനെന്താവതും?
യുധി മരണമൊഴിക വനമഴകിനൊടു പൂക നാം
യോഗം ധരിച്ചു ഗതിവരുത്തീടുവാൻ
ഇതി ശമനസുതവിവിധനയവചനമാശു കേ-
ട്ടിന്ദിരാവല്ലഭവൻതാനുമരുൾചെയ്‌താൻഃ
അരരകുലവരവസുഗണാധിപന്മാരുടെ-
യംശമായുത്ഭവിച്ചുണ്ടായ ഭീഷ്‌മരെ
അമരിലരുതസുരസുരനികരമൊരുമിക്കലു-
മാർക്കും ജയിക്കരുതെന്നറി മന്നവാ!
പരശുധരനരചർകലമടയെ വെന്നീടുവോൻ
പണ്ടെതിർത്തന്നു തോറ്റാനറിഞ്ഞീലയോ?
വിബുധനദിയുടെ തനയനടിമലരിണയ്‌ക്കൽ നീ
വീഴ്‌ക യുധിഷ്‌ഠിരാ! വേണം ജയമെങ്കിൽ.
കരബലമൊടവനൊടെതിർപൊരുതു ജയമാർക്കുമേ
കാലാത്മജാ! ജയിപ്പാൻ പണി തേറു നീ.
ത്രിപുരഹര സുരദിതിജ്ജനവുമൊരുമിച്ചുടൻ
ധീരതയോടെതിർത്താലും ജയം വരാ.
ശരണമിഹ ചരണതലസരസിരുഹമെന്നിയേ
ശാന്തനുജനെച്ചെന്നു വന്ദിക്ക വൈകാതെ.
മധുരതരമധുമഥനവചനമതു കേട്ടുടൻ
മഹിതഗുണഗണമുടയ പിതൃപതിജനാദരാൽ
സുഹൃദനുജസഹിതനടിമലരിണ വണങ്ങിനാൻ
സുഹൃദധിപനമരനദിസുതനുമരുളിച്ചെയ്‌താൻ
നരകഹര! ദുരിതഹര! മുരമഥന! മധുമഥന!
നാരദസേവിത! നാരായണ! ഹരേ!
നിഗമമയ! നിഖിലജഗദവന! ഹൃദിസംഭവ!
നിഷ്‌കള! നിർഗ്‌ഗുണ! നിശ്ചല! നിർമ്മല!
നിരതിശയ! നിരുപമ! നിരഞ്ജന! നിരാധാരാ!
നിത്യ! നിരാമയ! നീരജലോചന!
നിയമപരജനഹൃദയനിലയന! നമോസ്‌തു തേ!
നീചജനാന്തക! നീതിസ്‌ഥിതികര!
നിഖിലനിശിചരനിവഹശമനപര! ദൈവമേ!
നീരദവർണ്ണ! നിരാകുല! നിർമ്മല!
നിവസ മമ ഹൃദി സതതമതിനു തൊഴുതീടിനേൻ
നീളാകുചാഭോഗമേളാഭരണമേ!
നിജചരണനളിനനതജനസുഖപരായണ!
നിത്യം നമോസ്‌തു തേ നിത്യം നമോസ്‌തു തേ!
പിതൃപതിജ പവനസുത വിബുധപതിസുത നകുല-
വീര ശസ്‌ത്രാർത്ഥസിദ്ധാന്തസഹദേവാ!
വരിക വരികരികിലിനി വരുവതിനു കർമ്മമോ
വാസുദേവൻ നിയോഗിക്കിലേയുളളു തേ.
ഭവതു സുഖമപി ച യുധി വരിക ഭവതാം ജയം
പാർത്ഥാദികളേ! സുഖമല്ലിയെല്ലാർക്കും?
തമസി നിശി രഭസതരമിവിടെവരുവാനഹോ
സന്താപമേതാനുമുണ്ടാകയല്ലല്ലീ?
നദിതനയനയവചനനിശമനദശാന്തരേ
നന്ദിച്ചജാതശത്രുക്ഷിതീശൻ ചൊന്നാൻഃ
ഗുരുനിവഹകരുണയൊടു കുരുകുലമൊടുക്കി ഞാൻ
കൂടലർകാലനായ് നാടുവാണീടുവാൻ
കൊതി മനസി പെരുതു തവ തിരുമനമതിന്നു നീ
കൂടെത്തുണയ്‌ക്കിലേ വന്നുകൂടു ദൃഢം.
തരിത മമ വരമതിനു ശരണമരുണാംഘ്രി മേ
സന്തതമെന്നു കുന്തീസുതൻ ചൊല്ലിനാൻ.
അലമലമിതതിനെളുതു കളകിനി വിഷാദവു-
മാശു നിങ്ങൾക്കു ജയം വരും നിർണ്ണയം.
ശൃണു ശമനതനയ! പുനരതിനൊരുപദേശവും
ശൂരനാമർജ്ജുനനാവതല്ലേതുമേ.
ദ്രുപദവരവരതനയനായ ശിഖണ്ഡിയെ-
ത്തൂമയോടർജ്ജുനനെന്നോടെതിർക്കുമ്പോൾ
പൊരുവതിനു മമ നികടഭൂവി ഝടിതി നിർത്തുവിൻ
പോർക്കളംതന്നിൽ ഞാൻ നാളെ വീണീടുവൻ.
മമ നിധനമതിനു വിധിവിഹിതമിതു നിർണ്ണയം
മാനിനിയാകിയോരംബാനിയോഗത്താൽ.
ഭയമൊഴിക ഭവതു ഭവതാം ജയം ഭാഗ്യവും
ഭാഗീരഥീസുതൻ പാർത്ഥനോടിങ്ങനെ
പരിചിനൊടു നിജനിധനമതിനൊരു നിദാനവും
നീതിയും ചൊല്ലിയനുഗ്രഹം നല്‌കിനാൻ.
യമനിയമമുടയയമതനയനുമനന്തരം
യാദവവീരനെ വന്ദിച്ചു ചൊല്ലിനാൻഃ
പ്രണയതരഹൃദയമൊടു മരുവിന പിതാമഹൻ-
പ്രാണൻ കളയാമോ ബാണങ്ങളെയ്തഹോ!
ഫലമതിനു ദുരിതചയമരുതരുതു മാധവാ!
പത്മനാഭാ! ജഗന്നായകാ! ചൊല്ലൂ നീ.
ദുരിതഫല നരകമതിനില്ലെടോ ധർമ്മജാ!
തോന്നീലയോ രാജധർമ്മങ്ങളൊന്നുമേ?
നൃപതികുലവിഹിത ബഹുവിധവിലകർമ്മവും
നീതിയും കൃഷ്‌ണനരുൾചെയ്‌തനന്തരം
വീദയമപി വിഭയമഥ വിജയമുഖഭൂപരും
വീറോടടുത്തിതു പത്താം ദിവസവും
കുരുനൃപതിസുതനഖിലബലപതിസുയോധനൻ
കൂടിയസൈന്യവുമൊത്തൊരുമിച്ചുടൻ
കുരുകുലജനമിതബലനഹിതകുലകാലനാം
ഗുണനിലയനായ ഭീഷ്‌മർക്കു തുണച്ചിതു.
പലരുമൊരുമയൊടഥ പാണ്ഡവന്മാർകളും
പാരമടുത്തു പൊരുതുതുടങ്ങിനാർ.
പരശുശരപരിഘവരമുസലകുന്തങ്ങളും
പാർത്ഥിവന്മാരസ്‌ത്രശസ്‌ത്രപ്രയോഗവും
പടുനിനദപടഹമുഖ ‘ഝടഝട’ നിനാദവും
പാരിൾ കിളർന്നു പൊങ്ങീടിനധൂളിയും
കരിതുരഗരഥനികരബഹുവിധനിനാദവും
കാണികൾ കണ്ടു കൊണ്ടാടുന്ന നാദവും
കമലഭവമുഖവിബുധജയജയനിനാദവും
കാറ്റടിക്കും കൊടിക്കൂറകൾനാദവും
രുധിരയുതപലലമതു ഭക്ഷിച്ചു രാക്ഷസ-
രുച്ചത്തിൽ നിന്നലറീടുന്ന നാദവും
പ്രേതഭൂതാദി പിശാചങ്ങളാർത്തിട്ടു
പേടിയാകുംവണ്ണമുളള നിനാദവും
ത്രിദശവരദനുജകുലമുഖകുതുകനാദവും
സിംഹനാദങ്ങളും ഞാണൊലി നാദവും
തിറമൊടെതിരിടുമരീയ രഥികൾഗുണനാദവും
തേരുരുൾനാദവുമാനകൾനാദവും
പരിഭവമൊടരിനികരമലറിനനിനാദവും
പാരം കുതിക്കും കുതിരകൾ നാദവും
തുമുലതരരണജനിത ഭയങ്കര നിനാദവും
തുംബുരുനാരദഗീതപ്രയോഗവും
അമരവരതനയകരഗതദരനിനാദവു
മംബരചാരികൾവാദ്യനിനാദവും
കഠിനതരമനിലസുതനലറിനനിനാദവും
കംബുനാദങ്ങളും ദുന്ദുഭിനാദവും
കമലഭവതനയനമുനിവീണാനിനാദവും
കമ്പംവരുംപടി വമ്പർനിനാദവും
കമലജനുമരുതരുതു പുകഴുവതിനോർക്കിലോ
കൗരവപാണ്ഡവസൈന്യകോലാഹലം.
ഫണികൾകുലവരനുമിതു പണിപെരുതുവാഴ്‌ത്തുവാൻ
ഭൈരവമെന്നേ പറയാവിതെത്രയും.
പൊരുതുപൊരുതരചരിരുപുറവുമമരകളുലകു
പുക്കു വിമാനങ്ങൾതോറു മരുവിനാർ.
അരുവയറൊടതിസുഖമൊടൊരുമയൊടു മേവിനാ-
രാശു യുദ്ധത്തിൽ മരിക്ക നിമിത്തമായ്.
അയുതനരകരിതു രഗരഥികളെയൊടുക്കിനാ-
നനുദിനമണഞ്ഞു പോർചെയ്‌തു ദേവവ്രതൻ.
പുനരവനൊടരുമയൊടു പൊരുവതിനു പാർത്ഥനും
പോരിൽ ശിഖണ്ഡിയെ മുമ്പിൽ നിർത്തീടിനാൻ.
ഉപരിചരവസുനൃപതിദൂഹിതൃവരനന്ദന-
നോർത്താനൊരാണുമപ്പെണ്ണുമല്ലാത്തവൻ
പൊരുവതിനു കരുതിയൊരു സമരഭൂവി വന്നതോ
പോരാളികൾക്കു പൊരുന്നുകയില്ലേതും
പുരുഷമണ പുകൾപെരിയ വിജയനെയൊഴിഞ്ഞുമേ
പോരാ നപുംസകമായവൻതന്നൊടും
പൊലിമയൊടു സമരഭൂവി വിവിധമയമായുധം
പോരിന്നയയ്‌ക്കരുതെന്നോർത്തു ഭീഷ്‌മരും
വിബുധപതിതനയൊടു വിഗതഭയമാദരാൽ
വീറെഴുമസ്‌ത്രങ്ങളൊക്ക പ്രയോഗിച്ചാൻ.
പ്രണയമകതളിരിൽ മുഹുരപി വളരുമാറുടൻ
പ്രത്യസ്‌ത്രമെയ്‌തു തടുത്തു കിരീടിയും.
പ്രഥനചതുരത കലരുമമരവരനന്ദനൻ
പ്രത്യക്ഷനാകിയ കൃഷ്‌ണനിയോഗത്താൽ
അമിതകരബലമുടയ രഥികളവർതങ്ങളി-
ലസ്‌ത്രശസ്‌ത്രങ്ങൾ വരിഷിച്ചടുത്തുടൻ
നിശിതതരവിശിഖഗണമുടനുടനയച്ചപോ-
തത്തൽപ്പെടുത്തു രോമങ്ങൾ തോറും ദ്രുതം
പരനിവഹകുലശമനകരരിരുവരും തമ്മിൽ
പത്തനൂറായിരമൊത്തു തൂകീടിനാർ.
പരവശത പെരുകിയൊരു പടയുമതുകണ്ടുടൻ
പറ്റലർ പേടിച്ചകന്നിതു മറ്റുളേളാർ.
ത്വരിതമതുപൊഴുതു കുരുകുലവരനുസന്നിധൗ
ദുശ്ശകുനങ്ങളും പാരമുണ്ടായിതേ.
തുമുലതരസമരഭൂവി ഝടിതി ദേവവ്രതൻ
ദുശ്ശാസനനോടു ചൊല്ലിനാനീവണ്ണംഃ
അമരകുലവരസുതനുമമിതബലസംയുത-
മയ്യോ! മറുതല വന്നു ചുഴന്നിതു.
നിരുപമമിതറിക രണമതിഭയഭമെത്രയും
നീയിതു കാൺക വലഞ്ഞിതു ഞാനെടോ
ദഹനകണസദൃശശരനികരപാതേന മേ
ദേഹവുമൊക്കവേ കാൺക മുറിഞ്ഞിതു.
മുടിയുമിടരൊടുമടലിലിനിയ പടയൊക്കവേ
മോഹമിനിക്കിനിയില്ല ജീവിക്കയിൽ.
അസുരസുരസമരസമമിതു കരുതുമാകിൽ മ-
റ്റാഹവമിങ്ങനെ കണ്ടിട്ടുമില്ല ഞാൻ.
അഹിതനൃപകുലവരരൊടെതിർപൊരുതു തോറ്റുകൊ-
ണ്ടാഹന്ത കേട്ടിട്ടുമില്ല ഞാനിങ്ങനെ.
പുനരിനിയുമൊരുമയൊടു മരുവുക പിണങ്ങാതെ
പോരിൽ മരിയാതിരിക്കണമെങ്കിലോ
പുകൾപെരിയ പിതൃപതിജ നൃപവരനു സാദരം
ഭോഷന്മാരേ! നിങ്ങൾ നാടു നല്‌കീടുവിൻ.
ഹിതവചനമിതി വിവിധതരമഥ പിതാമഹ-
നിത്ഥം പറഞ്ഞു പറഞ്ഞിരിക്കെത്തദാ,
ഭീഷ്‌മപരാജയം (ശരശയനപ്രാപ്‌തി)
കലഹമതിരഭസതരമരിമയൊടു ചെയ്‌തു ചെ-
യ്തസ്‌ത്രങ്ങൾകൊണ്ടുടൽ ഭൂമിയിൽ വീണുതേ.
വിവിധതരനിശിതശരമതുലമുടനേല്‌ക്കയാൽ
വീണതുനേരമവനിയിൽ തട്ടീല.
കുരുവൃഷഭനുടനടലിൽ നൃപവരകുലോചിതം
ദേഹവുമാശു ശരശയനത്തിന്മേൽ
മുരമഥനചരണസരസീരുഹവും കണ്ടു
മോഹമകന്നു വസിച്ചിതു ഭീഷ്‌മരും.
ദശദിവസസമരമിതി മുനിവരനനുഗ്രഹാൽ
സഞ്ജയനിത്ഥം പറഞ്ഞോരനന്തരം.
അഖില ബലകലഹമിതി സചിവവചനേന കേ-
ട്ടഞ്ജസാ മോഹിച്ചു വീണു ധൃതരാഷ്‌ട്രർ.
മുഹുരമിതകുതുകമൊടു ധരണിപതിതന്നുടെ
മോഹവും തീർത്തവൻപിന്നെയും ചൊല്ലിനാൻഃ
ത്യജ മനസി കലുഷതകളഖിലമവനീപതേ!
ദേഹമനിത്യമെന്നുളളതറിക നീ
നിഖിലനൃപകുലവരരുമമിതബലസംയുതം
നിന്നുടെ മക്കളും കുന്തീതനയരും
തദനു നിജനിജ മനസി കലരുമുരുശോകേന
ധന്യരാം മറ്റുളള ബന്ധുജനങ്ങളും
ജഗധിപനജനമലനും മുനിവൃന്ദവും
ചെന്നിതു ഭീഷ്‌മരുടെയരികത്തങ്ങു.
വടിവൊടുടനധിനികടമവരവർ കരഞ്ഞാശൂ
വന്നു നിറഞ്ഞൊരു ബന്ധുക്കളെക്കണ്ടു.
വിനയമൊടു കുരുവൃഷഭനതിരഥനനാകുലം
വിണ്ണോരിൽ മുമ്പൻ വസുപ്രവരൻ ഭീഷ്‌മർ
നരകരിപു നളിനദലനയനനെയുമോർത്തുളളിൽ
നല്ലതെല്ലാവരോടും പറഞ്ഞീടിനാൻ.
ശുഭവുമശുഭവുമപനയവുമറിവാനവൻ
ചൊല്ലിനാൻ പിന്നെയുമല്ലലോടേ തദാ
സദയമഭിമുഖമമലതരവചനമൻപോട
താണുപോയോരു തലയുയർത്തീടുവാൻ.
വിമലതരമതിമൃദുലമലിവൊടു സമുന്നതം
വേണമുപധാനമെന്നതു കേൾക്കയാൽ
കുമതി കുരുകുലപതി സുയോധനൻ വൈകാതെ
പട്ടുതലയിണ കൊണ്ടുചെന്നീടിനാൻ.
പുനരമിതഹസിതമതുപൊഴുതു ചൊല്ലീടിനാൻ
പൊട്ടനത്രേ നീ സുയോധനാ! നിർണ്ണയം.
തുഹിനകരകുലജനനമിഹ വിഫലേമേവ തേ
തുഷ്‌ടി വരായിതു വച്ചാലിനിക്കേതും.
കരുണയൊടു വിബുധപതിതനയ! വിരവോടു നീ
കണ്ടുനില്ലാതെ തലയുയർത്തീടെന്നാൻ.
വിശദതരഹൃദയനഥ വിജയനതിശൂരനാം
വൃന്ദാരകാധിപനന്ദനനർജ്ജുനൻ
വനജദലനയനസഖി വാസവാദ്യന്മാരെ
വന്ദിച്ചു ഗാണ്ഡീവചാപമെടുത്തുടൻ
ചപലതരമചപലമെടുത്തു മൂന്നമ്പുകൊ-
ണ്ടൂന്നും കൊടുത്തു തലയുയർത്തീടിനാൻ
പരശുധരമുനിവരനു സദൃശനാം ഭീഷ്‌മരും
പാർത്ഥനോടാശു ചിരിച്ചരുളിച്ചെയ്‌തുഃ
ശമ ദമ ദയാദി നാനാഗുണവാരിധേ!
ശാസ്‌ത്രങ്ങൾ നിന്നോളമാരുമറിഞ്ഞീല
സകലജനകുലവിഹിതവിവിധകർമ്മങ്ങളും
ക്ഷാത്രധർമ്മങ്ങളും നിങ്കലൂ നിർണ്ണയം.
ബഹുലതരമിതി കഥകൾ പറയുമളവാദരാൽ
വൈദ്യർകൾ വന്നാർ ചികിത്സചെയ്‌തീടുവാൻ
അതിനവനുമവർകളെ വിലക്കി നാനാദരാ-
ലാണ്മയിൽ വിരോചിതപുരി പൂക്കണം
ശുഭമരണസമയമയനം തെളിഞ്ഞുത്തരം
ശോഭയിൽ വന്നേ മരിക്കാവു നിർണ്ണയം.
അവരവർകളരികിലഴകോടു രക്ഷിച്ചുകൊ-
ണ്ടാത്മശുദ്ധ്യാ വസിച്ചീടിനാരേവരും.
വിജയനൊടു വിജയമുഖയമതനയസൈന്യവും
വൃഷ്‌ണിപ്രവരരും പുക്കിതു കൈനില
വ്യഥയുമുരുഭയവുമപജയവുമവശതകളും
വീളാതവണ്ണം പരിഭവം വന്നതും
കരുതിയൊഴുകിന നയനസലിലമൊടു കൈനില
കൗരവസൈന്യവും പുക്കിരുന്നീടിനാർ
ഉഷസീ പുനരപരദിനമിരുപുറവുമുളളവ-
രുറ്റടുത്തീടിനാർ ശന്തനുപുത്രനേ.
തരുവിനിഹ വിരവിനൊടു ജലമമലമാദരാൽ
ദാഹമുണ്ടേറ്റമെന്നാൻ നദീനന്ദനൻ.
വിമല തരസലിലമൊടു വിവിധരസഭക്ഷ്യവും
വേഗേന കൊണ്ടുചെന്നാൻ ദുരിയോധനൻ.
വിഫലമിദമശുഭമരുതരുതു ദുരിയോധനാ!
വീരാ! വിജയാ! വിരയെ നീർ നല്‌കെന്നാൻ.
പുനരവനുമഥ സദയമടിമലർ വണങ്ങിനാൻ.
പോരാളി പാർജ്ജന്യമസ്‌ത്രം പ്രയോഗിച്ചാൻ
ഗഗനസരിദമലജലമഴകൊടു കൊടുത്തവൻ
ഗംഗാതനയതു ദാഹവും പോക്കിനാൻ
പുകൾപെരിയ പുരുഷമണി നീയേ പുരന്ദര-
പുത്രാ! ഭുജബലമുളള ഭൂപാലകാ!
സുചിരമവനിയിലധികസുഖമൊടു വസിക്ക നീ
സൂക്ഷിച്ചുകൊൾക സുയോധനാ! നീയിവ
വിരവിലിനിയൊരുമയൊടു മരുവിനിനിനിങ്ങളും
വേണ്ടാ വിരുദ്ധം നശിക്കേ ഫലം വരൂ
അതിനു കുരുപതിയുമനുവാദമല്ലായ്‌കയാൽ
അങ്ങുമിങ്ങും പിരഞ്ഞാശു വാങ്ങീടിനാൻ
അഥ തരണിതനയനടിമലരിണ വണങ്ങിനാ-
നമ്പോടു ഗംഗാതനയനും ചൊല്ലിനാൻഃ
തവ സഹജരറിക പൃഥയുടെ തനയരാകയാൽ
താപം കളഞ്ഞു നീയങ്ങു ചെന്നീടെടോ.
കഥകളകതളിരിലിതു വിദിതമഖിലം മയാ
ഗാന്ധാരിപുത്രരെ വേറിടുന്നില്ല ഞാൻ
സമരഭൂവി ജയമതിനു തരിക വരമാശു മേ
സന്താപനാശനാ! ശന്തനുനന്ദനാ!
ഭ്രമമറിക വരുവതിനു വിഷമമതു ഭാസ്‌കരേ!
ഭ്രാതാക്കളേ വധംചെയ്‌കയും വേണ്ടില.
വേണമെന്നാകിൽ പൊരുതു വിര്യസ്വർഗ്ഗം
വീരാ വരിക്ക നിനക്കെന്നതേ വേണ്ടൂ.
തൊഴുതവനനുജ്ഞയും വാങ്ങി വാങ്ങീടിനാൻ
ചൊല്ലാവാനാവതോ പിന്നേടമെന്നാലെ-
ന്നുല്ലാസമോടിരുന്നാൾ നല്‌ക്കിളിമകൾ.
Generated from archived content: mahabharatham3.html Author: ezhuthachan