പൗലോമം – ച്യവനോത്ഭവവും വഹ്‌നിശാപവും

എങ്കിലോ പുലോമാഖ്യഭൃഗുപത്നിയും ഗർഭം

ഭംഗിയിൽ ധരിച്ചിരിക്കുന്നോരു കാലത്തിങ്കൽ

ചെന്നിതു പുലോമാഖ്യനായ രാക്ഷസനപ്പോൾ

നന്നാകെന്നതിഥിപൂജകളും ചെയ്താളവൾ.

ഭൃഗുപത്നിയെക്കണ്ടു രാക്ഷസപ്രവരനും

മകരദ്ധ്വജപരവശനായതുനേരം

കുണ്ഡത്തിലെരിയുന്ന പാവകൻതന്നെക്കണ്ടു

വന്ദിച്ചു ചോദിച്ചിതു രാക്ഷസപ്രവരനും

അഖിലസുരവൃന്ദമുഖമാകിയ പോറ്റി!

നിഖിലശുഭാശുഭകർമ്മസാക്ഷിയും നീയേ,

തന്വംഗിയാകുമിവൾ ഭൃഗുവിൻ പത്നിയെങ്കി-

ലെന്നൊടു പരമാർത്ഥമരുളിച്ചെയ്‌തീടണം.

താപസി ഭൃഗുപത്നിയായതുമിവളെന്നു

ശോഭതേടീടുമഗ്നിഭഗവാനരുൾചെയ്‌തു.

ഞാനിവൾതന്നെ വേൾപ്പാൻ ഭാവിച്ചു വാഴുംകാല-

മായതിന്മുമ്പേ ഭൃഗു വേട്ടുകൊണ്ടതുമൂലം.

കൊണ്ടുപോകുന്നേനെന്നു സൂകരവേഷം കൈക്കൊ-

ണ്ടന്നവനവളെയുമെടുത്തു നടകൊണ്ടു.

ഗർഭപാത്രസ്ഥനായോരർഭകനതുനേര-

മുത്ഭവിച്ചവൻതന്നെ നോക്കിനാൻ കോപത്തോടെ.

നേത്രാഗ്നിതന്നിൽ ദഹിച്ചീടിനാൻ നിശാചരൻ

മാർത്താണ്ഡസമനായ പുത്രനെയെടുത്തവൾ

ത്രസ്തയായ്‌വീർത്തു വീർത്തു കരഞ്ഞുകരഞ്ഞുളളിൽ

ചീർത്ത വേദനയോടുമാശ്രമത്തിങ്കൽ ചെന്നാൾ.

അശ്രുക്കൾ വീണു വധൂസരയെന്നൊരു നദി

വിശ്രുതമായ തീർത്ഥമുണ്ടായിതതുകാലം.

വന്നൊരു ഭൃഗുമുനി വൃത്താന്തമെല്ലാം കേട്ടു

തന്നുടെ പത്നിയോടു പിന്നെയും ചോദ്യംചെയ്‌താൻ.

നിന്നെയിന്നവളെന്നു ചൊന്നതാരവനോടു

നിന്നെ രാക്ഷസനറിവാനവകാശമില്ല.

നിന്നുടെ പരമാർത്ഥം രാക്ഷസനോടു നേരേ

ചെന്നവൻതന്നെശ്ശപിച്ചീടുവൻ നേരേ ചൊൽ നീ

തന്നുടെ ഭർത്താവിത്ഥം ചൊന്നതു കേട്ടു ചൊന്നാൾ

വഹ്നി രാക്ഷസനോടു പറഞ്ഞുകൊടുത്തതും.

ക്രൂദ്ധനായഗ്നിയെതന്നെശ്ശപിച്ചു ഭൃഗുമുനി.

ശുദ്ധിയുമശുദ്ധിയും ഭേദമെന്നിയേ ഭവാൻ

സർവ്വവും ഭക്ഷിച്ചുപോകെന്നതു കേട്ടനേരം

ഹവ്യവാഹനൻതാനും ഭൃഗുവിനോടു ചൊന്നാൻ.

അന്യായമത്രേ ഭവാനിന്നെന്നെശ്ശപിച്ചതു

നിർണ്ണയം നരകമുണ്ടസത്യം ചൊല്ലീടുകിൽ.

സത്യത്തെയുപേക്ഷചെയ്തസത്യം ചൊല്ലുന്നവൻ-

പുത്രസന്തതികൾക്കുമില്ലൊരുനാളും ഗതി.

താനറിഞ്ഞതു പറയായ്‌കിലും ദോഷമുണ്ടു

ഞാനിവയറിഞ്ഞത്രേ പറഞ്ഞു മഹാമുനേ!

എന്നിവയറിയാതേ കോപേന ശപിച്ചതു

നന്നല്ല നിന്നെക്കൂടിശ്ശപിക്കാമിനിക്കെടോ!

വിപ്രന്മാരോടു വിരോധം തുടങ്ങരുതെന്നു

കല്പിച്ചു ശമിക്കുന്നേനെന്നു നീയറിയേണം.

ഞാനത്രേ പിതൃദേവാദികളെ സങ്കല്പിച്ചു

മാനവന്മാർ ചെയ്‌തീടും കർമ്മങ്ങൾക്കാധാരവും.

ഞാനത്രേ ദേവൻമാർക്കു മുഖമായീടുന്നതും

ഞാനത്രേ വേദോക്തമാം കർമ്മങ്ങൾക്കാധാരവും.

ഞാനത്രേ സർവ്വലോകവ്യാപ്തനായീടുന്നതും

ജ്ഞാനികളുളളിലുളേളാരജ്ഞാനം ദഹിപ്പതും.

ഞാനത്രേ സർവ്വസാക്ഷിഭൂതനായീടുന്നതും

ഞാനത്രേ ജന്തുക്കളെ സൃഷ്‌ടിക്കുന്നതും നിത്യം

ഞാനത്രേ ജന്തുക്കളെ വർദ്ധിപ്പിച്ചീടുന്നതും

ഞാനത്രേ ജന്തുക്കളെ രക്ഷിക്കുന്നതും നിത്യം

ഞാനത്രേ ജന്തുക്കളെ ഭക്ഷിക്കുന്നതുമെടോ!

ഞാനത്രേ സർവ്വൗഷധരസമുണ്ടാക്കുന്നതു-

മക്ഷരകർമ്മാദികൾക്കാദ്ധ്യക്ഷ്യമിനിക്കത്രേ

മുഖ്യദേവതാപൂജയ്‌ക്കൊക്ക മുമ്പെനിക്കത്രേ

അജ്ഞാനമുണ്ടാകരുതെനിക്കു നിന്നെപ്പോലെ.

വിജ്ഞാനസ്വരൂപൻ ഞാനെന്നതോർത്തടങ്ങുന്നേൻ.

നല്ലതു ശമമത്രേ നല്ലവർക്കെല്ലാവർക്കും.

കല്യാണമിതില്പരമില്ലെന്നു വഹ്നിദേവൻ

ശാന്തനായ്‌ മറഞ്ഞതു കണ്ടൊരു മറയോരും.

ശാന്തചിത്തന്മാരായ മാമുനിജനങ്ങളും

ആവതെന്തിനിയെന്നു തന്നുളളിൽ നിരൂപിച്ചു

ദേവകളോടു ചൊന്നാരുണ്ടായ വിശേഷങ്ങൾ.

അഗ്നിതന്നഭാവത്താൽ മറഞ്ഞു കർമ്മങ്ങളും

മഗ്നമായിതു ലോകമാപദാംബുധിതന്നിൽ.

സൃഷ്‌ടികർത്താവായീടും ബ്രഹ്‌മനോടിവയെല്ലാ-

മൊട്ടും വൈകാതെ ചെന്നങ്ങുണർത്തിക്കയും വേണം.

കഷ്‌ടമെന്തിതിനൊരു കാരണമറിഞ്ഞില്ല.

നഷ്‌ടമായിടുമിപ്പോളല്ലായ്‌കിൽ പ്രപഞ്ചവും.

പെട്ടെന്നു ദേവാദികളതു കേട്ടനന്തരം

ക്ലിഷ്‌ടമാനസന്മാരായ്‌ സത്യലോകവും പുക്കാർ.

ശിഷ്ടന്മാരാകും മുനിമാരും നിർജ്ജരന്മാരും

സ്പഷ്ടവർണ്ണോദ്യൽസ്തുതി നമസ്‌കാരാദി പരി-

തുഷ്‌ടനായീടും ജഗൽസ്രഷ്‌ടാവിനോടു ചൊന്നാർ.

ഉണ്ടായ വിശേഷം കേട്ടഗ്നിയെ വിധാതാവും

കൊണ്ടാടിവിളിച്ചരുളിച്ചെയ്‌താനതുനേരംഃ

“ഒന്നിലും ഭവജ്ജ്വാല തട്ടിയാലശുദ്ധമി-

ല്ലൊന്നുകൊണ്ടുമേ ഭവാനശുദ്ധമുണ്ടായ്‌വരാ.

ഭാസ്‌കരരശ്‌മികൾ ചെന്നെന്തെല്ലാം തൊടുമെന്നാ-

ലോർക്കുമ്പോൾ തൊട്ട വസ്‌തു ശുദ്ധമായ്‌വരുമത്രേ.

അജ്ഞാനികളേപ്പോലെ ഖേദിപ്പാനെന്തു ഭവാൻ

സുജ്ഞാനിജനങ്ങളോടൊന്നും പറ്റുകയില്ല.

സർവ്വവും ഭക്ഷിച്ചാലുമില്ലശുദ്ധതയെടോ

ഹവ്യവാഹനനാകും നിനക്കെന്നറികെടോ!

പാവകൻ ദുഃഖം തീർന്നു ദേവകളോടുംകൂടി-

പ്പാവനന്മാരാം മുനിമാരുമായ്‌ വസിച്ചിതു.

ലോകവും തെളിഞ്ഞിതു താപസവരന്മാരെ!

ശോകനാശനത്തിന്നു ചൊല്ലീടാം കഥയിന്നും.

Generated from archived content: mahabharatham28.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English