പൗലോമം – ഉദങ്കോപാഖ്യാനം

വെളളക്കാളയുമേറിക്കാണായിതൊരുത്തനെ

ചൊല്ലിനാനവനെന്നോടശിപ്പാൻ വൃഷമലം.

നിന്നുടെ ഗുരുവിതു ഭക്ഷിച്ചിതെന്നു ചൊന്നാ-

നെന്നതു കേട്ടു ഞാനും ഭക്ഷിച്ചേനതിൻമലം.

എന്തതിൻ ഫലമെന്നുമാരവനെന്നുമെല്ലാം

നിന്തിരുവടിയരുൾചെയ്യണമെന്നോടിപ്പോൾ.

നാഗലോകത്തു ചെന്നനേരത്തു കണ്ടൂ പിന്നെ

വേഗത്തിലാറു കുമാരന്മാരാൽ ഭ്രമിപ്പിക്കും

ചക്രവും തേജോമയമായൊരു കുതിരയും

തൽകണ്‌ഠദേശേ പുനരെത്രയും തേജസ്സോടും

ദിവ്യനായിരിപ്പോരു പുരുഷശ്രേഷ്‌ഠനേയും.

സർവ്വവുമിവറ്റിന്റെ തത്വങ്ങളരുൾചെയ്‌ക.

വേദവേദാംഗജ്ഞനാം വൈദനുമതു കേട്ടു

സാദരമുദങ്കനാം ശിഷ്യനോടരുൾചെയ്താൻഃ

ധവളമയമായ വൃഷഭമൈരാവതം

വിബുധേശ്വരൻ മലമശിപ്പാൻ ചൊല്ലിയതും

അമൃതമതിൻമലമതു സേവിപ്പോർക്കെന്നു-

മമരത്വവും വരുമിന്ദ്രനെന്നുടെ സഖി

പാതാളം പുക്കനേരം ബാധകൾ വരാഞ്ഞതും

വാസവദേവനനുഗ്രഹത്താലറിഞ്ഞാലും.

ഷൾക്കുമാരന്മാർ തിരിച്ചീരാറസ്രങ്ങളോടു-

മുഗ്രമായ്‌ക്കാണായതു വത്സരചക്രമെടോ.

അശ്വമായതുമഗ്നി നിന്നെയിങ്ങാക്കിയതും

നിശ്ചയമരികെക്കാണായതു പർജ്ജന്യനും

അത്ഭുതമെത്രയും നീ സാധിച്ചതറിഞ്ഞാലും

സത്‌പുരുഷന്മാരിൽ നീ മുമ്പനായ്‌വരികെന്നാൻ.

അക്കാലമുദങ്കനും തക്ഷകൻതന്നെക്കൊൽവാ-

നുൾക്കാമ്പിൽ നിരൂപിച്ചു കല്പിച്ചാനുപായവും.

ജനമേജയന്‌റുപൻ കുരുക്ഷേത്രത്തിങ്കേന്നു

മുനിമാരോടുമൊരുയാഗം ചെയ്യുന്ന കാലം

പുക്കിതു കുരുക്ഷേത്രമുദങ്കൻ ന്‌റുപതിയും

സല്‌ക്കരിച്ചർഘ്യാദികൾ നല്‌കിയോരനന്തരം.

“ഉത്തമമെത്രയും നീ ചെയ്യുന്ന യാഗമിതി-

ലുത്തമമായിട്ടുണ്ടു ഞാനൊന്നു ചൊല്ലീടുന്നു.

വല്ലാതെ ജനകനെക്കൊന്ന തക്ഷകൻതന്നെ

കൊല്ലാവാനുത്സാഹം ചെയ്തീടുകിലിതിന്മീതെ.

നല്ലതില്ലേതുമിതു ചൊല്ലുവനറിഞ്ഞാലും.

താപസബാലകന്റെ ശാപം പ്രാമാണ്യമാക്കി

ഭൂപതിപ്രവരനെ കൊല്ലുവാൻ കാശ്യപനെ

തടുത്തു പരീക്ഷിച്ചു പടുത്വമോടു പേരാൽ

കടിച്ചു ദഹിപ്പിച്ചു തഴപ്പിച്ചിതു മുനി.

കൊടുത്തു രത്നാദികൾ തക്ഷകൻ കാശ്യപനു

നടിച്ചു കടിച്ചതിനെന്തു കാരണമോർത്താൽ.

ഒടുക്കീടേണമവൻതന്നെയെന്നുദങ്കനു-

മടുപ്പമോടു പറഞ്ഞുറപ്പിച്ചതുനേരം.

മന്ത്രികളോടുകൂടെ മന്ത്രിച്ചു ന്‌റുപതിയും

ചിന്തിച്ചു മുനിമാരെ വരുത്തിയുരചെയ്‌തു.

തക്ഷകൻതന്നെക്കൊൽവാൻതക്കൊരു യാഗം ചെയ്‌വാൻ

തൽക്ഷണം തുടങ്ങിനാർ സർപ്പസത്രവുമവർ.

കാരണമിതു സർപ്പസത്രത്തിനെന്നു സൂത-

നാരണരൊടു പറഞ്ഞീടിനോരനന്തരം.

ഇക്കഥാശേഷം ചൊൽവാൻ പിന്നെയാമെന്നേ വേണ്ടൂ.

മുഖ്യമാം ഭൃഗുവംശം ചൊല്ലണമിതിൻമുമ്പേ

നമ്മുടെ ഗുരുഭൂതന്മാരവരവരുടെ

ജന്മാദിഗുണങ്ങളെച്ചൊല്ലണം മടിയാതെ.

ഭൃഗുകുലവിസ്‌താരം

സൂതനുമതുനേരം ചൊല്ലിനാനവരോടു

വേധാവിന്മകൻ ഭൃഗു ഭൃഗുജൻ ച്യവനനും.

ച്യവനനുടെ മകൻ പ്രമതി മുനിവരന-

വനും ഘൃതാചിയിലുണ്ടായി രുരുനാമാ

മറ്റുമുണ്ടൊരു പുത്രൻ ശുനകനെന്നു നാമം

കുറ്റമില്ലാതെ മുനി ശൗനകനവന്മകൻ.

ഇത്ഥം ചൊന്നതുനേരം താപസനരുൾചെയ്തു

വിസ്തരാൽ ചൊല്ലീടണം ച്യവനോത്‌ഭവമെല്ലാം.

Generated from archived content: mahabharatham27.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here