ഉദങ്കോപാഖ്യാനം

ജനമേജയൻതാനും മൂന്നനുജന്മാരുമായ്‌

മുനിമാരൊടുംകൂടെ കുരുക്ഷേത്രത്തിൽച്ചെന്നു.

കനിവോടൊരു യാഗം തുടങ്ങിയതുകാല

മനുജാതന്മാർ മഖശാലയിലിരിക്കുമ്പോൾ

ചെന്നിതു സാരമേയൻ ഭൂപസോദരന്മാരാ-

ലന്നേരമഭിഹതനായവനോടിപ്പോയാൻ.

തന്നുടെ മാതാവായ സരമയതു കണ്ടു

ഖിന്നനായ്‌ കരയുന്ന നന്ദനനോടു ചൊന്നാൾഃ

“എന്തിനു കരയുന്നൂ ആരുണ്ണീ ഹനിച്ചതും

ബന്ധമെന്തിതി”നെന്നു കേട്ടവനുരചെയ്‌താൻഃ

“പൃഥിവീപതി ജനമേജയസോദരന്മാർ

ശ്രുതസേനനുമുഗ്രസേനനും ഭീമസേനൻ

ഇവർകൾ മൂവരാലും ഞാനഭിഹിതനായേൻ”

അവളുമതു കേട്ടു തനയനോടു ചൊന്നാൾഃ

“എന്തു നീയവരോടു പിഴച്ചതെന്നു ചൊൽ നീ”

“ബന്ധമില്ലൊരുപിഴ ഞാൻ ചെയ്‌തീലെന്നാ”നവൻ.

“ഗന്ധിച്ചതില്ല ഹവ്യം തൊട്ടീലാ നോക്കീലല്ലോ

ചിന്തിച്ചാലിതിന്നൊരു ബന്ധമില്ലേതുമമ്മേ!

സത്യ”മെന്നതു കേട്ടു ചൊല്ലിനാൾ സാരമേയിഃ

“ഏതുമേ പിഴയാതെ ബാലനെ ഹനിക്കയാൽ

ഹേതുകൂടാതൊരാപത്തുണ്ടാക നിനയാതെ.”

ശാപത്തെക്കേട്ടു പരിതാപത്തോടവനീശൻ

പാപദ്ധ്വംസനമായ യാഗത്തെ സമർപ്പിച്ചു.

ശാപത്തെയൊഴിപ്പതിനാരിനി നല്ലതെന്നു

ശോഭിച്ചൊരുപാദ്ധ്യായൻതന്നെത്തേടിനാനവൻ.

അന്നാളിൽ ശ്രുതശ്രവാവാകുന്ന മുനിയുടെ

പർണ്ണശാലയിൽ ചെന്നാൻ മൃഗയാവിശ്രാന്തനായ്‌.

മന്നവൻ ശ്രുതശ്രവാവിൻ മകൻ സോമശ്രവാ-

വെന്ന താപസകുമാരൻതന്നെ വരിച്ചിതു

പൗരോഹിത്യത്തിന്നപ്പോളവനീശ്വരനോടു

പാരമാർത്ഥ്യവും പിതാ ചൊല്ലിനാൻ ശ്രുതശ്രവാ-

വെന്നുടെ പുത്രനാകും ബാലകൻ സോമശ്രവാ

പന്നഗനാരീമണിതന്നിലുല്പന്നനായാൻ.

ധന്യാത്മാ തപോബലംകൊണ്ടേറ്റം ജീവിച്ചീടും

വഹ്നിജശിഖാസമതേജസാം നിധി തവ

പുണ്യൗഘം വളർത്തുവാൻ പോരുമെന്നറിഞ്ഞാലും.

നിർണ്ണയമിതുകൊണ്ടു ഖേദവുമുണ്ടാകേണ്ടാ.

ഉണ്ടല്ലോ വലിയൊരു ദുർദ്ധരമഹാവ്രതം

ഇണ്ടലുണ്ടതുകൊണ്ടു ശിഷ്യന്മാർക്കെന്നുവരും.

ഭൂദേവയജ്ഞഭംഗം ചെയ്‌തീടുമാറില്ലവൻ

മേദിനീപതേ! നിനക്കതിനെസ്സഹിക്കാമോ?

അന്നവനൊത്തവണ്ണമിരിപ്പാൻ സത്യംചെയ്‌തു

മന്നവൻ മുനിയോടു വരിച്ചുകൊണ്ടാനല്ലോ.

അത്തൽതീർന്നുർവ്വീപതി താപസപുത്രനോടും

ഹസ്തിനം പ്രാപിച്ചനുജന്മാരോടുരചെയ്‌താൻഃ

നമുക്കു പുരോഹിതൻ താപസവരനിനി-

സ്സമസ്തകർമ്മങ്ങളുമിമ്മുനി ചൊല്ലുംവണ്ണം.

പിന്നെപ്പോയ്‌ തക്ഷശിലാഖ്യംപുരംതന്നിൽച്ചെന്നു

മന്നവൻ യുദ്ധംചെയ്‌തു ജയിച്ചാനവിടവും.

സാമസന്ധ്യാദി നിജോപായനീതികൾകൊണ്ടും

സാമന്താദികളെയുമൊക്കവേ വശത്താക്കി.

തന്നുടെ നാടാക്കിത്താനടക്കിയിരിക്കുംനാൾ

പുണ്യാത്മാ തപോധനനായൊരു ധൗമ്യനുളളിൽ.

കാരുണ്യംപൂണ്ടു ശിഷ്യരുപമന്യുവും പുന-

രാരുണി പാഞ്ചാലനും വൈദനുമുണ്ടായ്‌വന്നു.

അലിഞ്ഞ ചിത്തത്തൊടു വൈദനാകിയ ശിഷ്യൻ

പലനാളൊരുപോലെ ഗുരുശുശ്രൂഷചെയ്‌താൻ.

വൈദൻതന്നുടെ ശിഷ്യനുദങ്കനെന്ന മുനി

വൈദഗ്‌ദ്ധ്യം ഗുരുശുശ്രൂഷയ്‌ക്കവനേറുമല്ലോ.

അവനും പലകാലം ഗുരുശുശ്രൂഷ ചെയ്‌താ-

നവനെക്കുറിച്ചേറ്റം വൈദനും പ്രസാദിച്ചു.

“നിന്നുടെ ശുശ്രൂഷകൾ പോരുമെന്നറിഞ്ഞാലും

നിന്നോളം ഗുരുഭക്തി മറ്റൊരുവർക്കുമില്ല.

ഇങ്ങനെ നിന്നെപ്പോലെ ഗുരുശുശ്രൂഷചെയ്‌വാ-

നെങ്ങുമില്ലൊരുത്തരു”മെന്നരുൾചെയ്‌തു ഗുരു.

നിന്നുടെയാത്മശുദ്ധി കണ്ടു ഞാൻ പ്രസാദിച്ചേ-

നെന്നതുനിമിത്തമായ്‌ വർദ്ധിക്ക വിദ്യകളും.

പിന്നെയും പുനരേവം ചൊല്ലിനോരാചാര്യനോ-

ടെന്നതു കേട്ടുനിന്നു ചൊല്ലിനാനുദങ്കനുംഃ

“എങ്കിലും ഗുരുവിനു ദക്ഷിണചെയ്‌തീടേണ-

മെങ്കിലേ വിദ്യകളും ഗുണവും പ്രകാശിപ്പൂ.”

ദക്ഷനാകിയ ശിഷ്യനിങ്ങനെ പറഞ്ഞപ്പോൾ

ശിക്ഷിതാവായ ഗുരു പിന്നെയുമരുൾ ചെയ്‌തുഃ

“ദക്ഷിണ ശുശ്രൂഷയിന്മീതെ മറ്റൊന്നുമില്ല

ഭക്തിയില്ലെന്നാകിൽ മറ്റൊന്നിനും ഫലമില്ല.”

ഏവമാചാര്യൻ ചൊന്നതാശു കേട്ടുദങ്കനു-

മാവോളം വിനയംപൂണ്ടാചാര്യനോടു ചൊന്നാൻഃ

“സമസ്തകർമ്മങ്ങൾക്കും സമസ്തവ്രതങ്ങൾക്കും

ക്രമത്താലനുഷ്‌ഠിച്ചാലന്തം ദക്ഷിണയല്ലോ.

അല്ലെങ്കിൽ സമാപ്തിയാകുന്നതെന്തരുൾചെയ്‌ക

വല്ലതും വേണമൊരു ദക്ഷിണയെന്നു നൂനം.

എങ്കിലെൻ പത്നിയോടു ചോദിച്ചാലവൾ ചൊല്ലും

ശങ്കകൂടാതെ ചെയ്‌ക ദക്ഷിണയവൾക്കു നീ.

നല്ലനായ്‌വരികെ”ന്നു ചൊന്നതു കേട്ടു ഗുരു-

വല്ലഭതന്നെ വന്ദിച്ചവനും ചോദ്യംചെയ്‌താൻഃ

“എന്തഭിമത”മെന്നു കേട്ടവളുരചെയ്താൾഃ

“ചിന്തിതം പറഞ്ഞിടാമെങ്കിലോ നാലാന്നാൾ നീ

ചൊല്ലെഴും പൗഷ്യനായ ഭൂപതിപ്രവരന്റെ

വല്ലഭയണിയുന്ന കുണ്ഡലം നല്‌കീടണം.”

അതു കേട്ടവൻ നിജഗുരുവാം വൈദമുനി-

പദതാർ നമസ്‌കരിച്ചനുജ്ഞ കൊണ്ടു പോയാൻ.

അന്നേരമൊരു കാളതന്മുതുകേറിക്കൊണ്ടു

വന്നീടുന്നവൻതന്നെക്കാണായി മദ്ധ്യേമാർഗ്ഗം.

ഭക്ഷിച്ചീടണം കാളതന്മലമെന്നാനവൻ

ഭക്ഷിച്ചു പണ്ടു വൈദൻ വർദ്ധിക്കും കായബലം.

ശങ്കിച്ചീടേണ്ട തവ സങ്കടമെല്ലാം തീരും

പങ്കവുമകന്നീടും മംഗലം വന്നുകൂടും.

ഇത്തരം മുഹൂർമ്മുഹൂരുത്തമവാക്യം കേട്ടു

ഭക്തിയോടുദങ്കനും ഭക്ഷിച്ചു വൃഷമലം.

പിന്നെപ്പോയ്‌ പൗഷ്യനൃപൻതന്നെയും കണ്ടാനവൻ

നന്നായി സൽക്കാരംചെയ്‌തിരുത്തി പൗഷ്യൻതാനും.

എന്തു കാംക്ഷിതമെന്നു ഭൂപതി ചോദിച്ചപ്പോൾ

ചിന്തിതമുദങ്കനും ചൊല്ലിനാൻ പരമാർത്ഥംഃ

“മേദിനീപതേ! തവ പത്നിതൻ കുണ്ഡലങ്ങ-

ളാദരവോടു മമ നല്‌കണം മടിയാതെ.”

ഭൂപതി ചൊന്നാനതു പത്നിയോടപേക്ഷിച്ചാൽ

താപസവര! തവ നല്‌കീടുമവൾതാനും.

അതു കേട്ടുദങ്കനും പൗഷ്യപത്നിയെക്കാണ്മാ-

നതികൗതുകത്തൊടു തിരഞ്ഞു കാണാഞ്ഞപ്പോൾ

Generated from archived content: mahabharatham25.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here