പൗലോമം (ഏഴാം ഭാഗം)

ത്രിപുരദഹനം മാദ്രാംഗേശപ്രതീവാദ-

മരയന്നത്തോടൊരു വായസം തോറ്റവാറും

തരണീസുതനോടു മാരുതി തോറ്റവാറും

ധരണീസുതശരം ധർമ്മജനേറ്റവാറും

പാർത്ഥനാൽ സംശപ്തകരൊടുക്കപ്പെട്ടവാറും

പാർത്ഥിവൻ പാർത്ഥനോടു പരുഷം ചൊന്നവാറും

പാർത്ഥിവൻതന്നെക്കൊൽവാൻ പാർത്ഥനോങ്ങിയവാറും

പാർത്ഥസാരഥിചൊല്ലാൽ പാർത്ഥിവൻതന്നെപ്പാർത്ഥൻ

പേർത്തു ‘നീ നീ നീ’യെന്നു നിന്ദിച്ചു ചൊന്നവാറു-

മാർത്തനായ്‌ പ്രാണത്യാഗത്തിന്നൊരുമ്പെട്ടവാറും

ആർത്തിയെബ്‌ഭക്തന്മാർക്കു തീർക്കുന്ന കൃഷ്‌ണൻചൊല്ലാൽ

പാർത്ഥനും വാചാ തന്നത്താൻ പ്രശംസിച്ചവാറും

ധർമ്മജൻ ധനഞ്ജയന്മാരെയും നിരത്തീട്ടു

ധർമ്മസ്ഥാപനകരൻ പോർക്കൊരുമിപ്പിച്ചതും

ശൂരനാം വൃകോദരൻ ഘോരസംഗരാങ്കണേ

ഘോരനാം ദുശ്ശാസനൻമാർവിടം പിളർന്നതും

കർണ്ണഫല്‌ഗുനയുദ്ധംതന്നുടെ കടുപ്പവും

കർണ്ണനാഗാസ്‌ത്രപ്രയോഗാദിയും ധനഞ്ജയൻ

കർണ്ണനെ വധിച്ചതും മറ്റുമിത്തരമെല്ലാം

പുണ്യാത്മാ വേദവ്യാസനരുളിച്ചെയ്‌തീടിനാൻ.

അദ്ധ്യായമതിലറുപത്തൊൻപതറിഞ്ഞാലും

പദ്യങ്ങൾ നാലായിരത്തില്പുറം തൊളളായിരം.

പോരതിൽ യുധിഷ്‌ഠിരൻ ശല്യരെ വധിച്ചതും

മാരുതിസുയോധനന്മാർ ഗദായുദ്ധാദിയും

ബലഭദ്രാഗമനം തീർത്ഥമാഹാത്മ്യങ്ങളു-

മലിവോടരുൾചെയ്‌തു ശല്യപർവത്തിൽ കൃഷ്‌ണൻ.

അദ്ധ്യായമതിലമ്പത്തൊമ്പതെന്നറിഞ്ഞാലും

പദ്യങ്ങൾ മൂവായിരത്തിരുനൂറ്റിരുപതും.

സൗപ്തികപർവംതന്നിൽ ചൊല്ലിയതൊട്ടു ചൊല്ലാം

വ്യാപ്തിയിലുരചെയ്‌വാൻ വേലയുണ്ടറിഞ്ഞാലും.

കാലൊടിഞ്ഞവനിയിൽ വീണൊരു സുയോധനൻ

കാലപാശാനുഗതനായതു കണ്ടനേരം

അശ്വത്ഥാമാവാദികൾ നിശ്വാസത്തൊടുംകൂടി

വിശ്വാസം സുയോധനൻതന്നോടു ചെയ്‌തവാറും.

ധൃഷ്‌ടദ്യുമ്നാദികളെ നഷ്‌ടമാക്കിടുംമുമ്പേ

കെട്ടിയ കവചം ഞാനഴിക്കുന്നീലയെന്നു

പെട്ടെന്നു സത്യംചെയ്‌തു രാത്രിയിൽ ചെന്നവാറും

സൃഷ്‌ടിപാലനഹരണാദികൾ ചെയ്യും ദേവൻ

പാണ്ഡവന്മാരെ വേറെ കൊണ്ടുപൊയ്‌ക്കൊണ്ടവാറും

താണ്ഡവപ്രിയനായ ശങ്കരനനുഗ്രഹാൽ

പഞ്ചദ്രൗപദേയന്മാരോടു പാഞ്ചാലനേയും

പഞ്ചതചേർത്താനല്ലോ മിഞ്ചിച്ച പടയോടും.

അശ്വത്ഥാമാവാദികൾ ദുരിയോധനൻതന്നോ-

ടശ്രുക്കൾ തുടച്ചുടനിച്ഛയോടിതു ചൊന്നാർ.

മരിച്ചു സുയോധനൻ പാണ്ഡവന്മാരുമപ്പോൾ

മരിച്ചുമരിയാതെ വാർത്തകൾ കേട്ടനേരം

അതിനാലനശനം ദീക്ഷിച്ചു മരിപ്പതി-

ന്നതിശോകത്തോടാരംഭിച്ചിതു പാഞ്ചാലിയും

ഭീമനും ദ്രോണിശിരോമണി കൊളളുവാൻ പോയാൻ

ഭീമനെത്തേടിപ്പിൻപേ മാധവാർജ്ജുനന്മാരും.

ചെന്നതു കണ്ടു പേടിച്ചശ്വത്ഥാമാവുതാനു

മന്നേരം പ്രയോഗിച്ചു ബ്രഹ്‌മാസ്ര്തമവാരിതം

ഇമ്മഹീതലമപാണ്ഡവമായ്‌ചമകെന്നു

ചിന്മയൻ നാരായണൻ രക്ഷിച്ചാനതിൽനിന്നും

ബന്ധുക്കൾക്കുദകകർമ്മാദികൾ ചെയ്യുന്നേരം

കുന്തിയും കർണ്ണൻ മമ നന്ദനനെന്നു ചൊന്നാൾ.

കുന്തീപുത്രരുമതു കേട്ടു സന്താപത്തോടേ

ചിന്തിച്ചു ചിന്തിച്ചുദകക്രിയകളും ചെയ്‌താർ.

അദ്ധ്യായം പതിനെട്ടുണ്ടിത്യാദി സൗപ്തികത്തിൽ

പദ്യങ്ങളെണ്ണൂറ്റെഴുപതുമുണ്ടെന്നു ചൊല്ലാം.

പതിനൊന്നാമതുപോൽ സ്‌ത്രീപർവ്വമതിൻകഥ

വിധവവനിതമാർപരിദേവനങ്ങളും.

ഗാന്ധാരി യദുക്കൾക്കു ശാപം നല്‌കിയവാറും

ഗാന്ധാരീപതി സുതന്മാരെപ്പുല്‌കിയവാറും.

വിസ്‌മയമയോമയമായ മാരുതിരൂപം

ഭസ്‌മമായ്‌ ചമഞ്ഞതും കശ്‌മലന്‌റുപൻതന്നാൽ

സസ്മിതനായ കൃഷ്‌ണനരുളിച്ചെയ്തവാറു-

മശ്മസാരവച്ചിത്തമന്ധനു ചമഞ്ഞതും.

ധർമ്മജനിയോഗത്താൽ ശവസംസ്‌കാരാദികൾ

തന്മനോദുഃഖത്തൊടും ബന്ധുക്കൾ ചെയ്‌തവാറും

അദ്ധ്യായമിരുപത്തേഴുണ്ടിതെന്നറിഞ്ഞാലും

പദ്യങ്ങൾ ചൊല്ലാമെഴുനൂറ്റെഴുപത്തഞ്ചല്ലോ.

ശാന്തിദം ശാന്തിപർവ്വം പന്ത്രാണ്ടമതും പിന്നെ-

ശ്ശാന്തനവോക്തിമയം മിക്കതുമോർക്കുന്നാകിൽ

വർണ്ണധർമ്മങ്ങൾ പുനരാശ്രമധർമ്മങ്ങളും

പുണ്യതീർത്ഥാദിഫലം ദാനധർമ്മൗഘഫലം.

ജപഹോമാദിധർമ്മമാപദ്ധർമ്മവും പിന്നെ

ത്തപസാം നിയമാദിസാംഖ്യയോഗാദിഭേദം

മോക്ഷധർമ്മവും വിശേഷിച്ചറിയിച്ചു ഭീഷ്‌മർ

സാക്ഷാൽശ്രീനാരായണൻതന്നുടെ നിയോഗത്താൽ.

അദ്ധ്യാത്മജ്ഞാനം മുഹുർവ്വിസ്തരിച്ചറിയിച്ചി-

തദ്ധ്യായം മുന്നൂറ്റിന്മേൽ മുപ്പത്തൊമ്പതുമുണ്ട്‌.

പദ്യങ്ങൾ പതിന്നാലായിരവും പിൻപഞ്ഞൂറും

ഹൃദ്യങ്ങളതിന്നുമേലിരുപത്തഞ്ചുമല്ലോ.

പതിമ്മൂന്നാമതനുശാസനീകാഖ്യം പർവ്വ-

മതിങ്കൽ ധർമ്മസ്ഥിതി പലവും പാർക്കുന്തോറും.

ദാനങ്ങളുടെ ഭേദമധികാരികൾഭേദം

ദാനധർമ്മനിഷ്‌ഠാദി വിധിഭേദങ്ങൾ പിന്നെ

പാത്രഭേദവും കാലഭേദവും ദേശഭേദം

ശാസ്‌ത്രസിദ്ധാന്തഭേദം മന്ത്രമൂർത്തികൾഭേദം

ശ്രൗതസ്മാർത്താദിഭേദം താന്ത്രികഭേദങ്ങളും

ചേതനാജഡഭാവഭേദവും മഖഭേദം

സൃഷ്‌ടിപാലനഹരണങ്ങളും തത്തൽകർമ്മാ-

നുഷ്‌ഠാനമിഷ്‌ടപൂർവ്വമവതാരാദികളും

മൗനസത്യാദിഭേദഗതികളിവയെല്ലാം

മാനസാനന്ദം വരുമാറരുൾചെയ്‌തു കൃഷ്‌ണൻ.

അദ്ധ്യായമിരുനൂറ്റെൺപത്താറുണ്ടതിൽ നല്ല

പദ്യങ്ങൾ ഹൃദ്യങ്ങളായുണ്ടു പന്തീരായിരം.

പതിന്നാലാമതശ്വമേധികപർവ്വമല്ലോ

മതിമാന്മാരായുളേളാർക്കധികം മനോഹരം.

മാമുനി സംവർത്തകൻ മരുത്തന്‌റുപനോടു

സാമോദമരുൾചെയ്‌തു പുണ്യസല്‌ക്കഥകളും.

Generated from archived content: mahabharatham23.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here