പൗലോമം (ആറാം ഭാഗം)

വിദ്വാനാം വേദാവ്യാസനുദ്യോഗപർവംതന്നി-

ലദ്ധ്യായമനുത്തമം നൂറ്റിരുപത്താറതിൽ

പദ്യങ്ങളൂനദ്വയം നിശ്ചയമേഴായിരം.

ഹൃദ്യങ്ങളവേദ്യങ്ങളനവദ്യങ്ങളല്ലോ.

പിന്നേതു ഭീഷ്മപർവം ചൊല്ലുവൻ ചുരുക്കി ഞാൻ

ധന്യനാം ഗാവൽഗണി തനിക്കു വേദവ്യാസൻ

സർവഭൂപാലയുദ്ധമുർവീശനറിയിപ്പാൻ

ദിവ്യലോചനം നല്‌കിയെഴുന്നളളിയവാറും

സപ്തദ്വീപങ്ങളോടും സപ്തവാരിധികളും

സപ്തപർവതങ്ങളും സപ്തലോകങ്ങൾ രണ്ടും

സപ്താശ്വൻ മുതലായ സപ്തഖേചരഗത-

സപ്തമാമുനിഗതി സപ്തമാരുതഗതി

സത്വരമിവയെല്ലാം സത്യമായ്‌ ചൊന്നവാറും

പുത്രമിത്രാദികളും പിത്രാദ്യാചാര്യന്മാരും

ശത്രുഭാവേന കണ്ടു യുദ്ധാർത്ഥം യുദ്ധഭൂവി

വൃത്രാരിപുത്രൻ തത്ര ചിത്തകാരുണ്യം കൈക്കൊ-

ണ്ടെത്രയുമശക്യമിതുത്തമഹിംസാകർമ്മം

ഇത്ഥമോർത്തവനതിവിത്രസ്തഹൃദയനായ്‌

ബുദ്ധിയുംകെട്ടു പാർത്ഥൻ തേരതിലിരുന്നപ്പോൾ

ഭൃത്യഭാവവും വച്ചു ഭക്തവത്സലൻ കൃഷ്‌ണൻ

ഭൃത്യനോടരുൾചെയ്തു സത്യമാം വേദാന്താർത്ഥം.

നിത്യാനിത്യാദികളാം വാസ്തവം തർക്കശക്ത്യാ

തത്വബോധാർത്ഥം സത്യജ്ഞാനാനന്താനന്ദവും

സത്വാദിഗുണയുക്തപ്രകൃതിവിലാസവും

സത്വങ്ങളുളളിൽ ജീവാത്മാവായ്‌ താനിരിപ്പതും

ക്ഷേത്രക്ഷേത്രജ്ഞഭാവവാസ്തവഭേദങ്ങളും

ശാസ്‌ത്രസിദ്ധാന്തങ്ങൾ വർണ്ണാശ്രമാചാരഭേദം

സൂത്രതത്വവും വിഭൂതിപ്രഭാവവും പിന്നെ

ക്ഷേത്രകർമ്മവും സാംഖ്യയോഗാദിഭേദങ്ങളും

ദ്വന്ദ്വഭാവങ്ങൾ കളഞ്ഞദ്വയമുറപ്പിച്ചാ-

നന്ദവുമവനരുൾചെയ്തിതാനന്ദമൂർത്തി.

വിശ്വവിസ്മയകരസമരചതുരനു

വിശ്വരൂപവും കാട്ടി വിശ്വാസം വരുത്തിനാൻ.

സംഗരകോലാഹലം തുടങ്ങിപ്പിന്നെശ്ശേഷം

ഗംഗാനന്ദനൻ ദേവവ്രതനാം കൃഷ്‌ണഭക്തൻ

പതിനൊന്നക്ഷൗഹിണിസംഖ്യയാം നാനാസേനാ-

പതിനായകൻ മഹാരഥനോരോരോദിനം

പതിനായിരം കാലാൾ പതിനായിരമശ്വം

പതിനായിരം ഗജം പതിനായിരം തേരാൾ

പതിതമാക്കീടുവോനതുപോൽ ത്രിഭൂവന-

പതിവാഞ്ഞ്‌ഛിതമിതി മതിമാനറികയാൽ

അങ്ങനെ പത്തുദിനം യുദ്ധംചെയ്തിതു ഭീഷ്മർ

മങ്ങാതെയതിന്നിടെ രണ്ടുനാൾ നാരായണൻ

എടുത്തു സുദർശനം പടുത്വമോടുമപ്പോ-

ളടുത്തുകണ്ടിട്ടുളള ഭഗവൽസ്തുതികളും.

അവൻതന്നനുഗ്രഹാൽ ശിഖണ്ഡിതന്നെ മുമ്പിൽ

വിബുധപതിസുതൻ നിർത്തിനാൻ യുദ്ധത്തിനായ്‌

അതിനാൽ ഭീഷ്‌മർ ശരശയനേ വസിച്ചതും

വസുധാത്മജമുനിയരുളിച്ചെയ്താനല്ലോ.

അദ്ധ്യായമതുമൊരുനൂറ്റൊരുപത്തെട്ടല്ലോ

പദ്യങ്ങളേഴായിരത്തെണ്ണൂറ്റെൺപത്തുനാലും.

പതിനൊന്നാന്നാൾ പിന്നെ ദുരിയോധനൻ സേനാ-

പതിയായഭിഷേകം ദ്രോണാചാര്യർക്ക്‌ ചെയ്താൻ.

ത്രിഗർത്തൻ സംശപ്തകഗണത്തോടൊരുമില്ല-

ങ്ങകറ്റിക്കൊണ്ടുപോയാൻ വിജയൻതന്നെയതും

അപ്രതിരഥനായ കുപ്രഭു ഭഗദത്തൻ

സുപ്രതീകാഖ്യനായ ഗജത്തിൻകഴുത്തേറി

കെല്പോടു വൃകോദരൻതന്നൊടു പൊരുതതും,

ചിൽപുമാനൊടുംകൂടി ഫല്‌ഗുനനപ്പോൾ വന്നി-

ട്ടപ്രമേയാസ്‌ത്രപ്രയോഗം തുടർന്നതുനേരം

മത്തഹസ്തീന്ദ്രവരമസ്തകം ഭഗദത്ത-

മസ്തകചാപമൊരു പത്രികൊണ്ടറുത്തതും

അംഭോജവ്യൂഹം ഭേദിച്ചുമ്പർകോന്മകന്മകൻ

വമ്പട മുടിക്കയാൽ കുംഭസംഭവാദികൾ

കമ്പമാനസന്മാരായ്‌ സംഭ്രമത്തോടുമപ്പോൾ

അമ്പൊഴിഞ്ഞാറു മഹാരഥന്മാരൊരുമിച്ചു

വമ്പനാമഭിമന്യുതന്നെക്കൊന്നതുമൂലം

ധർമ്മജൻദുഃഖം തീർപ്പാൻ സൃഞ്ജയോപാഖ്യാനാദി

നിർമ്മലൻ വേദവ്യാസനരുളിച്ചെയ്തവാറും.

നിർജ്ജരേന്ദ്രാത്മജനാമർജ്ജുനശോകം തീർപ്പാൻ

ദുർജ്ജനകാലനായ കൃഷ്ണസാന്ത്വനങ്ങളും

കൃഷ്ണസോദരിയായ സുഭദ്രാ മാത്സ്യപുത്രി

കൃഷ്ണയുമിത്യാദി നാരീജനദുഃഖം തീർപ്പാൻ

കൃഷ്ണസാന്ത്വനവചനാമൃതവിശേഷവും

വൃഷ്ണിവംശോൽഭൂതനാതൃഷ്ണയോടരുൾചെയ്തു

പുത്രനിഗ്രഹത്തിനു കാരണഭൂതനായ

ശത്രു ഗാന്ധാരീപുത്രമിത്രഭൂപരിൽ മുമ്പൻ

പ്രത്യർത്ഥി ജയദ്രഥനായ സൈന്ധവൻതന്നെ

മിത്രനാംദേവൻ നാളെയസ്തമിപ്പതിൻമുമ്പേ

മിത്രപുത്രാലയത്തിന്നയച്ചീടുവനെന്നും

വൃത്രനാശനപുത്രൻ സത്യവും ചെയ്താനല്ലോ.

എത്തീലെന്നാകി പിന്നെ വില്ലുമായ്‌ത്തീയിൽച്ചാടി

മൃത്യുലോകത്തെപ്രാപിച്ചീടുവനെന്നു ചൊന്നാൻ.

സ്വപ്‌നത്തിൽ ജിഷ്ണുവീരൻ കൃഷ്‌ണനെക്കണ്ടവാറും

ചിൽപുമാനൊടുംകൂടി കൈലാസം പ്രാപിച്ചതും

ശങ്കരൻ പ്രസാദിച്ചു സങ്കടം തീർത്തവാറും

പങ്കജനേത്രപാദപങ്കജാർച്ചിതപുഷ്പം

ശങ്കരജടാഭാരംതങ്കലേ കണ്ടവാറും

തിങ്കൾതൻ കുലജാതൻ ശങ്കയെക്കളഞ്ഞതും

മറ്റുളള നൃപന്മാരെദ്ധർമ്മജരക്ഷയ്‌ക്കാക്കി-

പ്പിറ്റേന്നാൾ യുദ്ധത്തിനു കൃഷ്‌ണനും താനുംകൂടി

ജംഭാരിസുതൻതന്നെ വമ്പൊടു പൊരുതതും.

അമ്പിനാൽ കുളംകുഴിച്ചംബുനിർമ്മാണാദിയും

ശൂരനാമലംബുസൻ ജലസന്ധാദികളും

പോരിലേഴക്ഷൗഹിണിപ്പടയും മുടിഞ്ഞതും

വിഷ്ണുചക്രച്ഛായകൊണ്ടുഷ്ണാംശു മറഞ്ഞതും

ജിഷ്ണുനന്ദനനായ ജിഷ്ണുതാൻ ജയിച്ചതും

വൃദ്ധക്ഷത്രാത്മജൻതന്നുത്തമാംഗത്തെക്കൊണ്ടു

വൃദ്ധക്ഷത്രാഖ്യൻതന്റെ ഹസ്തത്തിലാക്കിയതും

അസ്തമിപ്പതിന്മുമ്പേ സത്യത്തെ രക്ഷിച്ചതും

രാത്രിയുദ്ധവും ഘടോൽക്കചന്റെ മരണവും

പാർത്ഥിവൻ ധൃഷ്‌ടദ്യുമ്‌നൻ ദ്രോണരെ വധിച്ചതു-

മശ്വത്ഥാമാവു കോപിച്ചസ്‌ത്രങ്ങളയച്ചതും

വിശ്വാന്തകാരണമായുണ്ടായ യുദ്ധങ്ങളു-

മേഴാമതാകും ദ്രോണപർവത്തിലരുൾചെയ്താൻ

കാളീനന്ദനനായ മാമുനി വേദവ്യാസ-

നദ്ധ്യായമതിലുണ്ടു നൂറ്റെഴുപതു നല്ല

പദ്യങ്ങളുണ്ടു പതിനായിരത്തിലുംപുറം

പിന്നെയും തൊളളായിരത്തൻപതെന്നറിഞ്ഞാലും.

പുണ്യവർദ്ധനം പുരുഷോത്തമലീലാപൂർണ്ണം

കർണ്ണപർവവും ചൊന്നാനെട്ടാമതതും ചൊല്ലാം

വർണ്ണിപ്പാൻ പണിയതിലുണ്ടായ വിശേഷങ്ങൾ.

Generated from archived content: mahabharatham22.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English