അദ്ധ്യായമറുപത്തേഴെത്രയും മനോഹരം
ചിത്രാർത്ഥം മൂവായിരത്തഞ്ഞൂറു പദ്യങ്ങളും
സ്വൈരമായുപപ്ലാവ്യേ പാണ്ഡവരിരുന്നതും
ശൗരിയെ വരിപ്പാൻ ദുര്യോധനൻ വന്നവാറും
ചൗര്യനിദ്രയെപ്പൂണ്ടു ഭഗവാൻ കിടന്നതും
ശൗര്യമേറീടും പാർത്ഥൻ കൃഷ്‌ണനെ വരിച്ചതും
ഗാന്ധാരീസുതൻ യദുസൈന്യത്തെ വരിച്ചതും
കാന്തനാം പത്മാകാന്തൻ കോമളലീലകളും
ഇന്ദുശേഖരവന്ദ്യനിന്ദുബിംബാസ്യാംബുജ-
നിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതൻ പരൻ
ഇന്ദിരാവരൻ നന്ദനന്ദനൻ നാരായണൻ
ചന്ദ്രികാമന്ദസ്മിതസുന്ദരൻ ദാമോദരൻ
സുന്ദരീജനമനോമന്ദിരൻ വാസുദേവൻ
വൃന്ദാരണ്യാനുവാസി കന്ദർപ്പകളേബരൻ
ഛന്ദസാംപതി ജഗൽക്കന്ദളഭൂതൻ മുചു-
കുന്ദനന്ദിതൻ പരമാനന്ദൻ ശ്രീഗോവിന്ദൻ
ഇന്ദ്രനന്ദനനുമായ് ചെന്നഥ സമവർത്തി-
നന്ദനൻതനിക്കുളളിലാനന്ദം വളർത്തതും
സഞ്ജയൻ വന്നു പുനരംബികാസുതൻചൊല്ലാ-
ലഞ്ജസാ പറഞ്ഞതു കേട്ടു ധർമ്മാത്മജനും
കഞ്ജനേത്രാജ്ഞാപൂർവം ഖണ്ഡിച്ചു പറഞ്ഞതും
സഞ്ജയൻ ചെന്നു ധൃതരാഷ്‌ട്രനാം കപടൗഘ-
പഞ്ജരം തന്നിൽ ധർമ്മജോക്തികൾ പകരാതെ
വിജ്വരാത്മനാ സർവമറിയിച്ചതു കേട്ടു
സജ്വരാത്മനാ നിജമന്ദിരം പുക്കവാറും
ഛിദ്രാത്മാവായ ധൃതരാഷ്‌ട്രഭൂപതിശ്രേഷ്‌ഠൻ
നിദ്രയുമില്ലാഞ്ഞാധിമുഴുത്തു ചമഞ്ഞതും
അന്നേരം വിദുരരെ വരുത്തി രാത്രിയിങ്കൽ
മന്നവനവൻ ചൊന്ന നയങ്ങൾ കേട്ടു കേളാ-
ഞ്ഞദ്ധ്യാത്മം സനൽക്കുമാരൻ മുനി പറഞ്ഞതും
മിത്രനന്ദനൻ മുനി മിത്രമായ് പറഞ്ഞതു-
മംബുജമിത്രാത്മജനന്ദനൻ പ്രാർത്ഥിക്കയാ-
ലംബുജാസനസേവ്യനംബുജനാഭൻ നാഥൻ
അംബികാവരപ്രിയനംബുജശരതാതൻ
ബിബോഷ്‌ഠൻ കംബുധരനംബരചരനാഥൻ
അംബികാസുതാലയം പ്രാപിച്ചു സഭയിങ്കൽ
സന്ധിപ്പാൻ പറഞ്ഞപ്പോളന്ധാത്മാ സുയോധനൻ
ബന്ധിപ്പാൻ ഭാവിക്കയാലന്ധകാന്വയജാതൻ
ബന്ധുരകളേബരൻ ബന്ധൂകസമാധരൻ
ബന്ധുലോകാത്മാനന്ദകരനാം ധരാധരൻ
ബന്ധമോക്ഷങ്ങളില്ലാതുളെളാരു പരബ്രഹ്‌മം
തന്തിരുവടി വിശ്വരൂപം കാട്ടിയവാറും
അശ്വത്ഥാമാവുതന്നെ രഹസി ചെന്നു കണ്ടു
വിശ്വാസത്തോടു പറഞ്ഞവനെക്കൊണ്ടു സേനാ-
പത്യം ചെയ്യരുതെന്നു സത്യംചെയ്യിച്ചവാറും
പത്ഥ്യമെല്ലാവരോടും സത്യമായ് ചൊന്നവാറും
വിശ്വനായകൻ ഹരിദശ്വനന്ദനനോടു
നിശ്ശേഷമായ നയമരുളിച്ചെയ്തവാറും
കുന്തീദേവിയെക്കണ്ടു മന്ത്രിച്ചു ഭയം തീർത്തു
കാന്തീനന്ദനന്മാരെ പ്രാപിച്ചവാറുമെല്ലാം
ബദ്ധവൈരത്തോടവരുദ്ധതബുദ്ധിയോടും
യുദ്ധസന്നദ്ധന്മാരായ് സൈന്യം കൂട്ടിയവാറും
ആന്ധ്യമോടുലൂകൻ വന്നറിയിച്ചതും കേട്ടു
കൗന്തേയൻ കൊല്ലാക്കൊലചെയ്തയച്ചതുമെല്ലാം
ചൊല്ലിനാൻ മഹാരഥഗണനേ ഗംഗാദത്തൻ
ചൊല്ലിയോരംബോപാഖ്യാനാന്തപര്യന്തം കൃഷ്‌ണൻ.
Generated from archived content: mahabharatham21.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English