പൗലോമം (നാലാം ഭാഗം)

ധർമ്മജദുഃഖം തീർപ്പാൻ താപസനരുൾചെയ്തു

നിർമ്മലനളോപാഖ്യാനാദിയുമഗസ്ത​‍്യന്റെ

പവിത്രചരിത്രമാം വിചിത്രകഥാദിയും

കളത്രപ്രാപ്തിമുഖവാതാപിദഹനവും

ശക്രനുമഗ്നിയുമായ്‌ ശിബിതൻ ധർമ്മസ്ഥിതി

പക്ഷിവേഷത്താൽ പരീക്ഷിച്ചുകൊണ്ടറിഞ്ഞതും

പണ്ഡിതശ്രേഷ്‌ഠനൃശ്യശൃംഗനായീടുന്ന വൈ-

ഭണ്ഡകനുടെ തപോബലവും മാഹാത്മ്യവും

ജാമദഗ്ന്യനാൽ ബഹുഹേഹയവധാദിയും

കോമളമായ സുകന്യോപാഖ്യാനവും പിന്നെ

ച്യവനോപാഖ്യാനവുമവനു നാസത്യന്മാർ

നവകോമളരൂപം നല്‌കിയപ്രകാരവും

താതനെയഷ്‌ടാവക്രൻ സോമകസുതേഷ്ടിവി-

വാദേ വീണ്ടതും സവ്യസാചിവൃത്താന്തങ്ങളും

അമരേന്ദ്രാനുജ്ഞയാ സമരേ ശക്രാത്മജ-

നമരാരാതികളെയറുതിപ്പെടുത്തതും

അർജ്ജുനൻതന്നെക്കണ്ടു മറ്റുളേളാർ സുഖിച്ചതു-

മർജ്ജുനാഗ്രജൻ ജടാസുരനെ വധിച്ചതും

മാരുതി സൗഗന്ധികം പുഷ്പത്തെ ഹരിച്ചതും

മാരുതിരൂപം കണ്ടു മാരുതി പേടിച്ചതും

അന്ധനാമന്ധാത്മജൻതന്നുടെ ഘോഷയാത്ര

ഗന്ധർവ്വാധിപകൃതബന്ധനമവർകളെ

കുന്തീനന്ദനൻതന്നെ വീണ്ടുകൊണ്ടതും പിന്നെ-

സ്സിന്ധൂരഗമനയാം പാഞ്ചാലീഹരണാർത്ഥം

സിന്ധുരാജാഗമനം ഗന്ധവാഹജകൃത-

ബന്ധനം കുന്തീസുതബന്ധുബന്ധനഹരം

ദണ്ഡിപുത്രനെക്കാണ്മാൻ മാർക്കണ്ഡേയാഗമനം

പണ്ഡിതൻ മാർക്കണ്ഡേയൻ മാർത്താണ്ഡാന്വയത്തിങ്കൽ

കുണ്ഡലീശ്വരശായി രാമനായ്‌ പിറന്നതും

പുണ്യകളായ നാനാകഥകൾ മറ്റുളളതും

പാണ്ഡവശോകം തീർപ്പാനരുൾചെയ്തതും പിന്നെ

ഗാണ്ഡീവധരപ്രിയൻ മാധവൻ ജഗന്നാഥൻ

പാണ്ഡവന്മാരെക്കാണ്മാനെഴുന്നളളിയവാറും

ദ്രൗപദീസത്യസംവാദങ്ങളും ഭീഷ്മദ്രോണ-

പാവനകഥകളുമിന്ദ്രദ്യുമ്നന്റെ കഥ

എന്നിവ കേട്ടു തെളിഞ്ഞിരുന്നീടിനകാലം

കർണ്ണകുണ്ഡലകവചാദികളമരേന്ദ്രൻ

വിപ്രനായ്‌ പ്രതിഗ്രഹിച്ചീടിനപ്രകാരവും

തൽപ്രസാദാർത്ഥമൊരു ശക്തി നല്‌കിയവാറും

ഹരിണരൂപനേകനരണിയെടുത്തുകൊ-

ണ്ടരണ്യം പുക്കാനന്നൊരാരണൻ ദുഃഖം തീർപ്പാൻ

അടവിതന്നിൽ തേടിനടന്നാ പാണ്ഡവന്മാ-

ർക്കിടരായതും ദാഹം മുഴുത്തിട്ടതുനേരം

തണ്ണീരന്വേഷിപ്പാനായ്‌ പോയനുജന്മാരെല്ലാം

തണ്ണീരും കുടിച്ചൊക്കെ മരിച്ചപ്രകാരവും

ധർമ്മജൻതാനും ചെന്നു തണ്ണീർ കോരിയശേഷം

ധർമ്മരാജേന കൃതധർമ്മപ്രശ്‌നങ്ങളെല്ലാം

ധർമ്മജൻ പരിഗ്രഹിച്ചുത്തരം പറഞ്ഞതും

ധർമ്മരാജാനുജ്ഞയാ ജീവിച്ചൊരനുജന്മാർ

ധർമ്മരാജാത്മജനോടൊന്നിച്ചു വസിച്ചതും

സമ്മതന്മാരായുളള പാണ്ഡുനന്ദനന്മാരും

മൂന്നാമതായ പർവമരണ്യം തന്നിൽ ചൊന്നാ-

നാംനായവ്യാസൻ കൃഷ്ണൻ താപസൻ ദ്വൈപായനൻ.

അദ്ധ്യായമതിലിരുന്നൂറ്ററുപത്തൊമ്പതിൽ

പദ്യങ്ങളുണ്ടു പതിനായിരത്തറുന്നൂറ്റി-

നുത്തരമറുപത്തുനാലുമെന്നറിയേണം.

ഉത്തമം പവിത്രമിതെത്രയും പാർത്തുകണ്ടാൽ.

പാരാശര്യാഖ്യാൻ മുനി നാലാം പർവത്തിൽ ചൊന്നാൻ

വൈരാടരാജ്യംതന്നിൽ ധർമ്മജാദികളെല്ലാ-

മോരോരോ നാമം വേഷം കൈക്കൊണ്ടു ഛന്നന്മാരായ്‌

ഓരാണ്ടു വസിച്ചനാളുളെളാരു കഥയെല്ലാം

രാജസേവകവൃത്തി ധൗമ്യൻ ചൊല്ലിയ വാറും

വ്യാജനിർവ്യാജം മത്സ്യനഗരപ്രവേശനം

മല്ലനിഗ്രഹം പിന്നെ കീചകാദികൾവധം

നിർല്ലജ്ജൻ സുയോധനൻതന്നുടെ നിരൂപണം

ഗോഗ്രഹണാദികളും വിജയവിജയവും

ഫാല്‌ഗുനിതന്നാലന്നാളുത്തരാവിവാഹവും

വ്യക്തമായ്‌ വിരാടപർവംതന്നിൽ പാരാശര്യൻ

ഭക്തിവർദ്ധനകരം സത്യമായരുൾചെയ്താൻ.

Generated from archived content: mahabharatham20.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here