പൗലോമം (മൂന്നാം ഭാഗം)

ഖാണ്ഡവപ്രസ്ഥത്തിങ്കൽ മയനാം ശില്പിശ്രേഷ്‌ഠൻ

പാണ്ഡവൻതനിക്കൊരു സഭയെ നിർമ്മിച്ചതും

പാണ്ഡിത്യമേറെയുളള നാരദനെഴുന്നളളി

പാണ്ഡുനന്ദനനോടു ചോദിച്ചപ്രകാരവും

മാധവൻ മാഗഥനെ മാരുതിതന്നെക്കൊണ്ടു

ബാധ ഭൂപർക്കു തീർപ്പാൻ കൊല്ലിച്ചപ്രകാരവും

മാരുതിപ്രമുഖന്മാർ ദിക്കുകൾ ജയിച്ചതു-

മോരോരോ രാജാക്കന്മാർ കരങ്ങൾ കൊടുത്തതും

ധർമ്മജൻ രാജസൂയം ചെയ്തതും ഭഗവാനാൽ

ദുർമ്മതി ശിശുപാലൻ മുക്തിയെ ലഭിച്ചതും

പാർത്ഥിവേന്ദ്രാവഭൃഥസ്നാനഘോഷാദികളും

ധാർത്തരാഷ്‌ട്രൗഘശ്രേഷ്‌ഠൻ കാട്ടിയ ഗോഷ്‌ടികളും

സ്ഥലതാമതികൊണ്ടു ജളതകലർന്നതും

ബലവാൻ വൃകോദരനുച്ചത്തിൽച്ചിരിച്ചതും

സത്രപം സുയോധനൻ ഹസ്തിനം പുക്കവാറും

നിസ്ര്തപം ശകുനിതാൻ ചൂതിനു കോപ്പിട്ടതും

ചൂതിങ്കൽച്ചതിചെയ്തു നാടൊക്കപ്പറിച്ചതും

മാധവൻ പാഞ്ചാലിയെപ്പാലിച്ചപ്രകാരവും

ഗാന്ധാരൻ രണ്ടാമതു ചൂതിനു തുനിഞ്ഞതും

കൗന്തേയൻ തോറ്റു വനംപുക്കതും ദുഃഖങ്ങളും

ഇങ്ങനെ പുനർദ്യുതപര്യന്തമായിച്ചൊന്നാൻ

മംഗലം സഭാപർവ്വം കൃഷ്ണനാം വേദവ്യാസൻ.

അദ്ധ്യായമെഴുപത്തിരണ്ടുണ്ടെന്നറിഞ്ഞാലും

പദ്യങ്ങൾ നാലായിരത്തഞ്ഞൂറും പതിനൊന്നും.

ധാർമ്മികൻ ധർമ്മാത്മജൻ കാനനം പുക്കശേഷം

ധൗമ്യോപദേശാൽ സൂര്യൻതന്നെസ്സേവിച്ചവാറും

സൗദനമായ പാത്രം സൂര്യൻ നല്‌കിയവാറും

ഭൂദേവയതിജനഭോജനം മുട്ടാഞ്ഞതും

കിർമ്മീരാസുരൻതന്നെ മാരുതി കൊന്നവാറും

ധർമ്മജാദികൾ തമ്മെക്കാണ്മാനായവിടേയ്‌ക്കു

ധർമ്മരാജാംശഭൂതൻ വിദുരർ വന്നവാറും

ധർമ്മസ്ഥാപനകരൻ ഗോവിന്ദൻ നാരായണൻ

നിർമ്മലൻ ജഗന്മയൻ ചിന്മയൻ മായാമയൻ

സന്മയൻ കർമ്മസാക്ഷി നിർമ്മര്യാദകൾക്കൊരു

ധർമ്മനായകൻ പരബ്രഹ്‌മമാം വിഷ്ണുമൂർത്തി

ജന്മനാശാദിഹീനൻ കല്മഷവിനാശനൻ

നിർമ്മമൻനിരുപമൻ കൃഷ്‌ണനങ്ങെഴുന്നളളി

സമ്മോദം ധർമ്മാത്മജന്മാവിനു വളർത്തതും

പാഞ്ചാലാദികളായ സംബന്ധിസമാഗമം

പാഞ്ചാലീശോകാദിയും വേദവ്യാസാഗമനം

ഫല്‌ഗുനൻ തപസ്സിനായ്‌ നിർഗ്ഗമിച്ചതും പിന്നെ

ഭർഗ്ഗനാം ഭഗവാനും പാർവതീദേവിതാനും

കാട്ടാളവേഷത്തോടു പ്രത്യക്ഷമായവാറും

വാട്ടമെന്നിയേ തമ്മിൽ കലഹമുണ്ടായതു-

മീശനാൽ പാശുപതമവനു കൊടുത്തതു-

മാശു ദിക്‌പാലാദികളവിടെ വന്നവാറു-

മർജ്ജുനൻ വാസവനെക്കണ്ടവൻനിയോഗത്താൽ

നിർജ്ജരാരികൾതമ്മെ വധിച്ചപ്രകാരവും

പാർത്ഥനുർവശിയുടെ ശാപമുണ്ടായവാറും

ഗോത്രാരി തെളിഞ്ഞനുഗ്രഹിച്ചപ്രകാരവും

പാർത്ഥനിങ്ങനെ സുരലോകം വാഴുന്നകാലം

പാർത്ഥിവൻതന്നെക്കാണ്മാൻ ബൃഹദശ്വാഗമനം.

Generated from archived content: mahabharatham19.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here