പൗലോമം

നാലായി വേദങ്ങളെപ്പകുത്ത വേദവ്യാസൻ

പൗലോമംതന്നിൽ ചൊന്ന ഭാരതസംക്ഷേപവും

ചിത്രമാമുദങ്കോപാഖ്യാനവും ഭൃഗുകുല-

വിസ്താരങ്ങളും വഹ്നിതന്നുടെ ശാപാദിയും.

ആസ്തികംതന്നിൽ നാഗഗരുഡാരുണോല്പത്തി

ദുഗ്‌ദ്ധാബ്ധിമഥനമുച്ചൈശ്രവസ്സുണ്ടായതും.

അസ്തികൻ സർപ്പസത്രമൊഴിച്ച പ്രകാരവു-

മസ്തികന്നനുഗ്രഹം സർപ്പങ്ങൾ കൊടുത്തതും.

പരിഭാഷാരൂപങ്ങൾ പൗലോമാസ്തികങ്ങളെ-

ന്നരുളിച്ചെയ്തു വേദവ്യാസനാം മുനിവരൻ.

സംഭവപർവ്വംതന്നിൽ മുന്നിലേ സോമാന്വയ-

സംഭവം നൃപേന്ദ്രപാരമ്പര്യം ദേവാസുര-

സംഭവം ഭൂവി തേഷാമംശാവതരണവും.

അംഭോജരിപുകുലസന്തതി സന്ധിപ്പിപ്പാ-

നമ്പോടു വിചിത്രവീര്യക്ഷേത്രങ്ങളിൽ കൃഷ്‌ണൻ

സംഭവിപ്പിച്ചു ധൃതരാഷ്‌ടാദി പുത്രത്രയം.

മാർത്താണ്ഡസുതന്നു മാണ്ഡവ്യശാപോല്പത്തിയും

ശൂദ്രയോനിയിലവൻ വിദുരനായവാറും

ധാർത്തരാഷ്ര്ടോല്പത്തിയും പാണ്ഡുപുത്രോല്പത്തിയും

പാർത്ഥിവനായ പാണ്ഡു താപസശാപവശാൽ

മാദ്രീസംഗമംകൊണ്ടു മരണംപ്രാപിച്ചതു-

മാസ്ഥയാ ശേഷക്രിയ പുത്രന്മാർ ചെയ്തവാറും.

പാണ്ഡവരുടെ നഗരപ്രവേശനാദിയും

പാണ്ഡുപൂർവജനവരോടു വർത്തിച്ചവാറും

ശാരദ്വതോല്പത്തിയും ഭാരദ്വാജോല്പത്തിയും

ഭാരദ്വാജാത്മജനാമശ്വത്ഥാമോല്പപത്തിയും

വിദ്യാഭ്യാസവും ഗുരുദക്ഷിണാദിയും തമ്മിൽ

വിദ്വേഷം മുഴുത്തതും ധൃഷ്‌ടദ്യുമ്നോല്പത്തിയും

ജാതുഷഗൃഹദാഹം കാനനപ്രവേശവും

മാതുരാധികൾ കണ്ടു വാതനന്ദനതാപം

ഹിഡുംബവധം ഭീമഹിഡുംബീസമാഗമം

ഹിഡുംബിതന്നിൽ ഭീമതനയനുണ്ടായതും

ഏകചക്രാവാസവും ബകനിഗ്രഹാദിയു-

മേകാന്തേ വേദവ്യാസപ്രാപ്തിസംവാദാദിയും

ദ്രൗപദീസ്വയംബരാകർണ്ണനയാത്രാദിയും

താപസദ്വിജസമാഗമസല്ലാപാദിയും

അംഗാരവർണ്ണോപാഖ്യാനത്തിൽ വാസിഷ്‌ഠാദിയും

ശൃംഗാരരസപൂർണ്ണസംവരണോദന്തവും

ധൗമ്യതാപസവരോപാദ്ധ്യായോപലബ്ധിയും

ബ്രാഹ്‌മണരായിപ്പാഞ്ചാലാലയം പുക്കവാറും

ധാർമ്മികൻ ധൃഷ്‌ടദ്യുമ്നനുത്സവം ഘോഷിച്ചതും

കാമ്യാംഗി പാഞ്ചാലിക്കു ഭൂപതിപ്രബോധനം

യന്ത്രച്ഛേദവും പഞ്ചേന്ദ്രോപാഖ്യാനവും പിന്നെ-

ക്കുന്തീനന്ദനൻ രാജസഞ്ചയം ജയിച്ചതും

ദ്രൗപദീസ്വയംബരം വിദുരാഗമനവും

ഭൂപതിനിയോഗത്താൽ ധർമ്മജാഭിഷേകവും

അർദ്ധരാജ്യവുമിന്ദ്രപ്രസ്ഥലബ്ധിയും തത്ര

സത്വരം ശ്രീനാരദനെഴുന്നളളിയവാറും

സുന്ദോപസുന്ദോപാഖ്യാനാദിയും പാഞ്ചാലിയാം

സുന്ദരിതന്നെപ്പര്യായത്തോടെ വഹിച്ചതും

അർജ്ജുനതീർത്ഥയാത്രാ സുഭദ്രാഹരണവു-

മർജ്ജുനസുതനഭിമന്യുവുണ്ടായവാറും

പഞ്ചദ്രൗപദേയന്മാരുണ്ടായ പ്രകാരവും

സഞ്ചിതം ദ്രവ്യം ദാനംചെയ്തതും ധർമ്മാത്മജൻ

ഖാണ്ഡവദാഹാദിയും ഗാണ്ഡീവലാഭാദിയും

പാണ്ഡവശൗര്യവുമാഖണ്ഡലവിജയവും

തക്ഷകസുതരായ പക്ഷികൾ നാലുമാശു-

ശൂക്ഷിണി ദഹിയാതെ കാനനം ദഹിച്ചതും

മന്ദപാലോപാഖ്യാനമെന്നിവ വേദവ്യാസൻ

സുന്ദരമായിച്ചൊന്നാൻ സംഭവപർവ്വംതന്നിൽ.

ഇരുന്നൂറ്റിരൂപത്തെട്ടദ്ധ്യായമുണ്ടു ചൊല്‌കിൽ

സരസമെണ്ണായിരത്തില്പുറം തൊളളായിര-

ത്തെൺപത്തിനാലു പദ്യമുമ്പർക്കും മനോഹരം

മുമ്പിലേ പർവമതു സംഭവമെന്നു നാമം.

രണ്ടാമതല്ലോ സഭാപർവമെന്നറിയേണ-

മുണ്ടതിൽ കഥ പലതൊട്ടതും സംക്ഷേപിക്കാം.

Generated from archived content: mahabharatham18.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English