യുദ്ധോദ്യോഗം

യുദ്ധത്തിനിനി മുതിർന്നീടുക മടിയാതെ

മിത്രങ്ങളായ ഭൂമിപാലരെയറിയിക്ക.

എന്നരുൾ ചെയ്‌തനേരം പാണ്ഡവർ ബന്ധുക്കളെ-

ച്ചെന്നറിയിച്ചു വരുത്തീടിനാർ പടയ്‌ക്കെല്ലാം.

നായകൻ ധൃഷ്‌ടദ്യുമ്‌നനെന്നഭിഷേകം ചെയ്‌തു

നായകനായ കൃഷ്‌ണൻ പാർത്ഥസാരഥിയായാൻ.

അക്കാലം നാഗദ്ധ്വജൻ വമ്പനാം ഭീഷ്‌മർതന്നെ-

സ്സല്‌ക്കാരം ചെയ്‌തു പടനായകനാക്കിവച്ചാൻ.

അയുതരഥകരിതുരഗപദാതിയെ

നിയതിവശാലോരോദിവസം കൊൽവനെന്നാൻ.

പൂരിച്ചു വാദ്യഘോഷം മൂന്നു ലോകത്തുമപ്പോൾ

കൂറൊത്ത ബലഭദ്രരുൾക്കാമ്പിൽ നിരൂപിച്ചുഃ

ഇക്കാലമിവിടെ ഞാൻ കൂടിയില്ലൊന്നുകൊണ്ടും

ചൊല്‌ക്കൊണ്ട തീർത്ഥമാടാമെന്നെഴുന്നളളീടിനാൻ

പുഷ്‌കരനേത്രനപ്പോൾ ഉൾക്കാമ്പിൽ നിരൂപിച്ചുഃ

മുഖ്യസമ്മതമാക്കി ദുരിയോധനവധ-

മഗ്രജൻ തന്നെക്കൊണ്ടു മൂളിച്ചീലതിന്നിനി

തല്‌ക്കാലത്തിങ്കലാമെന്നുൾക്കാമ്പുമടക്കിനാൻ.

ധർമ്മജാദികളോടു വിദർഭനറിയിച്ചാൻ

നമ്മുടെ ബന്ധുത്വമോ പോകരുതല്ലോ പാർത്താൽ

ശക്രനന്ദനൻ പോരിൽ വില്ലെടുത്താകിലപ്പോൾ

മുഖ്യഭാവേന നില്പാൻ ഞാനുണ്ടെന്നറിഞ്ഞാലും.

അന്നേരം ധനഞ്ജയൻ ചൊല്ലിനാൻ വിദർഭനോ-

ടെന്നോടു നേരേ നില്പോരാരുമില്ലറിഞ്ഞാലും.

പോകിൽ നീ പോകയിങ്ങു മാദവൻ തുണയുമു-

ണ്ടാകുലമേതുമില്ലയെന്നതു കേട്ടനേരം

വിദർഭൻ ചെന്നു ദുരിയോധനൻതന്നെക്കണ്ടു

വിദഗ്‌ദ്ധനെന്നു ഭാവിച്ചവനും സമ്മാനിച്ചാൻ.

പന്നഗദ്ധ്വജൻ കർണ്ണൻ ശകുനി വിദർഭനു-

മെന്നിവർ പലർകൂടീട്ടൊന്നായ്‌ നിരൂപിച്ചു.

ധർമ്മജാദികളോടു ചെന്നറിയിക്കയെന്നു

നന്മയിലുലൂകനെയയച്ചാനതുനേരം.

ഒന്നുകിൽ വനത്തിൻ പൊയ്‌ക്കൊൾകയല്ലയായ്‌കീൽ

വന്നിങ്ങു മരിച്ചുകൊണ്ടീടുവിൻ പുലർകാലേ.

അപ്രകാരങ്ങളവൻ വന്നറിയിച്ചതു കേ-

ട്ടപ്പൊഴേ ഭീമസേനനടിച്ചാനതുകണ്ടു

ഗോവിന്ദൻ ചാടിക്കരംപിടിച്ചാനുലൂകനും

ഗോവിന്ദ! ജയ! ജയ! എന്നുരചെയ്‌തു പോയാൻ.

അവനും കുരുക്ഷേത്രംപുക്കുടനറിയിച്ചോ-

രവസ്ഥ കേട്ടു ദുരിയോധനനതുനേരം

ചൊല്ലുളള തേരാളികളേതുകൂട്ടത്തിലേറും

ചൊല്ലുകെന്നതു കേട്ടു ചൊല്ലിനാൻ ഗംഗാദത്തൻ.

പതിനൊന്നക്ഷൗഹിണിപ്പടയുണ്ടിങ്ങുനിന-

ക്കതിനു പതി നീയുമനുജന്മാരും പിന്നെ

ദ്രോണരുമശ്വത്ഥാമാ കൃപരും ത്രിഗർത്തനും

ദ്രോണർക്കു തുല്യൻ ശല്യർ സോമദത്താത്മജനും

കൃതവർമ്മാവു ഭഗദത്തനും ശകുനിയും

പൃഥിവീശന്മാർ മറ്റും പലരുണ്ടറിക നീ.

ഞാനുമുണ്ടല്ലോ പിന്നെപ്പലരോടെതിർനില്പാൻ

ഭാനുനന്ദനനർദ്ധരഥന്നെറിക നീ.

അങ്ങോട്ടു ചെല്ലുവാനുമിങ്ങോട്ടു മണ്ടുവാനു-

മിങ്ങനെയാരുമില്ലാ കർണ്ണനെപ്പോലെയെടോ

കർണ്ണനുമതു കേട്ടു ഭീഷ്‌മരോടുരചെയ്‌താ-

നിന്നു ഞാനർദ്ധരഥനല്ലെന്നു ധരിക്കേണം.

നാമിരുവരും കൂടിയല്ലിനി യുദ്ധത്തിനു

പോർമദമുളള ഭവാൻ മരിച്ചേയുളളു പക്ഷേ

ശാന്തനുതനയനുമെങ്കിലെന്തൊരുഹാനി

നിൻതൊഴിൽ നിനക്കൊത്തവണ്ണമെന്നുരചെയ്‌തു.

മന്നവ! സുയോധന! കേളിനി യുധിഷ്‌ഠിരൻ-

തന്നുടെ തേരാളികളായുളള ജനത്തെ നീ

ധർമ്മജൻ ഭീമൻ പാർത്ഥൻ നകുലൻ സഹദേവൻ

നിർമ്മലന്മാരായുളള പാഞ്ചാലീസുതന്മാരും

ധീരനാം ധൃഷ്‌ടധ്യുമ്‌നൻ ഘോരനാം ഘടോൽക്കചൻ

വീരനാമഭിമന്യു സാരനാം സാത്യകിയും

ക്രൂരനാകിയ ശംഖൻ ശൂരനാം പാഞ്ചാലനും

പോരിനു നമ്മോടവർ പോരുമെന്നറിഞ്ഞാലും.

പോരാ നാമവരോടു പോരിനെന്നതു നൂനം

കാരുണ്യമൂർത്തി കമലേക്ഷണനോടുംകൂടി-

ത്തേരതിൽ കരയേറീട്ടർജ്ജുനൻ വരുന്നേര-

മാരുമില്ലെതിരെടോ മൂന്നു ലോകത്തിങ്കലും.

വീരനാം ദേവവ്രതൻ ദുരിയോധനനോടു-

മെന്നുടെ മരണവും വന്നീടും ശിഖണ്ഡിയാ-

ലെന്നതിനംബോപാഖ്യാനത്തെയുമുരചെയ്‌തു.

ഓരോരോ ദിക്കിൽനിന്നങ്ങോരോരോ രാജാക്കന്മാർ

വാരണവാജിരഥകാലാളാം പടയോടും

വാരിധിതന്നിൽ നദീപൂരങ്ങൾ ചേരുംപോലെ

കൗരവസൈന്യംതന്നിൽ വന്നാകെക്കൂടീടുന്നു.

ഭൈരവതരങ്ങളാം വാദ്യഘോഷങ്ങളോടും

പോരിനു വിരുതുളള രാക്ഷസവീരന്മാരു-

മാർത്തൊക്ക നിലവിളിച്ചവ്വണ്ണംതന്നെ വന്നു-

പാർത്ഥന്മാരുടെ പടവീട്ടിലും കൂടീടുന്നു.

ഇരേഴുപതിന്നാലു ലോകവും കുലുങ്ങുന്നു

വാരിധികളുമിരച്ചൊക്കവേ കലങ്ങുന്നു.

സാരതചേരും ഗിരിവരന്മാരിളകുന്നു.

ഘോരമായുളള വാദ്യനാദങ്ങൾ മുഴങ്ങുന്നു

മേദിനി പൊടിഞ്ഞൊക്കദ്ധൂളിയും പൊങ്ങീടുന്നു

ഖേദമായെന്നപോലെ ഭാനുവും മറയുന്നു.

വാസവമുഖപത്മമാവോളം വിളങ്ങുന്നു

വാസവിനയനങ്ങൾ കോപേന ചുവക്കുന്നു.

മാരുതദേവൻതാനും മന്ദമായ്‌ വീയീടുന്നു

മാരുതിയുടെ ഗദ വേഗേന ചുഴലുന്നു.

ധർമ്മദേവനുമുളളിലാനന്ദം വളരുന്നു

ധർമ്മജന്മവിന്മുഖമേറ്റവും തെളിയുന്നു.

ധർമ്മനാശനൻ കലി മന്ദം പോയ്‌മറയുന്നു

ദുർമ്മതി സുയോധനൻതന്മുഖം വാടീടുന്നു.

നിർമ്മലൻ നിരുപമൻ നിത്യനവ്യയൻ പരൻ

ചിന്മയൻ ജഗന്മയൻ കല്‌മഷവിനാശനൻ

ധർമ്മസ്ഥാപനകരൻ നിഷ്‌കളൻ നിരഞ്ജനൻ

കർമ്മൈകസാക്ഷിഭൂതൻ നിർഗ്‌ഗുണൻ നിരാകുലൻ

സന്മതിനിലയനനെന്നുളളിൽ വാഴും കൃഷ്‌ണൻ

തന്മുഖനളിനവും നന്നായി വിരിയുന്നു.

ആമിഷഭോജികളുമാമോദം കലരുന്നു

പോയിനിക്കനമെന്നു ഭൂമിയും തെളിയുന്നു.

രാമരാവണരണസന്നാഹമെന്നപോലെ

ഭൂമിയിലുളള ഭൂപരൊക്കവേ വന്നുവന്നു

പുക്കിതു കുരുക്ഷേത്രം ദുഃഖവുമുപേക്ഷിച്ചു

പുഷ്‌കരദേശേ വിമാനങ്ങളുമൊരുമിച്ചു.

നർമ്മദയായ നദീതന്നിരുകരെ വ-

ന്നുന്മദമോടു പുക്കു വമ്പടയതുകാലം.

ആഭരണങ്ങൾ പുനരായുധങ്ങളും നല്ല-

ശോഭതേടീടുമുഷ്ണീഷങ്ങൾ കഞ്ചുകങ്ങളും

വെവ്വേറെ യഥായോഗ്യം നല്‌കിനാൻ ധർമ്മാത്മജൻ

നിർവ്യാജം പ്രതിജ്ഞയും ചൊല്ലിനാരെല്ലാവരും.

ഭൂദേവപ്രസാദവും ദേവതാപ്രസാദവും

സാദരം ചെയ്‌തു ചെയ്‌താരായുധപൂജകളും

കൃഷ്‌ണനും കിരീടിയും മറ്റുളള നൃപന്മാരും

കൃത്യമായതു ചെയ്‌തു യുദ്ധത്തിന്നൊരുമിച്ചാർ.

വിഗ്രമുണ്ടാകവേണ്ട ചിത്തത്തിലടിയനു-

ണ്ടുഗ്രമാം പാശൂപതമസ്‌ത്രമെന്നറിഞ്ഞാലും.

ന്യഗ്രഹിച്ചീടുവൻ ഞാൻ നിശ്ചയം പലരെയെ

ന്നഗ്രജൻതന്നെ നോക്കീട്ടർജ്ജുനനുരചെയ്‌താൻ.

ഇക്കഥാശേഷം ചൊൽവാനെന്നാലേ പണിയെന്നാ-

യക്കിളിമകളായ ഭക്തിശാലിനിയന്നേ

Generated from archived content: mahabharatham16.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here