ശ്രീവാസുദേവൻ ജഗന്നായകനിവയെല്ലാ-
മാവോളമരുൾചെയ്‌ത വാക്കുകൾ കേട്ടശേഷം.
അംബികാസുതൻതാനും ഭീഷ്‌മരുമാചാര്യനു-
മൻപുളള മറ്റുളളവർതങ്ങളുമുരചെയ്‌താർ.
കുരളക്കാരൻ ചൊന്ന വാക്കുകൾ കേളാത നി-
യരുളിച്ചെയ്‌തവണ്ണം കേൾക്കെന്നാരെല്ലാവരും.
സഭയിലിരുന്നവരെല്ലാരുമൊരുപോലെ
ശുഭമായുളള വാക്കു പറഞ്ഞു കേട്ടനേരം
നിരന്നീലേതുമുളളിൽ നിറഞ്ഞ കോപത്തോടും
ഇരുന്ന സുയോധനൻ നടന്നാൻ കോപത്തോടേ.
ജനനി ഗാന്ധാരിയും പറഞ്ഞാളിനി മഹാ-
ജനങ്ങളിവർചൊല്ലു കേൾക്ക നീ സുയോധനാ!
എന്നമ്മ പറഞ്ഞതു കേളാതെയവൻ പോയി
കർണ്ണനും ശകുനിയുമായിട്ടു നിരൂപിച്ചു.
ഗോപാലനായ കൃഷ്‌ണനിവിടെ സഭയിങ്കൽ
ഭൂപാലരോടും സിംഹാസനവുമേറിയൊപ്പം
ഇരിക്കുന്നതു യോഗ്യമല്ല നാം ചിലർതന്നെ
പരക്കെയറിയാതെയൊന്നു ചെയ്യണമിപ്പോൾ
ദൂതന്മാരവദ്ധ്യന്മാരെന്നല്ലോ ശാസ്‌ത്രവിധി
പാതകമുണ്ടാം കൊന്നാലതിനുണ്ടുപായവും
പിടിച്ചുകെട്ടീടണം പിന്നെപ്പാണ്ഡവർ പോന്നു
നടിച്ചുവരികയില്ലെന്നതുമറിഞ്ഞാലും.
മിടുക്കും വച്ചു കാട്ടിലിരിക്കേയുളളു പിന്നെ-
പ്പടയ്‌ക്കു ഭാവിക്കുന്നതാരെന്നുമറിയണം.
പടുത്വമെല്ലാമിവൻതനിക്കാകുന്നു നൂനം
കിടക്കവേണം കാരാഗൃഹത്തിൽത്തന്നെയിവൻ.
Generated from archived content: mahabharatham14.html Author: ezhuthachan