ഭഗവദൂത്‌ (തുടർച്ച)

എന്നതു കേട്ടു ദുരിയോധനനരുൾചെയ്‌താൻഃ

ചൊന്നതു നന്നുനന്നു ദേവകീതനയാ! നീ.

ചൊല്ലെഴും യയാതിയാം ഭൂപതിതന്റെ മക്ക-

ളല്ലയോ യദുമുതൽ നാൽവരുമിരിക്കവേ

പൂരുവല്ലയോ പണ്ടു പാരിന്നു പതിയായ-

താരുമേയറിയാതെയല്ലിവയിരിക്കുന്നു.

നന്നു നിൻ കേട്ടുകേളി മന്നവ! സുയോധന!

നിന്നോടൊന്നുണ്ടു പറയുന്നു ഞാനതു കേൾ നീ.

പൂജ്യനായ്‌ നൃപഗുണയോഗ്യനായുളളവനേ

രാജ്യത്തിൽ പ്രാപ്‌തിയുളളിതെന്നതുകൊണ്ടല്ലയോ?

നിന്നുടെ താതൻ ധൃതരാഷ്‌ട്രർതാനിരിക്കവേ

മന്നവനായി വാണൂ പാണ്ഡുവെന്നറിക നീ.

അപ്പൊഴോ പാണ്ഡുപുത്രനാകിയ യുധിഷ്‌ഠിര-

നെപ്പേരുമടക്കിവാണീടുകയല്ലോ വേണ്ടൂ?

പാണ്ഡുവിൻ പുത്രർതന്നെയല്ലവരെങ്കിൽ ചൊല്ലാം

പാണ്ഡവന്മാരിൽ പക്ഷപാതി നീ കോപിക്കൊല്ല.

മാമുനിശാപംകൊണ്ടു കാനനംതന്നിൽ പാണ്ഡു

ഭാമിനീജനത്തോടു വേറുപെട്ടിരുന്നനാൾ

മറ്റു കണ്ടവർകൾക്കു മക്കളായുണ്ടായവർ

പറ്റുമോ രാജ്യം വാഴ്‌വാനെന്നു നീ പറഞ്ഞാലും.

എങ്കിലോ നിന്റെ താതനംബികാസുതൻതാനും

തിങ്കൾതൻ കുലജാതനല്ലെന്നു ധരിക്കണം.

വിചിത്രവീര്യൻ നൃപൻ മരിച്ചശേഷത്തിങ്കൽ

വിചിത്രമത്രേ പിറന്നുണ്ടായപ്രകാരവും

അക്കഥ നില്‌ക്ക നിനക്കൊക്ക മൂളരുതെങ്കീ-

ലിക്കാലം പാതി രാജ്യം പകുത്തു കൊടുക്ക നീ

കൊടുക്കയില്ല രാജ്യം പാതി ഞാനൊന്നുകൊണ്ടും

കൊടുപ്പാനവകാശമില്ലവർക്കറിഞ്ഞാലും.

എങ്കിലൊരഞ്ചുദേശമിരിപ്പാൻ കൊടുക്ക നീ

സങ്കടമാർക്കും വേണ്ട നാശവുമുണ്ടാകേണ്ട

ആഗ്രഹം പറയാതെ വാക്കു മുട്ടിയാൽ പിന്നെ-

യാർക്കാനും കൊടുക്കണമെങ്കിലന്തണർക്കത്രേ.

രാജ്യവും പുരഗ്രാമദേശങ്ങൾ വേണ്ടായെങ്കിൽ

ത്യാജ്യരല്ലവരെന്നു നിന്നുടെ കൃപയാലേ

വസിപ്പാനഞ്ചു ഗൃഹം ചമച്ചുകൊടുക്ക നീ

വസുക്കൾ ധാന്യങ്ങളും പകുത്തു കൊടുക്കേണ്ട.

അതിനും മടിയെങ്കിലൈവർക്കുംകൂടിയൊരു-

സദനം നാട്ടിലൊരുഭാഗത്തു കൊടുക്ക നീ.

അന്ധകകുലജാതനന്തകാന്തകസ്യേവ-

നന്തവുമാദിയുമില്ലാതവൻ പരൻപുമാൻ

ബന്ധൂകസമമായ ചെന്തളിരടിയുളേളാൻ

ബന്ധുക്കളില്ലാതോർക്കു ബന്ധുവാകിയ കൃഷ്‌ണൻ

ബന്ധുരരൂപൻ പാണ്ഡുരാജനന്ദനന്മാർക്കു

ബന്ധുവായൊരു ദൂതനിന്നതു പറഞ്ഞപ്പോൾ

അന്ധനാം നരപതി നന്ദനനുരചെയ്‌താൻഃ

ബന്ധമില്ലെന്താകിലുമെന്നോടിത്തരം ചൊൽവാൻ

എന്തിനു പലതരമിങ്ങനെ പറയുന്നു?

കുന്തിതന്മക്കളെന്ന കൂറുകൊണ്ടല്ലയല്ലീ?

സന്തതം പറയുന്നു ദേവകീതനയ! നീ

സൂചകനായ നിന്റെ വാക്കുകൾ കേൾക്കുന്തോറും

സൂചിതൻ മുനകൊണ്ടു കുത്തുവാനുളള നിലം

കൊടുക്കും ഞാനെന്നതു നിനച്ചീടേണ്ടയേതും

പടയ്‌ക്കു വരുന്നാകിൽ കണ്ടുപോകണം തന്നെ.

നന്നല്ല സുയോധന! നാശങ്ങളുണ്ടായ്‌വരും

മന്നവർക്കവകാശമുളള നാടയച്ചാലു-

മില്ലൊരുഭേദമെനിക്കാരുമേയറിഞ്ഞാലും

നല്ലതു ചൊല്ലീടണമെങ്കിലുമെല്ലാരോടും.

കാലദേശാവസ്ഥയും ധർമ്മവുമധർമ്മവും

മൂലവും തമ്മിലുളള ദൗർബ്ബല്യപ്രാബല്യവും

മൊഴിയും മൊഴിക്കേടും വഴിയും വഴിക്കേടു-

മഴകോടകതാരിലാവോളമോർത്തീടണം.

കൊടുത്താർ കൊല്ലുവാനായ്‌ ഭീമനു വിഷം മുന്നം.

കെടുപ്പാൻ പാമ്പുതന്നാൽ കടിപ്പിച്ചിതു പിന്നെ

ഉറക്കത്തോടെ കാലും കരവും വരിഞ്ഞുട-

നുറക്കക്കെട്ടി ഗംഗാജലത്തിലെറിഞ്ഞതും

മറപ്പാനരുതാതവണ്ണം നീ പിന്നെ നന്നാ-

യരക്കില്ലത്തിലിട്ടു ചുട്ടതും പിന്നെ നിങ്ങൾ

കളളച്ചൂതാലെ നാടുമർത്ഥവും പറിച്ചതും

കളളക്കാടതില്പരം പിന്നെയും കാട്ടി നിങ്ങൾ.

ദുഷ്‌ടനാം ദുശ്ശാസനൻ പെട്ടെന്നു സഭാമദ്ധ്യേ

മട്ടോലും മൊഴിയാളാം പാഞ്ചാലീതലമുടി

പിടിച്ചുവലിച്ചുടനീഴ്‌ത്തതുമവളുടെ-

യുടുത്ത പുടവയുമഴിച്ചുകളഞ്ഞതും

ഇത്തരം പരാക്രമമായതു നിങ്ങൾക്കെല്ലാ-

മെത്രയും പരിഭവമുണ്ടവർക്കിതുമൂലം

നിസ്‌ത്രപം കഷ്‌ടം! നിങ്ങൾ ചെയ്‌തവയെല്ലാമുളളിൽ

ശക്തനാം ഭീമസേനൻ മറന്നല്ലിരിക്കുന്നു.

കൊടുക്ക പാതി നാടിന്നവർക്കുമല്ലയായ്‌കി-

ലൊടുക്കും ഭീമസേനൻ നിങ്ങളെയെല്ലാംകൊണ്ടും

മുമ്പിലേ ഹിഡിംബനെക്കൊന്നതും ബകനായ-

വമ്പനെ വധിച്ചേകചക്രയിലിരുന്നതും

മാഗധനായ നൃപവീരനെ വധിച്ചതും

വേഗത്തിൽ കിഴക്കുദിക്കൊക്കവേ ജയിച്ചതും

ശക്തനാം കിർമ്മീരനെക്കുത്തിയങ്ങമർത്തതും

മുത്തണിമുലയാളാം ദ്രൗപതി തന്റെ ചൊല്ലാൽ

കല്യാണസൗഗന്ധികം കൊണ്ടുപോരുന്നനേരം

ചൊല്ലുളള ഗന്ധർവ്വവീരന്മാരെജ്ജയിച്ചതും

എത്തിയ ജയദ്രഥൻതന്നെ മാൽപ്പെടുത്തതു-

മെത്രയും വിരുതുളള മല്ലനെ വധിച്ചതും

കീചകനാദികളെക്കാലനൂർക്കയച്ചതു-

മാശുകസുതനായ ഭീമനെന്നറിഞ്ഞാലും.

കൊല്ലുമേയവൻ നിങ്ങൾ നൂറുപേരെയുമെടോ

നല്ലതു പാതി നാടു കൊടുക്ക സുയോധനാ!

വില്ലെടുത്തവർകളിൽ നല്ലനാം ധനഞ്ജയ-

നല്ലയോ പാഞ്ചാലനാം മന്നനെ ബന്ധിച്ചതും.

രാത്രിലെതിർത്തൊരു ഗന്ധർവൻതന്നെ വെന്നാൻ

പാർത്ഥനല്ലയോ യന്ത്രമെയ്‌തുടൻ മുറിച്ചതും

പോർക്കൊരുമിച്ച നമ്മെയൊക്കവേ ജയിച്ചതും

ഭോഷ്‌ക്കല്ല ബലദേവാദികളാം ഞങ്ങളേയും

ജയിച്ചു സുഭദ്രയെക്കൊണ്ടവൻ പോന്നുകൊണ്ടാൻ.

ജയിച്ചാൻ വരിഷിച്ചുവന്നൊരു ശക്രനേയും

ഖാണ്ഡവം ദഹിപ്പിപ്പാൻ ശരകൂടത്തെച്ചെയ്‌തു

ഗാണ്ഡീവം വാങ്ങിക്കൊണ്ടാനഗ്നിയോടതുമൂലം.

ഉത്തരയായ ദിക്കുമൊക്കവേ ജയിച്ചവ-

നുത്തമമായ കൈലാസാചലം തങ്കൽ ചെന്നാൻ.

മുക്കണ്ണൻ തന്നോടു പോരെത്രയുംപാരം ചെയ്‌താൻ

കൈക്കൊണ്ടാൻ പാശുപതം വാനുലോകത്തുചെന്നാൻ.

ദേവവൈരികളേയും നിഗ്രഹിച്ചവിടുന്നു-

ദേവകളോടുമസ്‌ത്രമെപ്പേരും വാങ്ങിക്കൊണ്ടാൻ.

നിന്നെയും കെട്ടിക്കൊണ്ടു പോയൊരു ചിത്രരഥൻ.

തന്നെയും വെന്നു നിന്നെ വീണ്ടുകൊണ്ടതുമവൻ.

പോർക്കൊരുമിച്ചു നിന്ന നിങ്ങളെയൊക്കെ വെന്നു

ഗോക്കളെ വീണ്ടുകൊണ്ടുപോയതുമവനല്ലോ.

ഇത്തരം പലപല വിക്രമമെല്ലാം ചെയ്‌ത

വൃത്രാരിപുത്രൻതന്നേ മിക്കതുമൊടുക്കീടും

അർക്കനന്ദനനായ കർണ്ണനെ വിശേഷിച്ചും

ശക്രനന്ദനൻതന്നെ കൊല്ലുമെന്നറിഞ്ഞാലും.

അച്ഛനെപ്പിടിച്ചുകെട്ടിപ്പിച്ച പരിഭവം

വച്ചുകൊണ്ടിരിക്കുന്നു ധൃഷ്‌ടദ്യുമ്‌നനുമെടോ

നിശ്ചയം ദ്രോണർതന്നെക്കൊന്നീടുമവൻതാനും

പിച്ചയായ്‌ ശിഖണ്ഡിയും ഭീഷ്‌മരെ വധിച്ചീടും.

ശല്യരെ യുധിഷ്‌ഠിരൻ കൊല്ലുമെന്നറിഞ്ഞാലും

കളളനാം ശകുനിയെക്കൊന്നീടും സഹദേവൻ

മറ്റുളള ബന്ധുക്കളും മക്കളും കനിഷ്‌ഠരും

പറ്റലർകാലന്മാരാം പാണ്ഡവരൊടുക്കീടും.

നല്ലതു പാതി നാടു കൊടുക്ക സുയോധനാ!

നല്ലതു വരികയില്ലല്ലായ്‌കിലൊന്നുകൊണ്ടും.

Generated from archived content: mahabharatham13.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here