ഭഗവദൂത്‌

യുദ്ധമേല്‌ക്കുമ്പോഴെന്നെക്കൊണ്ടോരോ കുറ്റം ചൊൽവാൻ

വൃദ്ധന്മാർക്കെന്തോന്നുളളതെന്നോർത്തു യുധിഷ്‌ഠിരൻ

മിത്രമായ്‌ നീതിജ്ഞനായ്‌ ശാന്തനായ്‌ ശാസ്‌ത്രജ്ഞനാ-

യെത്രയും മഹാപുരുഷന്മാരിലൊരുത്തനെ

സന്ധ്യർത്ഥമയച്ചുടൻ നിരപ്പു പറയിച്ചു

സന്ധിയാഞ്ഞൊരു ശേഷമായിരുന്നിതു യുദ്ധം.

സജ്ജനമെല്ലാം പുനരിങ്ങനെ പറഞ്ഞീടു-

മിജ്ജനത്തെക്കൊണ്ടതിന്നാരെയങ്ങയയ്‌ക്കാവൂ?

ധർമ്മജനതുനേരം തന്നുളളിൽ നിരൂപിച്ചു

നിർമ്മലനായ വാസുദേവനോടുരചെയ്‌തു.

ആശ്രിതജനപരായണനായീടും ജഗ-

ദീശ്വര! ദയാനിധേ! ഗോപതേ! യദുപതേ!

മൂഢനാം ഞാനുണ്ടൊന്നു നിൻതിരുവടിതന്നോ-

ടൂഢാവമാനമായ വചനം ചൊല്ലീടുന്നു.

മുറ്റും നിൻതിരുമനസ്സെന്നിയേ ഞങ്ങൾക്കോർത്താൽ

മറ്റൊരു ശരണമില്ലെന്നതു നിരൂപിച്ചു

സർവ്വജ്ഞനല്ലോ ഭവാനെന്നതുകൊണ്ടും മമ

ദുർവ്വിനയോക്തി കേട്ടാൽ പൊറുത്തുകൊളേളണമേ.

ചിന്തിക്കവേണം പക്ഷേ, സന്ധിക്കിൽ മതിയല്ലോ

നിൻതിരുവടിതന്നെ ബന്ധുവായ്‌ പോകവേണം.

അന്ധത്വം ഞാൻ ചൊല്ലുന്നതോർത്തുളളിൽ ക്ഷമിക്കണ-

മന്ധകകുലജാതനാകിയ ജഗൽപതേ!

അന്ധനാം നരപതിതന്നുടെ പുത്രനായോ-

രന്ധാത്മാ സുയോധനൻ തന്നോടു പിണങ്ങാതെ

ബന്ധുവത്സലനായ നിൻതിരുവടിതന്നെ-

ബ്ബന്ധുത്വമോടുമനുസരിച്ചു പറയണം.

പാതി നാടപേക്ഷിച്ചാലരുതെന്നവൻ ചൊൽകിൽ

പാതിയും വേണമെന്നില്ലഞ്ചുദേശമേ പോരും.

ദേശമില്ലെങ്കിലഞ്ചു ഗേഹമേ പോരുമെന്നാൽ

യാശം കൂടാതെകഴിഞ്ഞീടുകിലതേ വേണ്ടൂ

സാരസവിലോചനനാകിയ നന്ദാത്മജൻ

സാരനാം യുധിഷ്‌ഠിരൻ ചൊന്നതു കേട്ടനേരം

തന്നുടെ മനക്കാമ്പിൽ ഹസ്‌തിനപുരത്തിനു

ചെന്നുപോരേണം ഞാൻതാനേല്‌ക്കുംമുമ്പിലേയെന്നു

മുന്നമേയുളളതാശു ധർമ്മനന്ദനനായ

മന്നവൻ പറഞ്ഞപ്പോൾ കൂതുകമുണ്ടായ്‌വന്നു.

രണ്ടുമൂന്നവസ്‌ഥകൾ സാധിക്കേണ്ടുന്നതിപ്പോ-

ളുണ്ടതിന്നായ്‌ക്കൊണ്ടു ഞാൻതന്നേ ചെല്‌കിലേപോരൂ.

എന്നതോർത്തിരുന്നരുളിടുമ്പോൾ കുന്തീപുത്രൻ-

തന്നുടെ നിയോഗത്തെ ക്കൈക്കൊണ്ടു ഭഗവാനും

സാരഥേ! ശീഘ്രം ഗരുഡദ്ധ്വജയുക്തമാകും

തേരു കൊണ്ടരികെന്നു ദാരുകനോടു ചൊന്നാൻ.

കണ്ണുകൾ ചുവന്നു കൈ ഞെരിച്ചു പല്ലും കടി-

ച്ചർണ്ണോജനേത്രനോടു ഭീമസേനനും ചൊന്നാൻഃ

എന്തിനു തുടങ്ങുന്നു ചൊല്ലുകെന്നോടുകൂടി-

ച്ചിന്തിച്ചേ നടക്കാവൂ കാര്യങ്ങളിനിയെല്ലാം.

ധൃഷ്‌ടനാം ധൃതരാഷ്‌ട്രപുത്രന്റെ തുട തച്ചു-

പൊട്ടിച്ചു കളകയും കൗരവവംശമെല്ലാം

കൊട്ടിക്കൊന്നൊക്കെ പൊടിപെടുത്തുകളകയും

ദുഷ്‌ടനാം ദുശ്ശാസനൻതന്നുടെ മാറു പിള-

ർന്നിഷ്‌ടമായ്‌രക്തം കുടിച്ചീടുകയെന്നുളളതും

പൊട്ടനാം ഭീമൻചെയ്‌കയില്ലെന്നുണ്ടോ തോന്നീ?

പെട്ടെന്നു സന്ധിചെയ്‌തുകൊണ്ടാലും യുധിഷ്‌ഠിരൻ

ഒട്ടുമേ വിരോധമില്ലതിനിന്നെന്നാൽ നൂനം.

ഗന്ധവാഹാത്മജനാം ഭീമൻ ചൊന്നതു കേട്ടു

മന്ദഹാസവും ചെയ്‌തു മാധവനരുൾചെയ്‌തുഃ

ചിന്തിച്ചവണ്ണംതന്നെ പന്തി ഞാൻ കൂട്ടുന്നുണ്ടു

സന്താപമതുകൊണ്ടു ചിത്തത്തിലുണ്ടാകേണ്ടാ.

കൃഷ്‌ണയും കണ്ണീരോടേ കൃഷ്‌ണനോടരുൾചെയ്‌തു.

കൃഷ്‌ണനും കൃപയോടേ കൃഷ്‌ണയോടരുൾചെയ്‌തു.

നിശ്വാസമുണ്ടാകേണ്ടാ വിശ്വസിച്ചാലുമെന്നെ-

ക്കശ്‌മലൻ ദുശ്ശാസനൻതാനും തൻ ബന്ധുക്കളും

നിശ്ശേഷമൊടുക്കണമെന്നതിന്നത്രേ ഞാനും

നിശ്ചയം തുടങ്ങുന്നു പോയാലും ഖേദിക്കേണ്ടാ.

ഞാൻ ചാലേ വരുത്തുവാൻ വാഞ്ഞ്‌ഛിതമെന്നു കൃഷ്‌ണൻ

പാഞ്ചാലിയതു കേട്ടു തെളിഞ്ഞു മരുവിനാൾ.

ദാരുകൻ കൊണ്ടുവന്ന തേരതിൽക്കരയേറി-

പ്പാരാതെയെഴുന്നളളിത്തുടങ്ങി ഭഗവാനും.

വെൺകൊറ്റക്കുട തഴവെൺചമരികൾ നല്ല

ഭംഗിതേടീടുമാലവട്ടങ്ങൾ പലതരം.

പന്നഗരിപുതന്നെ ചിഹ്നമായ്‌ വിളങ്ങീടു-

മുന്നതമായ കൊടി മിന്നുന്ന കൊടിക്കൂറ

പങ്കജനാഥൻതന്റെ ശംഖനാദവും പല

മംഗലസ്‌തുതികളും വാദ്യങ്ങൾനിനാദവും

കല്‌മഷം കളയുന്ന ചിന്മയൻ മനോഹരൻ

പൊന്മണിക്കിരീടവും നിർമ്മലചികുരവും

മാലേയം മേല്പോട്ടിട്ട ഫാലവും ത്രിഭുവന-

പാലനാദികൾ ചെയ്യും ചില്ലിയും മകരമാം-

കുണ്ഡലം മിന്നീടുന്ന ഗണ്ഡവും മനോജ്ഞമാം-

കൺമുനവിലാസവും കമ്രമാം നാസികയും

കിഞ്ചന തുളുമ്പുന്ന പുഞ്ചിരിപ്പുതുമയും

ചഞ്ചലാക്ഷികൾമനം വഞ്ചിക്കുമധരവും

മുഗ്‌ദ്ധമായുളള മുഖപത്മവും ഗളഭൂവി

മുത്തുമാലകൾ വനമാലകൾ കൗസ്‌തുഭവും

ശിഷ്‌ടരക്ഷണത്തിനു ദുഷ്‌ടനിഗ്രഹം ചെയ്‌വാൻ

നിഷ്‌ഠൂരമായ കരപത്മവും ശ്രീവത്സവും

ഇന്ദിരാദേവി ചിത്താനന്ദമോടിരുന്നീടും

സുന്ദരതരമായ മന്ദിരമായിട്ടുളള

വക്ഷോദേശവും കമലോത്ഭവൻ പിറന്നോരു-

കുക്ഷിയും ബ്രഹ്‌മാണ്ഡങ്ങളസംഖ്യം കിടക്കുന്നോ-

രുദരോപരി പൊങ്ങും രോമാളിവിലാസവും

മധുരാധരീജനം മയങ്ങും മദ്ധ്യത്തിങ്കൽ

കാഞ്ചനമയമായ കാഞ്ചികളിട്ടു മഞ്ഞ-

പ്പൂഞ്ചേലയതിന്മീതേ നാനശോഭിതങ്ങളായ്‌

മിന്നുന്ന രത്നങ്ങളുമെന്നുളളിൽ വിളങ്ങുന്ന

ധന്യപാദാബ്‌ജങ്ങളും കണ്ടു മാമുനികളും

വേദവാദികളായ ഭൂദേവവരന്മാരും

വേദത്തിൻ പൊരുളായ വേദാന്തവേദ്യൻതന്റെ

പാദപത്മവും കൂപ്പി സ്‌തിച്ചുപാടിക്കൊണ്ടു

യാദവവീരനെഴുന്നളളുന്ന വഴിയേകൂ-

ടാദരവോടു നടന്നീടിനാർ ഭക്തിയോടേ

Generated from archived content: mahabharatham11.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here