രാജസൂയം-9

പിച്ചയായുള്ളോരു നല്‍ച്ചേലതന്നെയും
ഇച്ഛയില്‍ നിന്നങ്ങടുത്തു പിന്നെ
കുണ്ഡലം മുമ്പായ മണ്ഡനം കൊണ്ടെങ്ങും
മണ്ഡിതദേഹനായ് മന്ദം മന്ദം
വന്നുതുടങ്ങിനാന്‍ വാളുമിളക്കിയ-
ന്നിന്നൊരു ലോകരാല്‍ വന്ദിതനായ്
ചേലയെപ്പൂണ്ടതിന്‍ ചെവ്വിനെപ്പിന്നെയും
ചാലേനിന്നമ്പോടു നോക്കി നോക്കി
പാണ്ടവന്മാരുടെയാണ്മയെക്കാണ്‍കയാല്‍
പാരമൂഴന്നുള്ളൊരുള്ളവുമായ്
ആസ്ഥാനമന്ദിരം തന്നീ ചെന്നവന്‍
ആസ്ഥപൂണ്ടോരോന്നേ നോക്കും നേരം
അമ്മയന്തന്നുടെ മായകൊണ്ടന്നീല-
മമ്മയമെന്നതേ തോന്നീതപ്പോള്‍‍
ചേലയും ചാലച്ചുരുക്കി നിന്നീടിനാന്‍
കാല്‍ വിരല്‍ കൊണ്ടു നടത്തവുമായ്
വെള്ളമെന്നുള്ളിലെ നണ്ണിക്കരം കൊണ്ടു
തള്ളിത്തുടങ്ങിനാമ്പാഴിലെങ്ങും
വായ്ക്കൊണ്ടു പിന്നെയുമിഞ്ഞു തുടങ്ങിനാന്‍
ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ
ചേല നനഞ്ഞു തുടങ്ങിതെന്നോര്‍ത്തുടന്‍
ചാലെക്കരേറ്റിനാന്മാറിലോളം
ആസ്ഥാനവാസികള്‍ നോക്കി നിന്നീടവേ
യാത്ര തുടങ്ങിനാനവ്വണ്ണമേ
ധര്‍മ്മജന്മുമ്പായ സന്മതരെല്ലാരും
കണ്ണടച്ചീടിനാരെന്ന നേരം
കാണാതെ നിന്നോരെക്കാട്ടിത്തുടങ്ങിനാര്‍
നാണാതെ നിന്നൊരു ഭീമനപ്പോള്‍‍
ഏറിയിരുന്നോരു നാണവും പൂണ്ടു നി-
ന്നേതുമേ വല്ലാതെയായിപ്പിന്നെ
ഹാസം തുടങ്ങിനാര്‍ തങ്ങളില്‍ മെല്ലവേ
ദാസിമാരായുള്ള മാതരപ്പോള്‍
പാണ്ഡവന്മാരുടെയാനനം തന്നിലെ
പാഞ്ചാനനന്ദന നോക്കികൊണ്ടാള്‍
അങ്ങനെപോയ്യവനങ്ങൊരു ഭാഗത്തു
പൊങ്ങിനിന്നീടുന്ന വെള്ളത്തിന്റെ
ചാരത്തു ചെന്നൊരു നേരത്തന്നിരെല്ലാം
നേരൊത്ത ഭൂതലമെന്നു തോന്നി
പൂഞ്ചേലതന്നെയും പൂണ്ടു നിന്നീടിനാര്‍
കാഞ്ചിയും ചാലെ മുറുക്കിപ്പിന്നെ
മന്നവന്‍ ചാരത്തു ചെല്‍വതിനായിട്ടു
സന്നദ്ധനായവന്‍ പോയിപ്പോയി
മായയില്‍ തോയുമത്തോയത്തിലാമ്മാറു
പോയങ്ങു ചാടിനാന്‍ മൂഢനായി
ആണ്ണൊരു തോയത്തില്‍ വീണ്ണൊരു നേരത്തു
പാണ്ഡന്മാരുടെയാനനത്തെ
മേല്‍ക്കണ്ണുമിട്ടങ്ങു ചീറ്റവും പൂണ്ടുടന്‍
നോക്കിത്തുടങ്ങിനാന്‍ പാല്‍ക്കുഴമ്പന്‍
ഭീമമായുള്ളൊരു ഭീമനും പിന്നെയ
ക്കോമളയാകിന കാമിനിയും
ഭോഷനായ്ങ്ങവന്‍ വീണതു കണ്ടപ്പോള്‍
തോഷവും പൂണ്ടു ചിരിച്ചു നിന്നാര്‍
ധര്‍മ്മജന്‍ ചൊല്ലിനാനെന്നതു കണ്ടിട്ടു
‘ സമ്മതിയല്ലിതു നിങ്ങള്‍ക്കൊട്ടും
പാപത്തെപൂരിക്കും താപത്തെത്തൂകുന്നൊ
രാപത്തിന്‍ മൂലമായ് വന്നു കൂടും
എന്നതു കേട്ടിട്ടു വന്നൊരു ഹാസത്തെ
തന്നില്‍ തളര്‍ത്തവര്‍ നിന്നനേരം
കണ്ണുകുളുര്‍ത്തൊരു കാര്‍മുകില്‍ വര്‍ണ്ണന്താന്‍
കണ്ണെറിഞ്ഞീടിനാന്‍ തിണ്ണമപ്പോള്‍
എന്നതു കണ്ടവര്‍ പിന്നേയും പിന്നെയും
മുന്നതിലേറ്റം ചിരിച്ചാരപ്പോള്‍‍
സന്മതി പൂണ്ടൊരു കണ്മുനതന്നെയും
മന്നേരമാരുമേ കൈക്കൊള്ളാതെ
മാല്യവും പൂണ്ടുതാന്‍ വീണൊരു നീരിലും
ജാള്യമാം നീരിലും നീന്തുകയാല്‍
താന്തനായുള്ളൊരു ഗാന്ധാരി നന്ദനന്‍
ബാന്ധവന്മാരിലും കണ്‍കൊടാതെ
‘മാനത്തെപ്പൂണ്ടുകനത്തു നിന്നീടിനോ-
രാനനം തന്നെയും താഴ്ത്തി മെല്ലെ
ധന്യമായുള്ളൊരു തന്നുടെ മന്ദിരം
തന്നിലും പൂകിനാന്‍ ഖിന്നനായി
മാനവും കൈവിട്ടു ഗാന്ധാരിനന്ദനന്‍
ദീനനായ് കേവലം പോയ നേരം
‘ചാരത്തു നിന്നവര്‍ ചാലച്ചിരിക്കയാല്‍
വൈരമുണ്ടായ്‌വരു‘ മെന്നിങ്ങനെ
ചിന്തയെപ്പൂണ്ടൊരു ധര്‍മ്മജന്നുള്ളിലെ
സന്താപം പൊങ്ങിത്തുടങ്ങീതപ്പോള്‍.
‘മേദിനി തന്നുടെ ഭാരത്തെപ്പൊക്കുവാന്‍
സാധനമുണ്ടായി വന്നുതപ്പോള്‍’
എന്നങ്ങു ചിന്തിച്ച നന്ദജനുള്ളിലെ
സന്തോഷമുണ്ടായി പിന്നെപ്പിന്നെ
തുഷ്ടരായ് മേവുന്നൊരിഷ്ടരുമായി നി-
ന്നൊട്ടു നാളങ്ങനെ ചെന്നകാലം
ദ്വാരകതന്നിലെ പോവതിന്നായിട്ടു
പാരാതെ നിന്നു മുതിര്‍ന്നു പിന്നെ
യാത്രയും ചൊല്ലി നല്പര്‍ത്ഥനമാരോടുടന്‍
തേര്‍ത്തടം തന്നില്‍ക്കരേറി നേരെ
വാരുറ്റു നിന്നൊരു സേനയുമായിത്തന്‍
ദ്വാരകതന്നിലെഴുന്നള്ളിനാന്‍

Generated from archived content: krishnagatha78.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here