എന്നതു കേട്ടൊരു പാത്ഥർനും ചൊല്ലിനാൻ
കന്യകതന്നെയും നണ്ണി നണ്ണി
“സന്യാസിയാകിലോ കന്യകയെന്തിനു
മാന്യങ്ങളായുളള വസ്‌തുക്കളും?
മിത്രമെന്നുളളതും ശത്രുവെന്നുളളതും
പുത്രരെന്നുളളതും ഭോഗങ്ങളും
താതനെന്നുളളതും മാതാവെന്നുളളതും
ഭ്രാതാവെന്നുളളതും ഭൂഷണവും
ജ്യേഷ്‌ഠന്മാരെന്നും കനിഷ്‌ഠന്മാരെന്നതും
ഗോഷ്‌ഠിയായ് വന്നീടും സന്യാസിക്കോ. 180
ഇത്തരമായവ വേർവിട്ടുകൊൾവാനോ
ശക്തി പുലമ്പുന്നൂതില്ലെനിക്കോ.”
കണ്ണനതു കേട്ടു സന്തോഷവും പൂണ്ടു
തിണ്ണം ചിരിച്ചുടൻ ചൊന്നാനപ്പോൾ
“ഭിക്ഷുകവേഷത്തെപ്പൂണ്ടവനിന്നിവ-
യക്ഷണം ചെയ്യണമെന്നുണ്ടോ ചൊൽ.
ലീലകൾ കോലുവാൻ കോലങ്ങൾ പൂണ്ടവൻ
മേലിലവ്വണ്ണമേയായീടുമോ?”
എന്നു പറഞ്ഞു യതിവേഷമാക്കിനാൻ
മന്നവൻതന്നെയാക്കണ്ണനപ്പോൾ. 190
‘കന്യകതന്നെ ലഭിച്ചുനിന്നീടുവാ-
നിങ്ങനെ’യെന്നു പറഞ്ഞുപായം
ദ്വാരക പൂകിനാൻ വാരിജലോചനൻ;
വീരനായ് നിന്നുളള പാർത്ഥനപ്പോൾ
ധന്യമായുളെളാരു സന്യാസിവേഷമ-
ക്കന്യകമൂലമായ് കൈതുടർന്നാൻ.
സന്യസിച്ചീടിന പാണ്ഡവവീരന-
ക്കന്യകതന്നെയും നണ്ണിനണ്ണി
രൈവതമാകിന പർവ്വതം തന്നുടെ
താഴ്‌വരതന്നിൽ വിളങ്ങിനിന്നാൻ. 200
അന്നൊരു നാളിലന്നന്ദജൻതന്നൊടും
ധന്യനായ് നിന്നൊരു കാമപാലൻ
അല്ലലകന്നീടുമാസ്ഥാനം തന്നിലേ
മെല്ലവേ ചെന്നങ്ങു നിന്നു പിന്നെ
ഭക്തനായുളെളാരു മന്ത്രിവരനാകു-
മുദ്ധവർതന്നോടു ചൊന്നാനപ്പോൾ.
‘കാനനഭോജനം പെണ്ണുവാനായിട്ടു
മാനിനിമാരുമായ് നാമെല്ലാരും
കാലത്തുപോകണം നാളെ’യെന്നിങ്ങനെ
നീലാംബരൻ പറഞ്ഞീടുംനേരം, 210
നന്ദിതനായുളെളാരുദ്ധവർ കേട്ടുടൻ
നിന്നുളള മാലോകരെല്ലാരോടും
കാർവർണ്ണരാമന്മാർ ചൊന്നതറിയിച്ചു
പോവതിന്നായി മുതിർന്നെല്ലാരും
ഭക്ഷയഭോജ്യാദികളെന്നിവയെല്ലാമേ
തൽക്ഷണം സംഭരിച്ചൊന്നൊന്നേതാൻ
നീലക്കാർവർണ്ണനും രാമനുമായിട്ടു
മാലാകരോടും കലർന്നു ചെമ്മേ
കാലമേ പോകത്തുടങ്ങിനാരെല്ലാരും
കാനനഭോജനം പെണ്ണുവാനായ്. 220
പോയി നിന്നീടുന്ന മാലോകരെല്ലാരും
മായമകന്നുടൻ പോയിപ്പോയി
രൈവപർവ്വതംതന്നുടെ ചാരത്തു
പാവനമാം നദീതീരംതന്നിൽ
ചെന്നു നിന്നീടിനാരന്നേരമെല്ലാരു-
മിന്നിലം നല്ലതിതെന്നു ചൊല്ലി.
സ്നാനങ്ങൾ മുമ്പായതാചരിച്ചീടിനാൻ
മാനിനിമാരോടുകൂടിച്ചെമ്മേ
ദിവ്യാംബരാഭരണാലേപനങ്ങളാൽ
സർവ്വാംഗമെല്ലാമലങ്കരിച്ചാർ 230
ഇഷ്‌ടമായുളെളാരു ഭോജനം പെണ്ണീട്ടു
തുഷ്‌ടന്മാരായി വിളങ്ങിനിന്നാർ,
പീയൂഷം സേവിച്ചു മേവിനിന്നീടുന്നോ-
രാദിതേയന്മാരങ്ങെന്നപോലെ.
കേളികളൊന്നൊന്നേയാചരിച്ചീടിനാർ
താളം തുടർന്നാർ ചിലരുമപ്പോൾ
പാടി നിന്നീടിനാരാടി നിന്നീടിനാ-
രോടി നിന്നീടിനാരങ്ങു ചിലർ;
പാരമായുളള ഗിരിമുകളേറിനാർ
സാരന്മാരായവരങ്ങു ചിലർ. 240
Generated from archived content: test_krishna3.html Author: cherusseri