സുഭദ്രാഹരണം ഒൻപതാം ഭാഗം

അന്നവന്തന്നുടേ പൂജയെച്ചെയ്‌തതു

മന്നവന്തന്റെ നിയോഗത്താലേ

നമ്മുടെയച്ഛനു സോദരിയായൊരു

നിർമ്മലയാകിയ കന്യകതാൻ.

താപസന്തന്നുടെ സേവചെയ്‌തങ്ങനെ

താപമകന്നവൾ വാഴുംകാലം,

വന്ദിതനായൊരു മാമുനിതാനപ്പോൾ

വന്ദിച്ചുനിന്നൊരു കന്യകയ്‌ക്കായ്‌ 440

നല്ലൊരു മന്ത്രമുപദേശിച്ചീടിനാൻ.

എന്നതു കൊണ്ടല്ലോ ഖിന്നത കൈവെടി-

ഞ്ഞിന്നു വിളങ്ങുന്നു കുന്തീദേവി.

എന്നുളള കേളിയുമില്ലേ നിനക്കിപ്പോൾ?

പിന്നെയിവൻ മഹാഭാഗനല്ലോ.

മുറ്റും ചില നൃപകന്യകമാരെല്ലാ-

മുറ്റവർതന്നുടെ ചൊല്ലു കേട്ട്‌

വേദിയർപൂജയെച്ചെയ്‌തതുമൂലമായ്‌

ഖേദങ്ങൾ കൈവിട്ടു വാണുകൊണ്ടാർ.“ 450

വാരിജലോചനന്തന്നോടു നേരോടെ

സീരിതാനെന്നെല്ലാം ബോധിപ്പിച്ച്‌

മന്ദത കൈവിട്ടു സന്യാസിതന്നോടു

നിന്നു ഹലധരൻ ചൊന്നാൻ പിന്നെഃ

”ആശ്രയയായൊരു കന്യകയുണ്ടുളളു

ശുശ്രൂഷിച്ചീടുവാൻ ഭക്തിയോടെ.

പാദപരാഗങ്ങൾകൊണ്ടവൾമന്ദിരം

പാവനമാക്കുകയെന്നേ വേണ്ടു.“

ഇങ്ങനെ ചൊന്നവന്തന്നെയും മെല്ലെയ-

ക്കന്യകാമന്ദിരംതന്നിലാക്കി 460

മറ്റുളള വേലകളാചരിച്ചീടുവാൻ

തെറ്റെന്നു പോയ്‌പിന്നെ ലാംഗലിതാൻ.

ധന്യയായുളെളാരു കന്യക ചാരത്തു

സന്യാസി വന്നതു കണ്ടനേരം

പെട്ടെന്നെഴുന്നേറ്റു തുഷ്‌ടയായ്‌ മേവിനാ-

ളിഷ്‌ടനെക്കാണുമ്പോഴെന്നപോലെ.

തന്നിലേ നണ്ണിനാൾ മന്മഥമാലുറ്റു

”സന്യാസിയല്ലിതു നിർണ്ണയംതാൻ;

എന്നുടെ മാനസം ഖിന്നമാക്കീടുവാൻ

ഛന്നനായ്‌ വന്നൊരു കാമനത്രേ. 470

Generated from archived content: krishnagatha9.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here