സുഭദ്രാഹരണം എട്ടാം ഭാഗം

കോമളനായൊരു കണ്ണനോടിങ്ങനെ

കാമപാലൻ പറഞ്ഞീടുംനേരം

മാധവൻ ചൊല്ലിനാൻ നീതിയിലെന്നപ്പോൾ

“ബാധയില്ലേതുമിതിന്നു പാർത്താൽ.

വാനപ്രസ്ഥന്നിതിൻമീതേയിന്നൊന്നുമേ

ദാനംചെയ്യാവതുമില്ലയല്ലോ.

മൂലഫലാദിയും തിന്നു വനംതന്നെ-

യാലയമാകുന്ന മസ്‌തരിക്കോ

പാലും പഴവും ഭുജിച്ചു വസിപ്പതു

ബാലികതന്നോടുകൂടിച്ചെമ്മേ. 410

മംഗലമായിടുമിങ്ങനെയുളെളാരു

സംഗതിയെന്നുമേ വന്നുകൂടാ.”

എന്നെല്ലാം മാധവൻ ചൊല്ലുന്നതു കേട്ടു

നിന്ന ഹലധരൻ ചൊന്നാനപ്പോൾഃ

“ഉത്തമനായൊരു താപസന്തന്നെക്കൊ-

ണ്ടിത്തരം ചൊൽവതു യോഗ്യമോതാൻ?

സാരനായുളെളാരു സന്യാസി താനെന്നു

നേരെ നിന്നുളളത്തിൽ തോന്നീലയോ?

കാമക്രോധാദികൾ കൈവെടിഞ്ഞിങ്ങനെ

നാമസ്മരണവും പൂണ്ടു ചെമ്മേ 420

മേവി നിന്നീടുന്ന കേവലന്തന്നെക്കൊ-

ണ്ടേവം നീയെങ്ങനെ ചൊൽവാനാവൂ?

മുന്നം നീ പർവ്വതംതന്നീന്നു ചൊന്നതു-

മിന്നു പറഞ്ഞതും ചിന്തിക്കുമ്പോൾ

നേരേ നിനക്കിന്നിത്താപസന്തന്നോടു

പാരമസൂയയുണ്ടെന്നു തോന്നും.

ഇന്നു ഞാൻ ചൊല്ലുന്ന നന്മൊഴി കേൾക്കണം

മന്ദത കൈവെടിഞ്ഞെന്നാലിപ്പോൾ.

ശർവ്വാംശോൽഭൂതനാം മാമുനിമൗലിതാൻ

ദുർവ്വാസസ്സെന്നങ്ങു പേരുടയോൻ 430

യാദവരാജന്റെ മന്ദിരംതന്നിലേ

മോദേന വാണിതു നാലുമാസം.

Generated from archived content: krishnagatha8.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English