സാല്വവധം

കാരണനായൊരു വാരിജലോചനന്‍
ദ്വാരകനോക്കി വരുന്ന നേരം
കോപിച്ചു നിന്നൊരു സാല്വനെന്നിങ്ങനെ
പേര്‍പെറ്റുനിന്നൊരു മന്നവന്താന്‍
പോര്‍ക്കായിച്ചെന്നിട്ടു യാദവന്മാരിത്ത
നൂക്കിനെക്കാട്ടിനാന്‍ മേല്‍ക്കുമേലെ.
വൈരസ്യം പൂണ്ടൊരു വൈദര്‍ഭിനന്ദനന്‍
വൈകാതെ ചെന്നു പിണഞ്ഞനേരം
വൈകല്യം വാരാതെ വൈരിയും താനുമായ്
വൈദഗ്ദ്യം കാട്ടുന്ന നേരത്തപ്പോള്‍
ചേണറ്റു നിന്നൊരു ചേദിപന്തന്നുടെ
ചേതന പോകീന മാധവന്താന്‍
പെട്ടന്നു ചെന്നങ്ങു രുഷ്ടനായ് നിന്നൊരു
ദുഷ്ടനും താനും പിണങ്ങിപ്പിന്നെ
മായകള്‍ കൊണ്ടെങ്ങും തൂകിനിന്നേറ്റവും
മാനിയായ്‌മേവുമമ്മന്നവന്റെ
മാറിടം തന്നിലെ സായകം മുമ്പായു
ള്ളായുധമേല്‍പ്പിച്ചങ്ങായവണ്ണം
വാനില്‍നിന്നീടുന്ന മാനിനിമാരുടെ
വാര്‍കൊങ്ക പുല്‍കുമാറാകിവച്ചാന്‍.
മന്ദനായ് നിന്നൊരു മന്നവന്തന്നുടെ
ബന്ധുവായുള്ളൊരു ദന്തവക്രന്‍
കോപിച്ചു ചെന്നു പിണങ്ങിനിന്നീടിനാന്‍
വേപിച്ചു നിന്നൊരു മെയ്യുമായി.
മണ്ടിവരുന്നൊരു വൈരിയെക്കാണ്‍കായാല്‍
ഇണ്ടലെക്കൈവിട്ടു കൊണ്ടല്‍വര്‍ണ്ണന്‍
ചണ്ഡമായുള്ളൊരു ചക്രമെടുത്തവന്‍
കണ്ഠത്തെക്കണ്ടിച്ചു തുണ്ടിച്ചപ്പോള്‍
ചേദിപന്‍ പോയൊരു നല്‍ വഴി തന്നുടെ
ചൊവ്വോടെ പോകുമാറാക്കിവച്ചാന്‍.
വേദന പൂണ്ടു പിണങ്ങി നിന്നീടുന്ന
സോദരന്തന്നെയും കൊന്നുപിന്നീ
വാഴ്ത്തിനിന്നീടുന്ന വാനവര്‍ കാണവേ
വാട്ടമകന്നു തന്‍ കോട്ടപുക്കാന്‍.

സീരിണസ്സല്‍ക്കഥ

വീരനായുള്ളൊരു രോഹിണിനന്ദനന്‍
ദ്വാരകതന്നിലിരിക്കും കാലം
കൌരവന്മാരുപ്പാണ്ഡവന്മാരുമായ്
വൈരമുണ്ടാകയാല്‍ പാരമിപ്പോള്‍
പോര്‍ക്കു തുനിഞ്ഞാരെന്നിങ്ങനെയുള്ളൊരു
വാക്കിനെക്കേള്‍ക്കയാല്‍ വായ്പിനോടെ
ഓര്‍ത്തു നിന്നീടിനാര്‍ ചീര്‍ത്തു നിന്നീടുന്നോ
രാര്‍ത്തിയെപ്പൂണ്ടവനാസ്ഥയോടെ:
‘ ഗോവിന്ദന്തന്നുടെ ജീവനമായല്ലൊ
കേവലം മേവുന്നു പാണ്ഡവന്മാര്‍
കേശവന്തന്നുടെ ചൊല്ലിനെക്കേളാതെ
വാശിയെപ്പൂണ്ട സുയോധനന്താന്‍
ശിക്ഷയെച്ചെയ്കയാലക്ഷതനായൊരു
ശിക്ഷ്യനായ് വന്നു നമുക്കുമെന്നാല്‍
തങ്ങളില്‍ നിന്നു പിണഞ്ഞതു കാണുമ്പോ
ളെങ്ങേന്‍ മിണ്ടാതെ നിന്നുകൊള്‍വൂ?
മദ്ധ്യന്ഥനായിട്ടു നിന്നു കൊള്‍വാനുള്ള
ബുദ്ധിയുണ്ടാകുന്നുതല്ലയെന്നാല്‍
ഇന്നിലം കൈവെടിഞ്ഞിന്നു ഞാന്‍ പോകണം
എന്നങ്ങു തന്നിലെ നണ്ണിനേരെ
തീര്‍ത്ഥങ്ങളാടുവാന്‍ പോകുന്നേനെന്നൊരു
വാര്‍ത്തയെച്ചൊല്ലി നടന്നുടനെ
നേരറ്റു നിന്നുള്ളൊരാരണന്മാരുമായ്
ഓരോരോ തീര്‍ത്ഥങ്ങളാടിയാടി
ഉത്തമാമായൊരു നൈമിശദേശത്തു
സത്വരം ചെന്നവന്‍ നിന്നനേരം
സത്രത്തെച്ചെയ്തുള്ള മാമുനിമാരെല്ലാം
ഉത്തമമായൊരു ഭക്തിയാലെ
ആതിത്ഥ്യവേലയുമാചരിച്ചമ്പിനോ
ടാദരിച്ചന്നേരമായവണ്ണം
സശ്രമനായൊരു രാമനെയല്ലാരും
വിശ്രമനാക്കിനാര്‍ വാക്കുകൊണ്ടേ
കേടറ്റു നിന്നൊരു സൂതനെക്കാണായി
പീഠത്തിലേറി ഞെളിഞ്ഞതപ്പോള്‍
കല്യനായുള്ളൊരു സീരിതാന്‍ കോപിച്ചു
ചൊല്ലിനിന്നീടിനാനെല്ലാരോടും :
” സജ്ജനമെല്ലാമെഴുന്നേറ്റു നിന്നപ്പോള്‍
ലജ്ജയും കൂടാതെ പീഠത്തിന്മേല്‍
ഉദ്ധതനായി ഞെളിഞ്ഞോരിപ്പാഴന്താന്‍
വന്ദ്യനെന്നുള്ളതു തേറിനാലും
വന്ദ്യന്മാരായുള്ളമാമുനിമാര്‍ക്കെല്ലാം
വന്നിങ്ങു കൂപ്പേണമെന്നുതോന്നി.
വന്ദ്യനായുള്ളതു ഞാനെത്രയെന്നല്ലൊ
നിന്ദ്യനായ്‌മേവുമിമ്മന്ദനോര്‍ത്തു.
നാണവും കൈവിട്ടു നമ്മെ വന്നിങ്ങനെ
നാളെയും നിന്നിവന്‍ നിന്ദിക്കൊല്ലാ”
ഇങ്ങനെ ചൊന്നൊരു ഭര്‍ഭയെടുത്തുടന്‍
പൊങ്ങിന കോപത്തില്‍ മുങ്ങുകയാല്‍
ശത്രുവെ വെല്ലുന്നൊരസ്ത്രമെന്നിങ്ങനെ
ചിത്തത്തില്‍ ചിന്തിച്ചെറിഞ്ഞാനപ്പോള്‍
മാമുനിമാരുടെ ലോചനവാരിയും
മാഴ്കിന സൂതനും വീണുതപ്പോള്‍
ഇച്ഛപിഴച്ചുള്ള മാമുനിമാരപ്പോ
ളച്യുതസോദരനൊടു ചൊന്നാര്‍:

തുടരും……..

Generated from archived content: krishnagatha79.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here