”സമ്മതികേടിന്നു നമ്മുടെ വീടല്ല
തന്നുടെ വീടകം പൂക്കുവേണം
വല്ലാത്ത വാര്‍ത്തകളിന്നും നീ ചൊല്ലുകില്‍
ഒല്ലായെന്നിങ്ങനെ ചൊല്ലും ഞങ്ങള്‍
ചൊല്ലുകൊണ്ടിന്നിനി നല്ലനല്ലെങ്കിലോ
തല്ലുകൊണ്ടീടിനാല്‍ നല്ലനാവോം
തല്ലുകൊണ്ടാല്‍ പിന്നെയങ്ങനെയെങ്കിലോ
വില്ലുകൊണ്ടെങ്ങള്‍ക്കു പിന്നേതെല്ലാം”
എന്നതു കേട്ടോരു ചേദിപന്‍ ചൊല്ലിനാന്‍
സന്നദ്ധരായ് കൊള്‍വിനെ ന്നിങ്ങനെ
വാര്‍ത്തയെക്കേട്ടുള്ള പാര്‍ത്ഥന്മാരെന്നപ്പോള്‍
ആര്‍ത്തണഞ്ഞീടിനാരോര്‍ത്തു നേരെ.
എന്നതു കേട്ടൊരു ചേദിപ വീരനും
ചെന്നു തുടങ്ങിനാന്‍ മുന്നില്‍ നോക്കി
നാന്ദകധാരിതാനെന്നതു കണ്ടപ്പോള്‍
പാണ്ഡവന്മാരെത്തടുത്തു നീക്കി.
മുന്നിട്ടു വന്നൊരു ചേദിപന്താനപ്പോള്‍
സന്നദ്ധനായിപ്പിണങ്ങി നിന്നാന്‍.
മാനിയായുള്ളോരു ചേദിപന്‍ താനപ്പോള്‍
മാധവന്‍ വന്നതു കണ്ടനേരം
അന്തമില്ലാതൊരു വൈരമുണ്ടാകയാല്‍
എന്തു ഞാന്‍ ചെയ്‌വതെന്നോര്‍ത്തു പിന്നെ
ആക്കമാണ്ടീടുന്ന മാധവന്മേനിയെ
നോക്കി നിന്നീടാനാന്‍ കണ്‍ചുവത്തി
ചേദിപന്തന്നുടെ മാനസമന്നേരം
മാധവന്തങ്കലുറച്ചുനിന്നു
കണ്‍ചുവത്തീടുന്ന ചേദിപന്‍ വന്നതു
കണ്ടുനിന്നീടുന്ന കൊണ്ടല്‍ വര്‍ണ്ണര്‍
ഉഗ്രമായുള്ളൊരു ചക്രമെടുത്തപ്പോള്‍
നിഗ്രഹിച്ചീടിനാന്‍ നീചന്തന്നെ
ചക്രമേറ്റീടുന്ന ചേദിപനന്നേരം
ചക്രധരന്തന്നെ നോക്കി നോക്കി
തൂമയില്‍ നിന്നൊരു ഭൂമിയില്‍ വീണുടന്‍
നാമാവശേഷനായ് വന്നാനപ്പോള്‍
ചൈദ്യനില്‍നിന്നങ്ങെഴുന്നതു കാണായി
വൈദ്യുതകാന്തി കണക്കെയപ്പോള്‍
കൊണ്ടല്‍നേര്‍വ്വര്‍ണ്ണനോടൊന്നായി വന്നതും
കണ്ടുനിന്നീടീനാര്‍ വിണ്ടലരും.
വിജ്വരനായൊരു ധര്‍മ്മജമ്പിന്നെത്തന്‍
യജ്ഞവും പൂരിച്ചു പൂര്‍ണ്ണനായി
ദക്ഷിണരായുള്ള ഭൂസുരന്മാര്‍ക്കെല്ലാം
ദക്ഷിണനല്‍കിനാനക്ഷതനായ്
സന്തുഷ്ടരായുള്ള ഭൂദേവന്മാരപ്പോള്‍
സന്തതിമുമ്പായ മംഗലങ്ങള്‍
കാമ്യങ്ങളായിട്ടു മറ്റുള്ളതെല്ലാമേ
മേന്മലേ പൊങ്ങുകയെന്നു ചൊന്നാര്‍
ഖിന്നത പിന്നിട്ടു ധര്‍മ്മജന്മാവുതാന്‍
മന്നവന്മാരുമായ് മാണ്‍പിനോടെ
തുംഗയായുള്ളോരു ഗംഗയില്‍ ചെന്നങ്ങു
മംഗല സ്നാനവുമാചരിച്ചാന്‍.
ധന്യമായുള്ളോരു യാഹത്തെച്ചെയ്കയാല്‍
ഉന്നതനായൊരു മന്നവന്താന്‍
മന്നിടമെങ്ങുമെ മങ്ങാതെ പാലിച്ചു
മന്ദിരം തന്നിലിരുന്ന കാലം
അക്ഷീണരായുള്ള ദാനവന്മാരുടെ
തക്ഷാവു നല്‍കീനനത്സഭയില്‍
വന്ദിച്ചു നിന്നുള്ള വന്ദികള്‍ ചൂഴമായ്
നിന്നു വിളങ്ങിനാനന്നൊരുനാള്‍
നന്ദജന്മുമ്പായ ബന്ധുക്കളെല്ലാരും
ചെന്നു തുടങ്ങിനാരെന്ന നേരം
സേവകരായുള്ള ലോകരുമെല്ലാരും
ചേകവരായുള്ള വീരന്മാരും
ഉറ്റവരായിട്ടു മറ്റുള്ള ലോകരും
ചുറ്റും വിളങ്ങിനാര്‍ മന്നവന്റെ
നര്‍ത്തകന്മാരുടെ നൃത്തവും കണ്ടിട്ടു
വിസ്മയിച്ചെല്ലാരും നിന്നനേരം
മാനിയായുള്ള സുധോധന്താനപ്പോള്‍
മന്നവന്‍ ചാരത്തുചെല്‍വതിന്നായ്
Generated from archived content: krishnagatha77.html Author: cherusseri