രാജസൂയം-7

മൂഡനായുള്ളോരു ബാലന്റെ ചൊല്‍കേട്ടു
മൂഡന്മാരായിതോ നിങ്ങളെല്ലാം?
യോഗ്യരായുളളവര്‍ നോക്കിനിന്നീടവെ
മൂര്‍ക്ക്വനായല്ലൊയിപ്പൂജയ്ക്കിപ്പോള്‍
കണ്ടാലും നല്ലൊരു യാഗമായ് പോയതു
ചണ്ഡാലന്തീണ്ടിന പിണ്ഡം പോലെ
ആരിവനെന്നതു നിങ്ങളിലാരുമേ
ഓരാതെ നിന്നതേ പോരായ്മതാന്‍
ഗോപാലനെന്നുണ്ടു ചൊല്ലുന്നതെല്ലാരും
ഗോപാലന്താനുമല്ലോര്‍ത്തു കണ്ടാല്‍
ഇല്ലവും ജന്മവും ചിന്തിച്ചു കാണ്‍കിലോ
ചൊല്ലാവതില്ലിവനൊന്നുമേ താന്‍
അച്ഛനായുള്ളവനേനെന്നിങ്ങനെ
നിശ്ചയമുണ്ടെങ്കില്‍ ചൊല്ലിനാലും
കാനനവാസിയാം നന്ദനുമല്ലയ
ങ്ങാനകദുന്ദുഭിതാനുമല്ല.
കാന്തങ്ങളായ ഗുണങ്ങളിലൊന്നുമേ
താന്തോന്നിയായത്രേ പണ്ടെയുള്ളു
നിങ്ങളിച്ചെയ്തൊരു പൂജയ്ക്കു ചിന്തിക്കി-
ലിങ്ങനെയാരുമേ വന്നു കൂടാ
വായ്പോടുമാച്ചിമാര്‍ കാച്യപാല്‍ തൈര്‍ വെണ്ണ
രാപ്പകല്‍ കക്കയിവന്നു ശീലം
കള്ളാനെന്നുള്ളൊരു നാമമുണ്ടാകയാല്‍
കണ്ണനെന്നാരും ചൊല്ലുന്നിപ്പോള്‍
കന്യകമാരുടെ ചേലകള്‍ വാരിനാന്‍
പിന്നേടമെല്ലാമേ ചൊല്ലവേണ്ട
മാതുലന്മൂലമായ് പാതകമുണ്ടല്ലോ
പൂതനമൂലമായ് പെണ്‍കൊലയും
ഇത്തരം ചൊല്ലുവാന്‍ പത്തുനൂറല്ലുള്ളു
തത്തരമോര്‍ക്കുമ്പോളെന്നുവേണ്ടാ
പണ്ടിവന്‍ ചെയ്തുള്ള വേലകള്‍ ചൊല്‍വാനി-
ക്കണ്ടുള്ളോരുമില്ലെന്നു ചൊല്ലാം
ഇങ്ങനെയുള്ളവനെങ്ങനെ നിങ്ങള്‍ക്കി
മ്മംഗലപൂജയ്ക്കു വന്നവാറ്
സജ്ജനമായുള്ളൊരിജ്ജനം മുമ്പിലെ
ലജ്ജയും കൂടാതെ നിന്നതുകാണ്‍
മത്സരിയായൊരു ദുസ്സഹന്തന്നെയി
സ്സത്സഭതന്നീന്നു പോക്കവേണം”

ഇത്തരമായുള്ള ദുസ്സഹവാര്‍ത്തകള്‍
മത്സരമാണ്ടവന്‍ ചൊന്ന നേരം
ഉത്തരമായവര്‍ നല്‍ച്ചെവി തന്നെയും
പൊയ്ത്തിനിന്നീടിനാരത്തലോടെ
ചേദിപനിങ്ങനെ ചൊന്നതുകേട്ടപ്പൊ-
ളെതുമേ മിണ്ടീല മാധന്താന്‍-
ശ്വാക്കള്‍തന്‍ നാദത്തെക്കേള്‍ക്കുന്ന നേരത്തു
നോക്കുമോ കേസരിയായ വീരന്‍
ചീര്‍ത്തൊരു കോപത്തെക്കോലുന്ന പാര്‍ത്ഥന്മാര്‍
വാത്തയെച്ചൊല്ലിനാരാത്ത വേഗം

Generated from archived content: krishnagatha76.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here