മെച്ചമേ ചൊല്ലിനാന്‍ വച്ചരശങ്ങവന്‍
പശ്ചിമവാതിലെ വന്നാലും നീ
അംഗനതന്നുടെ മംഗലം കൊള്ളുന്നേന്‍
തങ്ങളും നീയും നശിച്ചു പോമേ.
മുണ്ടിതകേശനായ് മുന്നമേ വന്നുതോ?
വെണ്ണയും കൊണ്ടുവാ വേഗത്തില്‍ നീ
മുഷ്ക്കരമായുള്ള മുത്തുകള്‍ തന്നീട്
ശര്‍ക്കരമണ്ടി ഞാന്‍ കൊണ്ടുവാരാം
നന്നാറികൊണ്ട് നന്നായിത്തേക്ക നീ
മുന്നാഴിപ്പാട്ടിന്നു തോലിയല്ലോ
മുക്കാതം പാഞ്ഞതു മൂവരുണ്ടിന്നലെ
വക്കാണമുണ്ടായതുണ്ടോ കേട്ടു?
യക്ഷിണി പീഡയ്ക്കു രക്ഷചൊല്ലെങ്ങനെ?
പക്ഷികള്‍ മാനത്തു പാറും പോലെ
അഞനം കൊണ്ടുള്ള വേലചൊല്ലെങ്ങനെ?
പഞ്ജരം പൂകിന സിംഹം പോലെ
കിന്നരമന്ത്രം ഞാനെങ്ങനെ സേവിപ്പു?
പന്നഗവായിലെപ്പല്ലുപോലെ
വാസവമന്ത്രത്തിന്‍ ധ്യാനം ചൊല്ലെങ്ങനെ?
വ്യാജികള്‍ ചാടുന്ന ചാട്ട പോലെ
വൃതനെക്കൊന്നതു വാസവനെങ്ങനെ?
ചിത്ര പിറന്നവര്‍ ശീലം പോലെ
ശ്രാദ്ധത്തിന്നുണ്ടായ കോപ്പെല്ലാം ചൊല്ലു നീ
മൂര്‍ദ്ധാവിന്നുണ്ടൊരു പുണ്ണുപാരം
നാകികള്‍ നായകന്‍ പോയവാറെങ്ങനെ?
കേകിതാന്‍ കേവലം കൂകും പോലെ
ബാലിതന്‍ വാലിന്റെ വണ്ണം ചൊല്ലെങ്ങനെ
നീലവിലോചനമാരേപ്പോലെ
കുക്ഷിയെപ്പൂരിപ്പാന്‍ ഭക്ഷണമെന്തുള്ളു?
ശിക്ഷയെച്ചെയ്കിലേ ശീലം നല്ലു
അക്ഷികളാടുന്ന ലക്ഷണമെങ്ങനെ?
മക്ഷികള്‍ പാടുന്ന പാട്ടുപോലെ”
ഇങ്ങനെയോരോരോ വര്‍ത്തകളന്നേരം
പൊങ്ങിത്തുടങ്ങീതമ്മന്ദിരത്തില്‍
പ്രജ്ഞപൂണ്ടീടുന്ന ധര്‍മ്മജന്തന്നുടെ
യജ്ഞവും പോന്നു മുതിര്‍ന്നുതായി.
പാചകന്മാരുടെ വേല വേലകളെല്ലാമേ
ആചരിച്ചീടിനാന്‍ ഭീമസേനന്‍.
വാജ്ഞിതമായുള്ള വസ്തുക്കളോരോന്നേ
പാഞ്ചാലവീരന്‍ വിളമ്പിനിന്നാന്‍
അര്‍ജ്ജുനനായതു സജ്ജനപൂജയില്‍
അച്യുതനംഘ്രിതന്‍ ക്ഷാളനത്തില്‍
പണ്ടാരം കൊണ്ടുള്ള വേലകളെല്ലാമേ
തണ്ടാര്‍മാതാണ്ട സുയോധനന്താന്‍;
സ്വര്‍ണ്ണങ്ങള്‍കൊണ്ടുള്ള ദാനങ്ങളെല്ലാമേ
പുണ്യങ്ങള്‍ പൂണ്ടുള്ള കര്‍ണ്ണന്താനും;
വേഴ്ചയില്‍ വന്നിട്ടു മറ്റുള്ളോരോരോ
വേലകള്‍ ചാലനിന്നാചരിച്ചാര്‍
വേഗത്തില്‍ ചെന്നങ്ങു തന്നുടെ തന്നുടെ
ഭാഗത്തെക്കൊണ്ടുകൊണ്ടാദരവില്‍
അബ്ജജന്മുമ്പായ നിര്‍ജ്ജരെല്ലാരും
വിജ്വരരായി വിളങ്ങും നേരം
അഗ്ര്യമായുള്ളോരു പൂജകൊണ്ടെല്ലാരും
വ്യഗ്രരായ്നിന്നു ചമഞ്ഞുകൂടി
ശാസ്ത്രികളെല്ലാരും ശ്രോത്രിയരും
ചിന്തിച്ചതോറുമങ്ങന്ധത കൈവിട്ടു
സന്ധിച്ചുകൂടിതിലാര്‍ക്കുമൊന്നും
ഉത്തമരായുള്ള സത്തുക്കളന്നേരം
പത്തുനൂറല്ലല്ലോ വന്നതുള്ളു
കന്മഷം കൈവിട്ട നിര്‍മ്മലര്‍ പിന്നെയും
സമ്മതം ചിന്തിച്ചു നിന്നനേരം
വത്സലനായുള്ള നത്സഹദേവന്താന്‍
സത്സഭതന്നിലെ ചെന്നു നേരെ
ഉത്തമന്മാരുടെ ചിത്തത്തിലേറുവാന്‍
പ്രത്യക്ഷമായിട്ടു ചൊന്നാനപ്പോള്‍:
Generated from archived content: krishnagatha74.html Author: cherusseri