മാനത്തെപ്പൂണ്ടുള്ളൊരാനര്‍ത്തവീരരെ-
ക്കാലത്തേ വന്നതു കാണായപ്പോള്‍
വാഞ്ഛിതരായുള്ള പാഞ്ചലരെല്ലാരും
ചാഞ്ചല്യം കൈവിട്ടുവന്നാരപ്പോള്‍
കുഞ്ജരമേറിന സൃഞ്ജയവീരരെ-
പുഞ്ജിതരായിട്ടു കാണായപ്പോള്‍.
ചാല്യന്മാരല്ലാതെ സാല്വന്മാരെല്ലാരും
മാല്യവും പൂണ്ടു ചമഞ്ഞുവന്നാര്‍
ക്ഷുദ്രമാരെല്ലാത മദ്രകന്മാരെയും
ഭദ്രന്മാരായിട്ടു കാണായപ്പോള്‍
കങ്കണം പൂണ്ടുള്ളകൊങ്കണ വീരര്‍ വ-
ന്നങ്കണം തന്നില്‍ നിറഞ്ഞുതെങ്ങും.
കമ്രന്മാരയിട്ടു വെണ്‍മയില്‍ വന്നാര-
ക്കര്‍മ്മരായ് നിന്നുള്ള ശുംഭന്മാരും
തുംഗന്മാരായ കലിംഗന്മാരെല്ലാരും
ഭംഗികള്‍ പൊങ്ങിന വംഗന്മാരും
മേളമെഴുന്നുള്ള മാളവന്മാരും നല്‍ േ
കേളികളാളുന്ന ചോളന്മാരും
ആകുലരാകാതെ കേകേയവീരരും
മാഴ്കാതെ വാഴുന്ന മാഗധരും
വേര്‍പാകിനിന്നുള്ള വേഴ്ചയെപ്പൂണ്ടുള്ള
നേര്‍പാളഭൂപാല വീരന്മാരും
അന്തകനഞ്ചുന്ന കുന്തള വീരരും
ബന്ധുര സിന്ധു മഹീന്ദ്രന്മാരും
ശൗണ്ഡ്യരായ് നിന്നുള്ള പാണ്ഡ്യമഹീശരും
പാണ്ഡവമന്ദിരം തന്നിലായി.
അന്യമന്മാരുള്ള മന്നവര്‍ പിന്നെയും
വന്നുവന്നീടിനാന്‍ വായ്പിനോടെ
ആഴികള്‍ നാലിനകത്തുള്ള ലോകരില്‍
ആരിങ്ങു വാരാഞ്ഞോരെന്നേ വേണ്ടൂ
ആഗതരായുള്ള ലോകരെങ്ങെല്ലാരും
ആദരവോടിരുന്നങ്ങുമിങ്ങും
ആസ്ഥാനം പൂണ്ടൊരോരോ വാര്‍ത്ത തുടങ്ങിനാര്‍
‘ആസ്ഥരായുള്ളോരെക്കാണ്‍കയാലെ
നാനാജനങ്ങള്‍ക്കു നാനാവിധങ്ങളാം
ആലാപജാലങ്ങളുണ്ടായാപ്പോള്‍
ഒന്നിനോടൊന്നുമേ സംഗതി കൂടാതെ
ഉന്മത്തര്‍ ചൊല്ലുന്ന ചൊല്ലുപോലെ.
‘ഒട്ടുപോലുണ്ടല്ലോ വന്നിതിങ്ങെല്ലാരും
തൊട്ടുകാണെന്നുടെ മേനി തോഴാ!
തോണിപിരണ്ടുവശംകെട്ടുതല്ലല്ലീ?
മാണികളോതു മാറിയില്ലയിപ്പോള്‍
ചേണുറ്റ വീണതന്‍ ഞാണറ്റുപോയിതു
മാണിക്യം കൊണ്ടു നിറഞ്ഞുകൂടി
ആനകള്‍ വന്നു നിറഞ്ഞതു കണ്ടാലും
കാനകനാറി മണത്തതേറ്റം
ചാരത്തിരുന്നൊരു ചൂരക്കോല്‍ കണ്ടില്ല
സാരസ്യമില്ലയിന്നാരിക്കൊട്ടും
പൂരത്തിലായതു സൂരിതാനിന്നലെ
പേരപ്പന്‍ വന്നതു കണ്ടായോ നീ-
പാരിച്ചു വന്നൊരു മാരച്ചൂടുണ്ടുള്ളില്‍
കാരക്കവേണ്ടുകില്‍ താരംകൊണ്ടാ-
ചാരത്തുപോന്നിങ്ങു തള്ളുന്നതെന്തിന്നു?
വാരത്തിനിന്നലെപ്പോയില ഞാന്‍
കുക്കുടം തന്നുടെ പൂവുണ്ടോ ചൂടാവൂ?
നിഷ്‌കുടം തന്നിലെ പോകയോ നാം.
പൊല്ക്കുടമുള്ളവ മിക്കതും വന്നുതോ?
മുക്കുടി കൊണ്ടേ ശമിപ്പുവിപ്പോള്‍.
നാല്‍്‌ക്കൊടി തോരണമൊക്കവേ കണ്ടാലും
പുഷ്‌കരതീര്‍ത്ഥത്തില്‍ പോകുന്നായോ?
പൊല്‍ക്കുടതങ്കീഴില്‍ നില്‍ക്കുന്നതാരിതു
വില്‍ക്കുന്നേനല്ലയെന്‍ വില്ലു ഞാനോ.
വന്നൊരു നാരിയില്‍ നല്ലതിന്നാരിതാന്‍
പന്നിത്തോലുണ്ടല്ലോ കൈയില്‍ കൂടെ.
തുംഗനെ വാങ്ങിനാലെങ്ങനെ വന്നിടും
ചങ്ങല നാഴികള്‍ ചാരത്തൂതോ?
വംഗന്മാര്‍ വന്നതില്‍ പിന്നാലെ വന്നതാര്‍?
ഗംഗയില്‍ മുങ്ങിനാര്‍ മൂവരിപ്പോള്‍?
Generated from archived content: krishnagatha71.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English