‘’ ആന്ധ്യമാണ്ടിങ്ങനെ നീളെ നടന്നിടു
താന്തരായ് നിന്നുള്ള പാന്ഥര്‍ ഞങ്ങള്‍
ദാനങ്ങള്‍ ചെയ്യുന്ന നിന്നുടെ ചാരത്തു
ദീനത്തെപ്പോക്കുവാന്‍ വന്നുതിപ്പോള്‍
ഇച്ഛയെച്ചൊല്ലിനാല്‍ നല്‍കും നീയെന്നിട്ടു
നിശ്ചയമുണ്ടായേ ചൊല്‍വാനാവൂ’‘
മാധവന്‍ ചൊല്ലിന ചൊല്ലിനെക്കേട്ടൊരു
മാഗധന്‍ ചൊല്ലിനാന്‍ മാനിച്ചപ്പോള്‍;
‘’ ആജ്ഞകൊണ്ടണ്ടെല്ലാമേ സാധിച്ചുകൊള്ളുവാന്‍
പ്രാജ്ഞന്മാരെല്ലായിന്നിങ്ങളെന്നാല്‍
ചൊല്ലുന്നതെല്ലാമേ നല്‍കുന്നതുണ്ടു ഞാന്‍
ചൊല്ലുവാനേതുമേ ശങ്കിക്കേണ്ട
പ്രാണങ്ങള്‍ തന്നെയും നല്‍കുവന്‍ ചൊല്ലുകില്‍
കാണങ്ങളെന്നതോ പിന്നെയല്ലോ’‘
സത്യമായ് നിന്നവനിങ്ങനെ ചൊന്നപ്പോള്‍
സത്വരം ചൊല്ലിനാന്‍ നന്ദജന്താന്‍:
‘’ യുദ്ധത്തെക്കാമിച്ചു വന്നതു ഞങ്ങളി-
ന്നുദ്ധതനായൊരു നീയുമായി
ഭീമനിന്നിന്നതു പാര്‍ത്ഥനന്നിന്നതു
വാമനായുള്ളൊരു മാധവന്‍ ഞാന്‍
ഞങ്ങളില്‍ മൂവരിലാരെന്നു ചിന്തിച്ചു
സംഗരത്തിനു തുനിഞ്ഞുകൊള്‍ നീ’‘
നന്ദജനിങ്ങനെ ചൊന്നരു നേരത്തു
മന്നവനേറ്റം ചിരിച്ചു ചൊന്നാന്‍
‘’ നിന്നോടുകൂടിന സംഗരം നില്‍ക്കട്ടി
മ്മന്നവന്മാരിലാരെന്നേ വേണ്ടൂ
കണ്ടൊരു നേരത്തു മിണ്ടുതും ചെയ്യാതെ
മണ്ടുവായല്ലോ നീ പണ്ടെപ്പോലെ
അന്നുപോയംബുധിതന്നില്‍ മറഞ്ഞു നീ
ഇന്നു വെളിച്ചത്തു വന്നായല്ലൊ?
കോമളനായൊരു പാര്‍ത്ഥനെക്കാണുമ്പോള്‍
ഓമനിപ്പാനല്ലൊ തോന്നി ഞായം
ഭീമനായുള്ളൊരു ഭീമനെയെന്നോടു
വാമനായ്നിന്നു കതിര്‍പ്പാനാവൂ’‘
ഇങ്ങനെ ചൊന്നുടന്‍ ഭീമനോടൊന്നിച്ചു
സംഗരമായിപ്പിണഞ്ഞാനപ്പോള്‍.
നല്‍ഗദകൊണ്ടങ്ങു താഡനം ചെയ്കയും
വല്‍ഗനം ചെയ്കയുമങ്ങുമിങ്ങും
വീരന്മാര്‍ കോലുന്ന നേരറ്റ സംഗരം
ഘോരമായ്‌വന്നിതു പാരമപ്പോള്‍
ദര്‍പ്പമെഴുന്നുള്ള കേസരിവീരന്മാര്‍
കെല്പോടുനിന്നു കതിര്‍ക്കും പോലെ
കാര്‍മുകില്‍ വര്‍ണ്ണന്തന്‍ കാരുണ്യം തന്നാലെ
വാമനായ്മേവുന്ന ഭീമനപ്പോള്‍
മന്ദനായുള്ളൊരു മാഗധന്തന്നുടെ
അന്തകനായ്‌വന്നാനെന്നേ വേണ്ടു
കെട്ടുപെട്ടീടിന മന്നോരെയെല്ലാമേ
പെട്ടന്നു ചെന്നങ്ങഴിച്ചു പിന്നെ
ഇഷ്ടങ്ങളായുള്ളതൊന്നൊന്നേ നല്‍കിട്ട്
തുഷ്ടന്മാരാക്കിനാന്‍ തോയജാക്ഷന്‍:
തന്നുടെ തന്നുടെ നാട്ടിലങ്ങാക്കീട്ടു
ധന്യരാക്കീടിനാമ്പണ്ടെപ്പോലെ
വീരന്മാരായുള്ള പാണ്ടവന്മാരുമായ്
പാരാതെപോന്നിങ്ങു വന്നു പിന്നെ
സന്താപം പൂണ്ടൊരു ധര്‍മ്മജന്നുള്ളത്തില്‍
സന്തോഷം പൂകിച്ചാന്‍ പാരമപ്പോള്‍
സമ്മോദം പൂണ്ടൊരു ധര്‍മ്മജന്മാവുതന്‍
നിര്‍മ്മലരായുള്ളൊരാരണരെ
യജ്ഞത്തിനായി വരിച്ചുകൊണ്ടീടിനാന്‍
അജ്ഞതവേറിട്ടാലെന്നു ഞായം
മാനിതന്മാരായുള്ളാരണരെല്ലാരും
മാധവന്‍ ചെല്ലാലും മാനിച്ചപ്പോള്‍
സൂക്ഷിച്ചുകൊണ്ടങ്ങു വേദങ്ങളെല്ലാമേ
ദീക്ഷിപ്പിച്ചീടിനാര്‍ മന്നവനെ
സമ്പാദ്യമായുള്ള സംഭാരമെല്ലാമേ
സമ്പാദിച്ചമ്പോടു മുമ്പിനാലെ
നേരറ്റു നിന്നൊരു വേദിയും നിര്‍മ്മിച്ചി-
ട്ടാരംഭിച്ചീടിനാര്‍ രാജസൂയം
വാസവന്മുമ്പായ വാനവരെല്ലാരും
വാനില്‍ നിന്നന്നേരം പോന്നുവന്നാര്‍
മാമുനിമാരും മറ്റുള്ളോരുമെല്ലാരും
മാഴ്കാതെ വന്നു തുടങ്ങീതപ്പോള്‍
ദാനങ്ങള്‍ കാമിച്ചുള്ളാരണരോരോരോ
ബാലകനമാരുമായ്‌വന്നു പിന്നെ
വേഗത്തില്‍ ചെന്നങ്ങു വേദിതന്‍ ചാരത്തു
വേദങ്ങളോതിനാര്‍ നീതിയോടെ
ഉന്നതരായുള്ള മന്നവരെല്ലാരും
വന്നു തുടങ്ങിനാര്‍ വാരി പോലെ
ചേലയും പൂണ്ടു ചമഞ്ഞു നിന്നീടുന്ന
ചേവകന്മാരുമായ് ചെവ്വിനോടെ.
Generated from archived content: krishnagatha70.html Author: cherusseri