ദേവകീനന്ദനൻചൊല്ലു കേട്ടു ബല-
ദേവനും ചൊല്ലിനാനേവമപ്പോൾ
“ഒല്ലാത കാരിയം ചിന്തിച്ചേനല്ല ഞാ-
നെല്ലാരും സമ്മതിയായതത്രെ.
മേദിനീപാലന്മാരായവരും പിന്നെ
മോദിതരാകിയ ഭൂസുരരും
താപസന്മാരെയും ഭിക്ഷുകന്മാരെയും
താപമകലുവാൻ പൂജിച്ചീടും. 380
എന്നുളള കേളിയുമില്ലേ നിനക്കിപ്പോൾ?
ഇന്നിതിനെന്തൊരു കുറ്റം ചൊൽവാൻ?”
എന്നെല്ലാം ലാംഗലി ചൊന്നതു കേട്ടപ്പോൾ
നിന്നൊരു കണ്ണന്താനെന്നനേരം,
മന്ത്രിച്ചു ചൊല്ലിനാൻ ലാംഗലിതന്നോടു
ചിന്തിച്ചുനിന്നു നുറുങ്ങുനേരം
“സജ്ജനമായുളെളാരിജ്ജനത്തിന്നൊരു
നിർജ്ജനമായൊരു ദേശമിപ്പോൾ
നിഷ്‌ക്കളസേവയെച്ചെയ്‌വതിനായിട്ടു
സല്‌ക്കരിച്ചീടുന്നതെങ്ങനെ നാം?” 390
എന്നതു കേട്ടൊരു സീരിതാൻ ചൊല്ലിനാൻ
“കന്യകതന്നുടെ ഗേഹമാവൂ.
നിർജ്ജനമായൊരു മറ്റൊരു ദേശവു-
മിജ്ജനത്തിന്നു നിരന്നുകൂടാ.
വന്ദിച്ചുനിന്നാലക്കന്യകതന്നുടെ
ചിന്തിതംതന്നെയും വന്നുകൂടും.
ധന്യനായ് നിന്നൊരസ്സന്യാസി വന്നതു
കന്യകതന്നുടെ ഭാഗ്യമത്രെ.
സേവിച്ചുകൊളളുകിൽ വാഞ്ഞ്‌ഛിതം നൽകുവാൻ
കേവലമിന്നിവൻ പോരുമല്ലോ!” 400
Generated from archived content: krishnagatha7.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English