ചൂടേറ്റു നിന്നുള്ളൊരേണങ്ങളെല്ലാമേ
ചാടിത്തുടങ്ങീതു നാലുപാടും
ദേഹത്തെക്കൈവിട്ടു പോകുന്ന വായുക്കള്‍
ദേഹത്തിനുള്ളില്‍ നിന്നെന്നപോലെ
ഭീതങ്ങളായുള്ള മാതംഗയൂഥങ്ങള്‍
സിംഹങ്ങള്‍ നിന്നേടം ചെന്നണഞ്ഞു
സാമാന്യനായൊരു വൈരിവരുംനേരം
വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്ന് ഞായം
വേകുന്ന ദാരുവെകൈവിട്ടു മറ്റൊന്നില്‍
വേഗത്തില്‍ച്ചാടീതു വാനരങ്ങള്‍
അറ്റൊരു ദേഹത്തെക്കൈവിട്ടു ദേഹിതാന്‍
മറ്റൊരു ദേഹത്തില്‍ ചാടുമ്പോലെ
മാഴ്കിനിന്നീടുന്ന സൂകരയൂഥങ്ങള്‍
പോകരുതാഞ്ഞു മടങ്ങിപ്പിന്നെ
പാവകന്തന്നോടു കൂടിതായെല്ലാമേ
ഭാവനചെയ്കയാലെന്നപോലെ
ഓടിവരുന്നൊരു വഹ്നിയെക്കണ്ടിട്ടു
പേടിച്ചു പായുന്ന വമ്പുലികള്‍
തങ്ങളെക്കണ്ടുള്ള ഗോക്കള്‍തന്‍ വേദന-
യിങ്ങനെയെന്നതറിഞ്ഞുതപ്പോള്‍
ചൂഴുറ്റു വന്നൊരു പാവകന്തന്നുടെ
ചൂടുറ്റു നിന്നു കരഞ്ഞുമേന്മേല്‍
ചാട്ടം തുടങ്ങിന കാട്ടുമൃഗങ്ങള്‍ക്കു
കൂട്ടരേയൊന്നുമേ വേണ്ടീലപ്പോള്‍
അന്ത്യത്തിലങ്ങു വനസ്ഥരായുള്ളോര്‍ക്കു
ബന്ധുവിരാഗമോ ചേരുമല്ലോ
ദര്‍പ്പം കലര്‍ന്നുള്ള സര്‍പ്പങ്ങളെല്ലാം തന്‍
മസ്തകം ചാലപ്പരത്തിനിന്നു
വേവുറ്റുമേവുമക്കാനനം കൈക്കൊണ്ടു
പാവന്തകന്നെവിലക്കുമ്പോലെ
വ്യഗ്രങ്ങളായുള്ള കേകികള്‍ പീലിത-
ന്നഗ്രങ്ങള്‍ ചൂഴും നിറന്നുതപ്പോള്‍
വാനവര്‍ നായകന്‍ വാരാഞ്ഞതെന്തെന്നു
കാനനം നോക്കുന്നുതെന്നപോലെ
കോകിലനാദമോ കേഴുന്നനേരത്തും
കോമളമായിട്ടേ വന്നുതത്രെ
മാധുര്യമാണ്ടവര്‍ ചാകുന്ന നേരത്തും
ചാതുര്യം കൈവിടാരെന്നു വന്നു
വേവുറ്റു നിന്നുള്ള വേതണ്ഡയൂഥമ-
പ്പാവകന്തന്നിലെ മുങ്ങും നേരം
പൊങ്ങിനിന്നീടുന്ന തുമ്പിക്കരങ്ങളെ
യെങ്ങുമേ കാണായി നീളെയപ്പോള്‍
ആരബ്ധമായൊരു ബാണഗൃഹത്തിന്റെ
വാരുറ്റ തൂണുകളെന്നപോലെ
പുഷ്ടനായുള്ളൊരു പാവകനിങ്ങനെ
തുഷ്ടനായ് നിന്നു കളിക്കും നേരം
കാട്ടിലെ നിന്നുള്ള ജീവങ്ങള്‍ക്കെല്ലാമെ
കോട്ടനാളന്നു മുടിഞ്ഞു കൂടി
പാണ്ഡവീരന്റെ വമ്പിനാലിങ്ങനെ
ഖാണ്ഡവകാനനം വേകുംനേരം
അക്ഷതനായൊരുതക്ഷകന്തന്നുടെ
രക്ഷകനായ പുരന്ദരന്താന്‍
മെല്ലെവെ കേട്ടുനിന്നുള്ളിലറിഞ്ഞിട്ട്
തള്ളിയെഴുന്നൊരു കോപത്താലേ
വാരിദജാലങ്ങളോടു കലര്‍ന്നുടന്‍
വാരിയെപ്പെയ്യിച്ചു പോന്നുവന്നാല്‍
ദീനതകൈവിട്ടു ദൂരത്തുനിന്നൊരു
കാനനം തന്നിലോന്‍ പാവകന്താന്‍
വെന്തതു കാണ്‍ക പുരന്തരമാനസം
ചിന്തിച്ചു കാണ്‍കില്‍ വിചിത്രമെത്രെ
സ്ഫീതമായുള്ളൊരു വൃഷ്ടിയെക്കണ്ടിട്ടു
ഭീതനായ് ചൊല്ലിനാന്‍ വീതിഹോത്രന്‍
‘കഷ്ടമായ് വന്നുതേ വൃഷ്ടിയെക്കണ്ടാലും
നഷ്ടമായ് പോകുന്നതുണ്ട് ഞാനോ’
എന്നതുകേട്ടൊരു പാണ്ഡവവീരന്താന്‍
ഏതുമേ പേടിയായ്കെന്നു ചൊല്ലി
ഉമ്പര്‍കോന്തന്നുടെ വമ്പിനെപ്പോല്ക്കുവാന്‍
അമ്പുകള്‍കൊണ്ടു ഗൃഹംചമച്ചാന്‍
പാരിച്ചു പെയ്യുന്ന മാരിതാനേതുമേ
ചോരാതവണ്ണടച്ചു നന്നായ്
എന്നതുകണ്ടു പിണങ്ങിനാമ്പിന്നെയ
ന്നിന്നൊരു മന്നവന്തന്നോടപ്പോള്‍
വാനവര്‍ നാഥനക്കാനനം തന്നുടെ
പാലനം വല്ലിലയൊന്നുകൊണ്ടും
ദര്‍പ്പിതരായുള്ള ദാനവന്മാരുടെ
ശില്‍പ്പിയായുള്ള മയന്താനപ്പോള്‍
പാവകന്തന്നില്‍ പതിച്ചൊരു നേരത്തു
പാലിച്ചുകൊണ്ടാന വ്വാസവിതാന്‍
പാലിച്ചുകൊണ്ടതു മൂലമായങ്ങവന്‍
നീലക്കാര്‍വ്വര്‍ണ്ണന്തന്‍ ചൊല്ലിനാലേ
വൈരികളായോര്‍ക്കു ഭൂതലമെല്ലാമേ
വാരിയെന്നിങ്ങനെ തോന്നും വണ്ണം
ആശ്ചര്യമായുള്ളൊരാസ്ഥാനമന്ദിരം
കാഴ്ചയായ് നല്‍കിനാന്‍ ധര്‍മ്മജന്നും
ചിന്തിച്ചതെല്ലാമേ ബന്ധിച്ചു നിന്നിട്ടു
സന്തുഷ്ടനായൊരു വഹ്നിപിന്നെ
പാണ്ഡരമായുള്ള വാജികള്‍ തന്നെയും
ഗാണ്ഡീവമാകുന്ന ചാപത്തേയും
ശൗണ്ഡത തന്നാലെ ഖാണ്ഡവം നല്‍കിന
പാണ്ഡവന്നായിക്കൊടുത്താനപ്പോള്‍
പാവകന്‍ നല്‍കുമപ്രാഭൃതം തന്നെയും
പാരാതെ വാങ്ങുമപ്പാര്‍ത്ഥനപ്പോള്‍
സുന്ദരനായൊരു നന്ദജമ്പിന്നാലെ
മന്ദിരം തന്നിലകത്തു പുക്കാന്‍.
Generated from archived content: krishnagatha68.html Author: cherusseri