ദൂതനായുള്ളവനിങ്ങനെ ചൊല്ലുമ്പോള്‍
ദൂരവേ കാണായി വീണയുമായ്
നാരദനാകിന നന്മുനിവന്നതു
വാരിജവല്ലഭനെന്നപോലെ
കാണുന്ന ലോകര്‍ തന്‍ പാണികളായൊരു
പങ്കജപാളിക്കു തിങ്കളായി
വന്നതു കണ്ടൊരു വാരിജലോചനന്‍
ചെന്നണഞ്ഞമ്പിനോടാദരവില്‍
പൊന്മയമായൊരു വിഷ്ടരംതന്മീതെ
സന്മത്ജിയോടങ്ങിരുത്തിപ്പിന്നെ
യോഗ്യമായുള്ളൊരു പൂജയെച്ചെയ്തിട്ടു
‘ ഭാഗ്യവാന്‍ ഞാനിനി’ യെന്നു ചൊന്നാന്‍
പൂജിതനായൊരു നാരദനെന്നപ്പോള്‍
പൂതനവൈരിതന്നോടു ചൊന്നാന്‍:
‘’ ധാര്‍മ്മികനായൊരു ധര്‍മ്മജന്‍ ചൊല്ലാല്‍ ഞാന്‍
കാണ്മതിന്നായിട്ടു വന്നതപ്പോള്‍
പാരാതെയുണ്ടൊരു കാരിയം വേണ്ടുന്നു
കാരിയമാകുന്നതെന്തെന്നല്ലി?
യജ്ഞത്തെച്ചെയ്കയിലിച്ഛയുണ്ടേറ്റവും:
യജ്ഞമാകുന്നതു രാജസൂയം
ദിഗ്ജയം വേണമതിനെന്നു ചിന്തിച്ചു
സ്വജ്ജ്വരനായിട്ടു മേവുന്നിപ്പോള്‍
പാരാതെ ചെന്നതു പൂരിക്കവേണമേ
പോരായ്മവാരാതവണ്ണമെന്നാല്‍’‘
നാരദനിങ്ങനെ ചൊന്നതു കേട്ടൊരു
വാരിജലോചനന്‍ ചിന്തിച്ചപ്പോള്‍
ഉദ്ധവര്‍തമ്മോടു കൂടിനിരൂപിച്ചി-
ട്ടുത്തമമായതുറച്ചു പിന്നെ
മന്നവന്‍മാരുടെ ദൂതനെത്തന്നെയും
ഖിന്നതപോക്കിയയച്ചു നേരെ
നാരദന്‍ ചൊല്ലിന കാരിയം പൂരിപ്പാന്‍
നാനാജനങ്ങളുമായിച്ചെമ്മേ
യാത്രതുടങ്ങിനാന്‍ വാര്‍ത്താരില്‍മാതെത്തന്‍
ഗാത്രത്തില്‍ ചേര്‍ക്കുന്ന ഭാഗ്യമുള്ളോന്‍
ധന്യങ്ങളായുള്ള ദേശങ്ങളോരോന്നേ
പിന്നിട്ടു പിന്നിട്ടു പോയിപ്പോയി
പാണ്ഡവമന്ദിരം തന്നുടെ ചാരത്തു
പാരാതെ ചെന്നങ്ങണഞ്ഞുതായി
തോയജലോചനന്‍ വന്നതു കേട്ടപ്പോള്‍
തോയുന്നതോഷത്തെപ്പൂണ്ടുമേന്മേല്‍
മംഗലപാണികളായിട്ടു ചെന്നങ്ങു
സംഗമിച്ചീടിനാര്‍ പാണ്ഡവന്മാര്‍
കന്മഷം വേരറ്റു നിര്‍മ്മലനായിട്ടു
സമ്മതനായൊരു ധര്‍മ്മജന്താന്‍
കൊണ്ടല്‍നേര്‍വര്‍ണ്ണനെക്കണ്ടൊരു നേരത്തു
മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടാന്‍
ഉണ്ടായമോദത്താല്‍ തൊണ്ടയും കമ്പിച്ചു
മിണ്ടുവാന്‍ വല്ലാതെ നിന്നാനൊട്ടേ.
ഭീമന്‍ തുടങ്ങിന സോദരന്മാരുമ-
ങ്ങാമോദം പൂണ്ടു പിടിച്ചു പൂണ്ടാര്‍
പിന്നെയങ്ങെല്ലാരുമൊന്നിച്ചു നിന്നിട്ടു
ധന്യമാം മന്ദിരം പൂക്കുന്നേരം
കാര്‍വ്വര്‍ണ്ണന്തന്നുടെ കാന്തിയെക്കാണ്മാനായ്
കാമിച്ചു നിന്നുള്ള കാമിനിമാര്‍
‘ ചാലകം പൂണ്ടു മാടങ്ങള്‍ തന്മീതേ
ചാലച്ചെന്നെല്ലാരും നിന്നു നന്നായ്
കണ്ണുകളുണ്ടായ കാരിയം പാരാതെ
പുണ്യങ്ങള്‍ പൂണ്ടുലഭിച്ചാരപ്പോള്‍
ധര്‍മ്മജന്തന്നുടെ സമ്മാനം പൂണ്ടുള്ളൊ-
രംബുജലോചനനെന്ന നേരം
Generated from archived content: krishnagatha66.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English