പാണ്ഡവര്‍ക്കമ്പോടു പാങ്ങായിനിന്നൊരു
പാഥോജലോചനനന്നൊരു നാള്‍
കല്യമായുള്ളൊരു കാലത്തെഴുന്നേറ്റു
കര്‍മ്മങ്ങളോരോന്നേ ചെയ്തു പിന്നെ
ഭോജനം പെണ്ണിയലംകൃതമായിട്ടു
ഭോജന്മാരോടു കലര്‍ന്നുനന്നായ്
ആസ്ഥാനമണ്ഡപം തന്നിലെഴുന്നുള്ളി
വാഴ്ത്തുന്ന വന്ദിജനങ്ങളുമായ്
ശില്‍പ്പം കലര്‍ന്നൊരു പൊല്പീഠം തന്മീതേ
കെല്പോടു ചെന്നങ്ങിരുന്ന നേരം
സാത്യകിമുമ്പായ മന്ത്രികള്‍ മാനിച്ചു
സാത്വികഭൂഷണവേഷന്മാരായ്
ചാരത്തുചെന്നു പറഞ്ഞു തുടങ്ങിനാര്‍
കാര്യങ്ങളോരോന്നേ ചേരും വണ്ണം
അത്തല്‍ കളഞ്ഞുള്ള നര്‍ത്തകന്മാരെല്ലാം
നൃത്തംതുടങ്ങിനാര്‍ നീതിയോടെ
ഗാനം തുടങ്ങിനാര്‍ ഗായകന്മാരെല്ലാം
ആനന്ദമുള്ളിലിയറ്റും വണ്ണം
ആദൃതരായുള്ളൊരാരണലെല്ലാരും
ആശിയും ചൊന്നങ്ങു നിന്നനേരം
പണ്ടെന്നും കാണാതൊരുത്തനെക്കാണായി
കൊണ്ടല്‍ നേര്‍വ്വര്‍ണ്ണന്റെ മുമ്പിലപ്പോള്‍
എങ്ങുനിന്നിങ്ങനെ വന്നുനീയിന്നിപ്പോള്‍
എന്തൊരു കാരിയം ചിന്തിച്ചെന്നും
ചോദിച്ച നേരത്തു ചൊല്ലിനിന്നീടിനാന്‍
മാധവന്തന്നോടു ദൂതനപ്പോള്‍
‘’ മാഗധന്തന്നാലെ കെട്ടുപെട്ടീടുന്ന
മന്നവരെല്ലാരും ചൊല്‍കയാലെ
വേഗത്തില്‍ പോന്നിങ്ങു വന്നിതു ഞാനിപ്പോള്‍
വേദനപോക്കുവാന്‍ തമ്പുരാനേ!
‘ദ്വാരകതന്നില്‍ നീ പാരാതെ ചെന്നിന്നു
വാരിജലോചനനോടു ചൊല്‍വൂ:
വമ്പുകലര്‍ന്നൊരു മാഗധനെങ്ങളെ
അമ്പുവെടിഞ്ഞു പിടിച്ചു നേരെ
അന്തകമന്ദിരം തന്നെയും വെന്നൊരു
ബന്ധനമന്ദിരം തന്നിലാക്കി
ആല്ലല്പെടുക്കുന്നതിങ്ങനെയെന്നതു
ചൊല്ലാവതല്ലേതും തമ്പുരാനേ!
ചങ്ങല പൂണ്ടെങ്ങള്‍ പാദങ്ങളെല്ലാമേ
നെങ്ങിയരഞ്ഞങ്ങു പാതിയായി.
എണ്ണയാകുന്നതു കണ്ണൂനീരല്ലൊതാന്‍
തണ്ണീരാകുന്നതും കണ്ണൂനീരേ
ഉണ്‍കയെന്നുള്ളൊരു വാര്‍ത്തയുമിന്നെല്ലാം
ഉണ്മയെച്ചൊല്‍കില്‍ മറന്നുതായി
ചൊല്‍ക്കൊണ്ടുനിന്നുള്ള നല്‍ക്കൂറയെല്ലാമേ
ദിക്കുകളായ് വന്നു മിക്കവാറും
രക്ഷികളാകിന ശൂരന്മാരുണ്ടെങ്ങും
ഭക്ഷിപ്പാനായിട്ടു നിന്നപോലെ
പാരിച്ചുനിന്നുള്ള ചൂരലുമായവര്‍
ഘോരതചിന്തിച്ചു കാണ്‍കിലിപ്പോള്‍
യാമ്യന്മാരായുള്ള ദൂതന്മാരെല്ലാമേ
സൗമ്യന്മാരെന്നങ്ങു വന്നുകൂടും
ഇത്തരമോരോന്നെ സത്വരം ചൊല്‍കിലാം
വിസ്തരിച്ചെന്തു പറഞ്ഞു കാര്യം?
വേണുന്നതെല്ലാമേ ചൊല്ലിതായെല്ലോതാന്‍
വേദന പൂണ്ടുള്ളോരെങ്ങളിപ്പോള്‍
കാതരന്മാരായ ഞങ്ങളെത്തൊട്ടിനി
ക്കാരുണ്യമുണ്ടാവാന്‍ കാലമായി
പാരാതെയെങ്ങളെപ്പാലിച്ചുകൊള്ളേണം
പാഥോജലോചനാ! തമ്പുരാനേ!
’മന്നവരെല്ലാരുമിങ്ങനെ ചൊല്‍കയെ
ന്നെന്നോടു ഖിന്നരായ് ചൊല്ലിവിട്ടു
ഒത്തതു ചെയ്കിനി നിത്യനായുള്ളോവേ!
ഭക്തപാരായണ ! തമ്പുരാനേ!’‘
Generated from archived content: krishnagatha65.html Author: cherusseri