സാംബോദാഹം(തുടര്‍ച്ച)

‘വല്ലാതെനിന്നുള്ളൊരെങ്ങളിലുള്ളൊരു
വല്ലായ്മയെല്ലാം പൊറുത്തുമേന്മേല്‍
വമ്പുകളഞ്ഞു തെളിഞ്ഞുനില്‍ക്കേണമേ
അമ്പുപൊഴിഞ്ഞിനിത്തമ്പുരാനെ!’
ഇങ്ങനെ യാചിച്ചു കൗരവീരന്മാര്‍
മംഗലനായൊരു സാംബനെയും
കന്യകതന്നെയും നല്‍കിനിന്നീടിനാര്‍
ധന്യനായുള്ളൊരു രാമന്‍ കയ്യില്‍
ചാരത്തുചെന്നൊരു സാംബനെക്കണ്ടപ്പോള്‍
സീരിതന്മാനസം ശീതമായി
ആതപം പൂണ്ടുള്ള ഭൂതലമെല്ലാമെ
വാര്‍തിങ്കള്‍ വന്നപ്പൊഴെന്നപോലെ
തുഷ്ടനായുള്ള സുയോധനന്താനപ്പോള്‍
ഇഷ്ടമായുള്ള ധനങ്ങളേറ്റം
സത്വരം കൊണ്ടന്നു നല്‍കിനിന്നീടിനാന്‍
പുത്രിയിലമ്പിനോരന്‍പുതന്നാല്‍
കൈകൊണ്ടുനിന്നദ്ധനത്തെയുമെല്ലാമെ
ചക്രധരാഗ്രജനെന്ന നേരം
പാരാതെപോയങ്ങു നേരറ്റുനിന്നെഴും
ദ്വാരകതന്നിലകത്തു പൂക്കാന്‍
സാംബനെത്തന്നെയും കന്യകതന്നെയും
കാണ്മതിനായിക്കൊതിച്ചു മേന്മേല്‍
വന്നു വന്നീടുന്ന ലോകരെക്കൊണ്ടുടന്‍
മന്ദിരമെങ്ങും നിറഞ്ഞുകൂടി
വേളിയിലാളുന്ന കേളികള്‍കൊണ്ടെങ്ങും
മേളമിയന്നുകളിച്ചു പിന്നെ
തള്ളിയെഴുന്നൊരു മോദം പൂണ്ടെല്ലാരും
ഉള്ളം തെളിഞ്ഞു വിളങ്ങി നിന്നാര്‍

Generated from archived content: krishnagatha63.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here