സാംബോദ്വാഹം (തുടര്‍ച്ച)

മന്ദിരംതന്നിലെ മലോകരെല്ലാരും
മന്നിടം തന്നിലും വീണാരപ്പോള്‍
കാലും പൊളിഞ്ഞിതക്കൈയും പൊളിഞ്ഞീതു
കാളെന്നു കൂട്ടിനാര്‍ ബാലന്മാരും
ഫാലത്തിലാമ്മാറു ചോരയും തൂകി നി-
ന്നാലസ്യമായി ചിലര്‍ക്കും പിന്നെ
ആനകളെല്ലാമേ ചാലെമറിഞ്ഞുപോയ്
ദീനങ്ങളായ്ക്കരഞ്ഞു തിണ്ണം
ആജിയിലേതുമേ തോലിയെക്കോലാത-
വാജികള്‍ രാശിയുമവ്വണ്ണമേ
മാടങ്ങളെല്ലാം പൊളിഞ്ഞു ഞെരിഞ്ഞിട്ടു
മാലോകര്‍ മേനിയില്‍ വീണുതപ്പോള്‍
ചിത്രങ്ങള്‍ കൊണ്ടു വിളങ്ങിനിന്നീടുന്ന
ഭിത്തികളും പിന്നെയവ്വണ്ണമേ
വീരനായുള്ളോരു സാംബനെ വഞ്ചിച്ചു
വിരല്‍മുറിച്ചീടിന പാണികള്‍ക്കും
പുണ്ണിനെപ്പൂണ്ടപ്പോള്‍ നിന്നുകൊണ്ടീടിനാന്‍
കര്‍ണ്ണന്താനെന്നതു ഭാവിയാതെ
ധന്യനായുള്ള സുയോധന്താനപ്പോള്‍
ചെമ്മേയിരുന്നൊരു പീഠത്തിന്മേല്‍
യാദവന്മാരുടെ ദൂഷണമോരോന്നേ
ആദരവോടു പറഞ്ഞു മേന്മേല്‍
ധൃഷ്ടനായ് മേവുമ്പോളെല്ലായിമ്മന്ദിരം
ഞെട്ടിഞെരിഞ്ഞതു പെട്ടന്നപ്പോള്‍
പീഠത്തിന്മേല്‍ നിന്നും താഴത്തു കാണായി
പീഢകള്‍ മേനിയില്‍ മേവും വണ്ണം
‘ കര്‍ണ്ണാ!’ എന്നിങ്ങനെ തിണ്ണംകരഞ്ഞുടന്‍
കണ്ണുനീര്‍ തൂകിനാന്‍ നോകയാലേ
അപ്പൊഴുതേയങ്ങെഴുന്നേറ്റുകൊള്ളുവാന്
കെല്‍‍പ്പില്ലായ്കയാ ഭൂതലത്തില്
ആന്‍ഡ്യമിയന്നുടന്‍ ഭ്രാന്തരെപ്പോലെയായ്
നീന്തിത്തുടങ്ങിനാന്‍ താന്തയായി
ദന്തങ്ങളെല്ലാമേയെണ്ണുന്നൂതാകിലോ
പന്തിയിലൊവ്വാതെ വന്നു കൂടും
താഴാതെ പോരുന്ന കൗരവവീരരില്‍
വീഴാതെയാരുമില്ലെന്നു വേണ്ട
സാംബനേ വഞ്ചിച്ചു നിന്നുള്ളോരെല്ലാര്‍ക്കും
കാണ്മാറുലാഞഛനം മെയ്യില്‍പ്പൊങ്ങി
കണ്ടങ്ങുനിന്നൊരു നാരദന്നുള്ളത്തില്‍
ഉണ്ടായ വേദന മണ്ടീതപ്പോള്‍
‘വല്ലാതെയെല്ലാരും നില്ലാതെ ചെല്ലുവിന്‍
കല്യനായുള്ളൊരു രാമന്‍ മുന്‍പില്‍
ആപത്തുപോന്നിന്നും വന്നതിന്മുമ്പിലേ
കാല്പിടിച്ചീടുവിന്‍ പാപികളേ!’
എന്നങ്ങു ചൊല്ലിക്കരഞ്ഞു തുടങ്ങിനാര്‍
മന്ദിരം തന്നിലേ മാതരെല്ലാം
വീരന്മാരെല്ലാരുമെന്നതു കേട്ടപ്പോള്‍
പാരാതെ ചെന്നങ്ങു സാംബന്‍ തന്നെ
ബന്ധനത്തോടടുടന്‍ വേറിടുത്തങ്ങനെ
സുന്ദരി തന്നെയും തേരിലാക്കി
ഏറ്റം വിറച്ചൊരുമെയ്യുമായന്നേരം
ചീറ്റം തിരണ്ടൊരു രാമന്‍ മുമ്പില്‍
പെട്ടന്നു ചെന്നങ്ങു കാല്പിടിച്ചീടിനാര്‍-
മുട്ടുപൊട്ടീടിനാലെന്നു ഞായം

Generated from archived content: krishnagatha62.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here