വേഴ്ചകല്ലാതെ വാര്‍ത്തകളിങ്ങനെ
കാഴ്ചയായ് കേള്‍പ്പിച്ചു കൗരവന്മാര്‍
മന്ദിരം തന്നിലകത്തങ്ങു പൂകിനാര്‍
മന്ദര്‍മാര്‍ക്കങ്ങനെ തോന്നി ഞായം.
സമ്മതം കൂടാതെ വാര്‍ത്തകളോരോന്നേ
ഉന്മുകം പോലെ തന്‍ കര്‍ണ്ണങ്ങളില്‍
കൊണ്ടു കൊണ്ടീടുന്ന ലാംഗലധാരിക്കു
കോപമെഴുന്നു തുടങ്ങീതപ്പോള്‍,
ദുഷ്ടന്മാരെല്ലാരുംനീങ്ങിന നേരത്തു
പെട്ടെന്നെഴുന്നേറ്റു നിന്നാനപ്പോള്‍
വാരണവീരന്റെ നാദത്തെ കേട്ടൊരു
കേസരിവീരന്‍ താനെന്നപോലെ
ചാരത്തുനിന്നുള്ള വീരന്മാര്‍ കേള്‍ക്കവെ
ചാപലം കൈവിട്ടു ചൊന്നാനപ്പോള്‍:
‘’എന്നോടുതന്നെ വെറുക്കയേ വേണ്ടു ഞാന്‍
എന്നുടെ ഭോഷത്വം ചിന്തിക്കുമ്പോള്‍ ;
അങ്ങുള്ളൊരാര്‍ക്കുമേ ചേരാതെയല്ലൊ ഞാന്‍
ഇങ്ങുള്ള ലോകരില്‍ ചേര്‍ച്ച പൂക്കു,
വൃഷ്ണികളാര്‍ക്കുമേ ചേര്‍ന്നീതില്ലേതുമേ
കൃഷ്ണനുമുള്ളത്തിലവ്വണ്ണമേ
ആര്‍ക്കുമേ ചേരാതെ ഞാനിങ്ങുപോന്നതു
പാര്‍ക്കുന്നുതാകില്‍ പിഴച്ചില്ലൊട്ടും;
ഗാര്‍വ്വിതരായുള്ള കൗരവന്മാരുടെ
ദുര്‍വ്വചനങ്ങളെ കേള്‍ക്കായല്ലൊ.
പണ്ടെന്നും കേളാത വാര്‍ത്തയെക്കേട്ടപ്പോള്‍
പണ്ടില്ലാ വേലയെച്ചെയ്യണം ഞാന്‍,
ഗര്‍വ്വിതന്മാരായ കൗരവന്മാരിനി
യുര്‍വ്വിയിലല്ലാതെയാക്കവേണം
മംഗലം വേറായ മന്ദിരമിന്നുടന്‍
ഗംഗയിലാക്കുന്നു തുണ്ടുനേരെ.’‘
എന്നങ്ങു ചൊല്ലിന രോഹിണിനന്ദനന്‍
ഏറിയിരുന്നൊരു കോപത്താലെ
സീരം കൊണ്ടങ്ങു വലിച്ചുതുടങ്ങിനാന്‍
കൗരവമന്ദിരം തന്നെയപ്പോള്‍
വാരുറ്റുനിന്നൊരുസീരംകൊണ്ടങ്ങവന്‍
പാരിച്ചുനിന്നു വലിച്ച നേരം
ഞെട്ടിഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞുതേ
ദുഷ്ടന്മാര്‍ മേവുന്ന മന്ദിരം താന്‍
Generated from archived content: krishnagatha61.html Author: cherusseri