സീരിതാനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍
വീരന്മാരായുള്ള യാദവന്മാര്‍
പൊങ്ങിയെഴുന്നൊരു കോപവും പൂണ്ടുടന്‍
തങ്ങളില്‍ നോക്കി മെരിണ്ടു നിന്നാര്‍
പോവാന്തുനിഞ്ഞുള്ള വാരണവീരന്മാര്‍
പാവാന്റെ ചൊല്‍കേട്ടു നിന്ന പോലെ
മാധവന്തന്നുടെ യാനനം കണ്ടുടന്‍
മാഴ്കിമയങ്ങി മടങ്ങിനിന്നാര്‍
കേടറ്റു നിന്നൊരു നാരദന്നാനനം
വാടിച്ചമഞ്ഞു തുടങ്ങീതപ്പോള്‍
ആരണ്യം വേറായ കാര്‍വര്‍ണ്ണന്താന്നുടെ
ആനനം പിന്നേയും നോക്കി നോക്കി
കാലുഷ്യം പൂണ്ടുള്ളോരുള്ളവുമായിട്ടു
ചാത്തലയും ചൊറിഞ്ഞു നിന്നാന്‍
വീരനായുള്ളൊരു സീരിതാനെന്നപ്പോള്‍
പാരാതെ നേരറ്റ തേരിലേറി
ധന്യമായുള്ളോരു കൗരവമന്ദിരം
തന്നുടെ ചാരത്തു ചെന്ന നേരം
സീരിതാന്‍ വന്നതു കേട്ടൊരു നേരത്തു
വീരന്മാരായുള്ള കൗരവന്മാര്‍
പൊങ്ങിയെഴുന്നൊരു തോഷവും പൂണ്ടുടന്‍
മംഗലപാണികളായിച്ചെന്നാര്‍
ആതിത്ഥ്യമായുള്ള പൂജകള്‍ ചെയ്തു നീ
ന്നാദരവോടടങ്ങിരിന്നു പിന്നെ
വേഴ്ചയില്‍ നിന്നുള്ള വാര്‍ത്തകളോരോന്നേ
കാഴ്ചയായ് തങ്ങളിലോതിയോതി
കൗരവന്മാരോടു ചൊല്ലിനിന്നീടിനാന്‍
വീരനായുള്ളൊരു സീരിനേരെ:
‘’ഉഗ്രനായ് നിന്നുള്ളൊരുഗ്രസേനന്തന്റെ
അഗ്ര്യയായ് നിന്നുള്ളൊരാജ്ഞയാലെ
കാണ്മതിനായിട്ടു വന്നിതു ഞാനിപ്പോള്‍
കാമിച്ചു നമ്മിലെ വേഴ്ചയെല്ലാം
ബാലനായുള്ളൊരു സാംബനെയിന്നിങ്ങള്‍
ചാലച്ചുഴന്നു ചതിച്ചെല്ലാരും.
ബന്ധിച്ചു നിന്നതു ചിന്തിച്ചു കാണുമ്പോള്‍
അന്ധതയെന്നതേ വന്നു കൂടു
ശക്തന്മാരായുള്ള യാദവന്മാരിങ്ങു
സത്വരം പോന്നു വരും മൂന്നമേ
ബാലകന്തന്നേയും പാരാതെ നല്‍കുവിന്‍
ബാലിക തന്നോടും കൂടിനേരേ
ദുശ്ശമനായൊരു കര്‍ണ്ണന്റെ ചൊല്‍കേട്ടു
കശ്മലമാനസരായി നിങ്ങള്‍
അന്ധകനാഥന്റെ യാജ്ഞയേ ലംഘിച്ചി-
ട്ടന്ധരായ് പോകാവിന്‍ വീരന്മാരേ!’‘
രോഹിണീ നന്ദനന്‍ ചൊന്നതു കേട്ടിട്ടു
രോഷത്തെപ്പൂണ്ടുള്ള കൗരവന്മാര്‍
കണ്ണും ചുവത്തിപ്പറഞ്ഞു തുടങ്ങിനാര്‍
കര്‍ണ്ണനുണ്ടെന്നുള്ള വമ്പിനാലേ
‘’ ആഭാസരായുള്ള വൃഷ്ണികളായല്ലൊ
ആജ്ഞനടത്തുന്നതിന്നു പാരില്‍
നാമിനിയെല്ലാരും ദാസരായ് നിന്നവര്‍
നാവിന്മേല്‍ നീരാകയെന്നേ വേണ്ടു.
പാദുകം ചെന്നു ശിരസ്സിങ്കലാമ്മാറു
പാഞ്ഞുകരേറുന്ന കാലമിപ്പോള്‍
ചാലേ നിറന്ന കിരീടങ്ങളെല്ലാം പോയ്
കാലോടു ചേരുകയെന്നു വന്നു
മന്നവന്മാര്‍ക്കുള്ളൊരാസനം കൂടാതെ
ഖിന്നരായ് പോരുമിന്നീചന്മാരെ
വാഴ്ത്തി നാം നിന്നിതു കൊണ്ടല്ലീനമ്മോടു
വാര്‍ത്തകളിങ്ങനെ ചൊല്ലാകുന്നു
മറ്റൊരു ദൂതന്‍ വന്നിങ്ങനെ ചൊല്ലുകില്‍
മറ്റൊന്നായ് വന്നിതുനിന്നുതന്നെ
വമ്പിഴ്യാകിലുമൊന്നു പൊറുക്കേണം
അമ്പുപൊഴിഞ്ഞോരോടെന്നുണ്ടല്ലോ
കെട്ടുപെട്ടീടുന്ന സാംബനെയെന്നുമേ
ഒട്ടുമയക്കുന്നുതില്ല ചൊല്ലാം
അന്ധനാഥന്റെയാജ്ഞതാന്‍ വേണമി-
ബ്ബന്ധനം തീര്‍ത്തിനി കൊണ്ടുപോവാന്‍’‘
Generated from archived content: krishnagatha60.html Author: cherusseri