സുഭദ്രാഹരണം ആറാം ഭാഗം

എന്നെല്ലാം ചൊല്ലി വണങ്ങുമവർക്കപ്പോൾ

നന്നായനുജ്ഞയും നൽകി നിന്നാൻ.

യാത്ര വഴങ്ങിപ്പുറപ്പെട്ടാരെന്നപ്പോൾ

പേർത്തുമന്നാരിമാരോടുംകൂടി

യാദവന്മാരുമായൊന്നിച്ചു നിന്നവർ

മോദേന മേവിനാരാലയത്തിൽ.

മംഗലജാലങ്ങൾ പൊങ്ങിനിന്നെങ്ങുമേ

ഭംഗിതേടീടും മഠംതന്നിലേ

കാമനു കോമരമായിനിന്നങ്ങനെ

കോമളനാമവൻ വാഴുംകാലം, 340

സീരവരായുധപാണിതാൻ ചെഞ്ചെമ്മേ

വാരിജലോചനനോടുകൂടി

ധന്യനായ്‌ നിന്നൊരു സന്യാസിതന്നെയും

ചെന്നു വണങ്ങിനാൻ ചെവ്വിനോടേ.

മന്ദത കൈവിട്ടു സന്യാസിതന്നോടു

നിന്നൊരു സീരിയും ചൊന്നാനപ്പോൾഃ

“മാരി പൊഴിയുന്ന കാലമണഞ്ഞുതേ

ഘോരമായുളെളാരു കാറ്റുമായി.

ദൂരവേ നിന്നുടനാരുമേ കൂടാതെ

നേരോടേ ഭിക്ഷ ലഭിച്ചിടാതെ 350

ഇങ്ങുനിന്നിങ്ങനെ വേദന കോലൊല്ലാ

മംഗലനായ ഭവാനിന്നിപ്പോൾ;

അന്തഃപുരത്തിലൊരു ഗൃഹംതന്നിലേ

ചന്തത്തിൽ വാണിടാമന്തികത്തിൽ.

ഭിക്ഷതരുവാനും ശുശ്രൂഷ ചെയ്‌വാനും

ശിക്ഷയിലാമല്ലോ ചാരത്തെങ്കിൽ.

മച്ചകമുണ്ടു നന്മാളികതാനുണ്ടു

മെച്ചമായുളളവയെല്ലാമുണ്ട്‌;

നിഷ്‌കുടമുണ്ടു നൽദീർഘികയുമുണ്ടു

പുഷ്‌കരമാദിയാം പുഷ്‌പമുണ്ട്‌; 360

നാലുമാസം കഴിച്ചീടേണമേ ഭവാ-

നാലയംതന്നിൽ നി”ന്നെന്നിങ്ങനെ

കാമപാലന്റെ വചനങ്ങൾകേട്ടപ്പോൾ

കോമളനാകിയ കണ്ണൻ ചൊന്നാൻഃ-

“കാട്ടിൽ കിടക്കുന്ന സന്യാസിതന്നെയും

നാട്ടിലും കൊണ്ടന്നുവച്ചു പിന്നെ,

കാട്ടിയ കോട്ടികൾ പോരായെന്നോർത്തിട്ടോ

വീട്ടിലിരുത്തുവാൻ ചിന്തിക്കുന്നു?

നാട്ടിലെ ലോകർ ചിരിക്കുമാറാകുമ്പോൾ

കൂട്ടായി വന്നീടാ ഞാനും ചെമ്മേ. 370

പട്ടാങ്ങെന്നിങ്ങനെ തോന്നീലയെങ്കിലോ

ഇഷ്‌ടമായുളളതു ചെയ്‌തുകൊൾവൂ.”

Generated from archived content: krishnagatha6.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English