മാനികള്‍ മൗലിയാം ഭൗമനായുള്ളൊരു
ദാനവവീരന്നു പണ്ടുപണ്ടേ
ചങ്ങാതിയായൊരു വാനരവീരന്താന്‍
മങ്ങാതെനിന്നു വെറുപ്പിക്കയാല്‍
രോഷിതനായിട്ടുകൊന്നങ്ങു വീഴ്ത്തീന
രോഹിണീനന്ദനനോടും കൂടി
വാരിചലോചനന്‍ ദ്വാരകതന്നിലെ
വാരുറ്റുനിന്നു വസിച്ചകാലം
ദൃപ്തനായുള്ള സുയോധനന്തന്നുടെ
പുത്രിയായുള്ളൊരു കന്യകയ്ക്ക്
കാന്തനെ നണ്ണീ സ്വയംവരമുണ്ടായി
കാന്തമായുള്ളൊരു കോട്ടതന്നില്‍
എന്നതു കേട്ടുള്ള മന്നവരെല്ലാരും
ചെന്നു തുടങ്ങിനാര്‍ ചെവ്വിനോടെ
ചാലച്ചമഞ്ഞുള്ള ചങ്ങാതിമാരുമായ്
ഓലക്കമാണ്ടു നടന്നുമെല്ലെ
മണ്ഡിതയായൊരു കന്യകതാനുമ-
മ്മണ്ഡപംതന്നിലിരുന്ന നേരം
സാംബനായുള്ള കുമാരനുമെന്നതു
കാണ്‍മതിനായിട്ടു ചെന്നാനപ്പോള്‍
സാംബനെകണ്ടൊരു കന്യകതന്നുടെ
ചാമ്പിമയങ്ങിന കണ്മുനതാന്‍
പാരം നടന്നങ്ങു ചെന്നുതടങ്ങീതു
വാരിജം കണ്ടുള്ള വണ്ടുപോലെ
കന്യകതന്നുടെ കണ്മുനചെന്നിട്ടു
തന്നോടു ചൊല്‍കയാലെന്നപോലെ
സാംബന്റെ കണ്ണൂമക്കന്യകതന്നിലെ
മേന്മേലേ ചെന്നുതുടങ്ങീതപ്പോള്‍
മംഗലമാരായ ചങ്ങാതിമാരെല്ലാം
തങ്ങളില്‍ നോക്കിനാരെന്നനേരം
ബാലികതന്നുടെ ലോചന മാലിക
ചാലേ വലിക്കയാലെന്നപോലെ
പാരമണിഞ്ഞവള്‍ തന്നെയും തന്നുടെ
തേരിലങ്ങാക്കിനാന്‍ ഭാഗ്യവാന്താന്‍
കണ്ടുനിന്നീടുന്ന കൗരവന്മാരെല്ലാം
മണ്ടിയണഞ്ഞു ചുഴന്നു പിന്നെ
കോപിച്ചു നിന്നു പറഞ്ഞു തുടങ്ങിനാര്‍
വേപിച്ചു നിന്നൊരു മെയ്യുമായി:
‘’ചേരാതെയിന്നിതില്‍ വന്നുള്ളോരാരാലും
വാരിജലോചന തന്നെയിപ്പോള്‍
കൊണ്ടങ്ങുപോകുന്നോരെങ്കില്‍ നാമെല്ലാരും
മണ്ടിയണഞ്ഞു പിണഞ്ഞവനെ
കൊന്നങ്ങു വീഴ്ത്തുക വന്നുള്ളോര്‍കാണുമാ-
റെന്നങ്ങു നണ്ണിയുറച്ചുനന്നായ്
കാത്തുനിന്നീടുന്ന നമ്മെയുമേതുമേ
കാണിയും കൊള്ളാതെയുള്ളിലിപ്പോള്‍
കന്യക തന്നെയും കൊണ്ടങ്ങു പോയതി-
ക്കണ്ണിന്നു പോരാതബാലനല്ലോ.
കേസരി തന്നുടെ പൈതലെപ്പൂണ്ടിട്ടു
കേഴതാന്‍ കൊണ്ടെങ്ങുമണ്ടുംമ്പോലെ
എന്നാല്‍ നാമിന്നിവന്‍ തന്നെയും ബന്ധിപ്പൂ
വന്നുള്ള മന്നവര്‍ കണ്മുമ്പിലെ
കൃഷ്ണനുമായ് വന്നു വൃഷ്ണികളെല്ലാരും
ഉഷ്ണിച്ചു കൂടുന്നോരെങ്കിലിപ്പോള്‍
ബാണങ്ങള്‍ക്കുള്ളോരു മൂര്‍ച്ചകള്‍ക്കേതുമേ
ബാധയോയില്ലല്ലൊയിന്നമുക്കും.’‘
Generated from archived content: krishnagatha58.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English