പൗണ്ഡ്രകവധം

അച്ഛനെക്കൊന്നോനെ ക്കൊല്ലേണമെന്നുള്ളൊ-

രിച്ഛയും പൂണ്ടു പുറപ്പെട്ടുടൻ

ഉൽക്കടമായ തപസ്സുതുടങ്ങിനാൻ

മുക്കണ്ണന്തന്നെയുമുള്ളിൽ നണ്ണി

ചിത്തമഴിഞ്ഞൊരു മുക്കണ്ണരന്നേരം

പ്രത്യക്ഷനായിട്ടു ചോദിച്ചപ്പോൾ

അച്ഛനെക്കൊന്നുള്ളൊരച്യുതന്തന്നെയും

മെച്ചമേ കൊല്ലേണമെന്നു ചൊന്നാൻ

എന്നതു കേട്ടൊരു ചന്ദ്രക്കലാധരൻ

ഏറിന ചിന്തയും പൂണ്ടുചൊന്നാൻഃ

“ദക്ഷിണരായുള്ള ഭൂസുരന്മാരുമായ്‌

ദക്ഷിണകുണ്ഡത്തിലഗ്നിതന്നെ

പൂജിച്ചുനിന്നങ്ങു ഹോമംതുടങ്ങുക

യാജകന്മാരെല്ലാം ചൊന്നവണ്ണം

ധീരനായിങ്ങനെയാചരിച്ചീടുമ്പോൾ

മാരണമായുള്ളൊരാഭിചാരം

ചണ്ഡനായുള്ളൊരു പാവകന്താനപ്പോൾ

കുണ്ഡത്തിൽനിന്നു പുറപ്പെട്ടുടൻ

നിന്നുടെകാരിയമെല്ലാമേ സാധിക്കും

നിന്നോടുകൂടാതെ കണ്ടുകൊൾ നീ.”

മംഗലനായൊരു ഗംഗതൻ കാമുകൻ

ഇങ്ങനെ ചൊല്ലി മറഞ്ഞനേരം

മാരണചഞ്ചുക്കളായി വിളങ്ങിയു-

ള്ളാരണന്മാരുമായാദരവിൽ

അക്ഷണമങ്ങനെയാചരിച്ചീടിനാൻ

ദക്ഷിണനായ സുദക്ഷിണന്താൻ

ഘോരമായുള്ളൊരു മാരണമിങ്ങനെ

ധീരനായ്‌ നിന്നവൻ ചെയ്‌തനേരം

തീക്ഷ്‌ണമായുള്ളൊരു കുണ്ഡത്തിൽനിന്നുടൻ

തീപ്പൊരി പാരമെഴത്തുടങ്ങി.

ചാരത്തുനിന്നുള്ളൊരാരണന്മാരെല്ലാം

ദൂരത്തു പോയങ്ങു നിന്നനേരം

കുണ്ഡത്തിൽനിന്നങ്ങെഴുന്നതു കാണായി

ചണ്ഡിയെക്കാളതി ഭീഷണനായ്‌

മാരണദേവതയായിച്ചമഞ്ഞിട്ടു

ഘോരനായുള്ളൊരു വഹ്‌നിതന്നെ

ചെമ്പിച്ചു നിന്നൊരു കേശവും മീശയും

വമ്പിച്ചു നിന്നു വളഞ്ഞെകിറും.

തീപ്പൊരിതൂകി മിഴിച്ചു ചുവന്നിട്ടു

തീക്ഷ്‌ണതപൂണ്ടുള്ള കൺമിഴിയും

കോട്ടഞ്ഞരമ്പുകൾ പൊങ്ങിയെഴുന്നിട്ടു

കോട്ടിയായുള്ളൊരു വന്മുഖവും,

ആണ്ടുനിന്നീടിനാനാരണൽ മുമ്പില-

ങ്ങാനയും കാതിലണിഞ്ഞു നേരെ.

കണ്ടുള്ളോരെല്ലാരും കാതരന്മാരായി

മിണ്ടാതെ നോക്കി നടുങ്ങുംനേരം

പൂവെടിപോലെയെഴുന്നതുകാണായി

ഭൂതങ്ങളോരോന്നേ പിന്നെപ്പിന്നെ.

പാരം പൊരിഞ്ഞുള്ള കൊള്ളിയുമായിട്ടു

ഘോരമായുള്ളൊരു നോക്കുമായി

ദ്വാരകനോക്കി നടന്നതു കാണായി

മാരണദേവതയോടുംകൂടി

ദ്വാരകതന്നുടെ ചാരത്തു ചെന്നൊരു

മാരണദേവത പാരമപ്പോൾ

എട്ടുദിക്കെങ്ങുമേ ഞെട്ടിനടുങ്ങുമാ-

റട്ടഹാസങ്ങളെയാചരിച്ചു.

ദ്വാരകവാസികളെന്നതു കേട്ടിട്ടു

പാരം വിറച്ചു നിലത്തുവീണാർ

കേസരിതന്നുടെ നാദമെന്നിങ്ങനെ

കേവലം ചിന്തിച്ചു വാരണങ്ങൾ

കേടറ്റു നിന്നൊരു ശാലയിൽ നിന്നുടൻ

ഓടിത്തുടങ്ങീതു പേടിയാലെ

ബാലകന്മാരെല്ലാമമ്മമാർ ചാരത്തു

ചാലെപ്പോയ്‌ ചെന്നു കരഞ്ഞുനിന്നാർ

ബാലകന്മാരെയും പൂണ്ടങ്ങുനിന്നുള്ള

നീലവിലോചനന്മാരെല്ലാരും

വമ്പുകലർന്നുള്ള കാറ്റിനെയേറ്റുള്ള

രംഭകൾപോലെ ചമഞ്ഞുകൂടി.

കേൾക്കായതെന്തെന്നു ചൊല്ലിനിന്നെല്ലാരും

നോക്കിതുടങ്ങിന നേരത്തപ്പോൾ

മുപ്പാരെ വെല്ലുവാൻ മുമ്മുനയായിട്ടു

കെല്‌പുകലർന്നോരു ശൂലവുമായ്‌

മാരണദേവത വന്നതുകാണായി

ഘോരങ്ങളായുള്ള ഭൂതങ്ങളും.

ചാലെ വളർന്നൊരു മേനിയിൽ നിന്നെഴും

ജ്വാലകൾ മേന്മേലങ്ങേല്‌ക്കയാലെ.

Generated from archived content: krishnagatha56.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English