ബാണയുദ്ധം – 4

അസ്‌ത്രങ്ങൾകൊണ്ടു കളിച്ചു തുടങ്ങിനാർ

അസ്‌ത്രവിശാരദരാകയാലെ

ഈരേഴുപാരിനും കാരണമായുള്ളൊ-

രീശന്മാരിങ്ങനെ നേരിട്ടപ്പോൾ

ജ്യംഭിതനായിട്ടു നിന്നതു കാണായി

ശംഭുവെത്തന്നെയും നിന്നോർക്കെല്ലാം.

മൂർത്തുള്ള ബാണങ്ങൾ മേനിയിലേല്‌ക്കയാൽ

വീർത്തുനിന്നീടുന്ന കാർത്തികേയൻ

തന്നിലെ നണ്ണിനാ‘നിങ്ങന്ന്നു ഞാൻ

ഖിന്നനായ്‌ മേവുവാനെന്തു മൂലം?

അച്‌ഛനുകോളല്ലല്ലൊ കൊണ്ടല്ലോ

അച്ഛൻമെയ്യല്ലല്ലോ നൊന്തതിപ്പോൾ.

ചോറ്റിന്നു വേണുന്ന വേലയോ ചെയ്‌തേൻ ഞാൻ

തോറ്റുമടങ്ങിയും പോകേയുള്ളു.’

ഇങ്ങനെ ചിന്തിച്ചു സംഗരം കൈവിട്ടാൻ

നന്മയിലേറിനു ഷണ്മുഖന്താൻ

മന്ത്രികൾമുമ്പായ വീരന്മാരെല്ലാർക്കും

ബന്ധുവായ്‌മേവിനാനന്തകന്താൻ.

മാനിയായുള്ളൊരു ബാണന്താൻ ചെന്നപ്പോൾ

മാധവനോടു പിണഞ്ഞുനിന്നാൻ.

ബാണങ്ങളെയ്‌തെയ്‌തു ബാണനെത്തന്നെയും

ക്ഷീണനാക്കീടിന മാധവന്താൻ

തേർത്തടം തന്നെയും വീഴ്‌ത്തിനിന്നീടിനാൻ

ആർത്തനായ്‌ നിന്നൊരു സൂതനെയും.

ക്ഷീണനായ്‌ നിന്നൊരു ബാണനെ നേർകണ്ടു

ബാണങ്ങൾ പിന്നെത്തൊടുത്തനേരം

നാണവും കൈവിട്ടു മാതാവുതാൻ വന്നു

ബാണൻതൻ പ്രാണങ്ങൾ പാലിപ്പാനായ്‌

അംബരംതന്നെയുമംബരമാക്കിക്കൊ-

ണ്ടംബുജലോചനൻ മുമ്പിൽചെന്നാൾ.

എന്നതുകണ്ടൊരു കൊണ്ടൽനേർവ്വർണ്ണന്താ-

നേറിയിരുന്ന വിരാഗത്താലെ

പിന്തിരിഞ്ഞീടീനാൻ, ബാണനുമന്നേരം

മന്ദിരം പൂകിനാൻ മന്ദിയാതെ.

ബാണന്താൻ തോറ്റങ്ങു പോയൊരുനേരത്തു

വാർതിങ്കൾ മൗലിതൻ വമ്പനിയൻ

രുഷ്‌ടനായ്‌ ചെന്നങ്ങു വൃഷ്‌ണികളെല്ലാർക്കും

തിട്ടതിയാക്കിനാൻ പെട്ടെന്നപ്പോൾ

വീരന്മാരെല്ലാരും വമ്പനിപൂണ്ടിട്ടു

പാരം വിറച്ചു തുടങ്ങീതപ്പോൾ

വാരുറ്റനിന്നുള്ള വാരണയൂഥവും

വാജികൾ രാശിയുമവ്വണ്ണമേ.

കൊണ്ടൽനേർവ്വർണ്ണന്താനെന്നതു കണ്ടപ്പോൾ

ഇണ്ടലെപ്പോക്കുവാനിമ്പത്തോടെ

വീരനായുള്ളൊരു വമ്പനിയന്തന്നെ-

പ്പാരാതെ നിർമ്മിച്ചാൻ പാരിൽനേരെ

തങ്ങളിൽ നിന്നു പിണങ്ങിനനേരത്ത്‌

എങ്ങുമേ നിന്നു പൊറായ്‌കയാലെ

മുഷ്‌കുകളഞ്ഞു കരഞ്ഞു തുടങ്ങിനാൻ

മുക്കണ്ണർ തന്നുടെ വമ്പനിയൻ.

നീലക്കാർവ്വർണ്ണന്റെ കാലിണ കൂമ്പിട്ടു

പാലിച്ചുകൊള്ളേണമെന്നാൻ പിന്നെ.

മാധവന്താനപ്പോൾ ഭീതനായുള്ളവൻ

ഭീതിയെപ്പോക്കീട്ടു നിന്നനേരം

തോറ്റങ്ങുപോയൊരു ബാണന്താമ്പിന്നെയും

ചീറ്റം തിരണ്ടു മടങ്ങിവന്നാൻ.

കാർവ്വർണ്ണനോടു പിണങ്ങിനാനാങ്ങവൻ

കാരുണ്യം ദൂരമായ്‌പോകുംവണ്ണംഃ

തന്നോടു നേരിട്ട ബാണനെത്തന്നയും

ഖിന്നനാക്കീടിനാന്മുന്നപ്പോലെ

കൈകളും പിന്നെത്തറിച്ചു തുടങ്ങിനാൻ

കൈടഭവൈരിയായുള്ള ദേവൻ

ജൃംഭിതനായൊരു ശംഭുതാനന്നേരം

ജൃംഭണം നീട്ടിയുണർന്നുടനെ

വാരിജലോചനൻ ചാരത്തു വന്നിട്ടു

വാഴ്‌ത്തിനിന്നമ്പോടു വാർത്തചൊന്നാൻ

‘വല്ലായ്‌മചെയ്‌കിലുമെന്നുടെ ദാസനെ-

ക്കൊല്ലൊല്ലാകോപംകൊണ്ടെ’ന്നിങ്ങനെ

അംഗജവൈരിതാൻ ചൊന്നതു കേട്ടപ്പോൾ

അംബുജലോചനൻ താനും ചൊന്നാൻഃ

‘ത്വൽഭൃത്യനായിട്ടു നിന്നതുകൊണ്ടിവൻ

മൽഭൃത്യനായിട്ടു വന്നുകൂടി.

വല്ലായ്‌മചെയ്‌താനിന്നെങ്കിലും ബാണനെ-

ക്കൊല്ലുന്നില്ലെന്നതും ചൊല്ലാംനേരെ.

ദുർമ്മദം പോക്കുവാൻ കൈകളെച്‌ഛേദിച്ചു;

ദുർമ്മദം പോയിതായെന്നുവന്നു

മിഞ്ചിനബാഹുക്കൾ നാലുമായിങ്ങനെ

നിൻചരണങ്ങളും കൂപ്പിനന്നായ്‌

പാർശ്വത്തിലാമ്മാറു നിന്നുവിളങ്ങട്ടെ

പാർഷദനായിനി മേലിൽ ചെമ്മെ.’

വാരിജലോചനനിങ്ങനെ ചൊന്നപ്പോൾ

ബാണൻതന്മന്ദിരം പൂക്കുനേരെ

രുദ്ധനായുള്ള നിരുദ്ധനെത്തന്നെയും

മുഗ്‌ദ്ധവിലോചനയോടുംകൂടി

കാർവ്വർണ്ണൻ കൈയിലേ നൽകിനിന്നങ്ങവൻ-

കാലിണ കുമ്പിട്ടു കൂപ്പിനിന്നാൻ

ചീറ്റംകളഞ്ഞൊരു കാർവ്വർണ്ണനെന്നപ്പോ-

ളേറ്റംവിളങ്ങിയിണങ്ങിപ്പിന്നെ

ആപ്‌തനായുള്ളൊരു പൗത്രനുമായിട്ടു

യാത്രയും ചൊല്ലിനടന്നുനേരെ

തുഷ്‌ടന്മാരായുള്ള യാദവന്മാരുമായ്‌

പെട്ടെന്നു ചെന്നുതൻ ദ്വാരകയിൽ

ആഗതനായനിരുദ്ധനെക്കണ്ടിട്ടു

മാൽകളഞ്ഞീടിന ലോകരുമായ്‌

ബാണനെക്കൊണ്ടുള്ള വാർത്തകളോരോന്നേ

വാപാടിപ്പിന്നെ വിളങ്ങിനിന്നാൻ.

Generated from archived content: krishnagatha51.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here