തോഴികൾ ചെന്നു പറഞ്ഞവൾ തന്നുടെ
കോഴയും കിഞ്ചന പോക്കിനിന്നാർ.
പഞ്ഞ്‌ജരം തന്നിൽ നിരുദ്ധനായുള്ളൊരു
കുഞ്ഞ്‌ജരവൈരിതാനെന്നപോലെ
രുദ്ധനായുള്ളനിരുദ്ധനും കോപിച്ചു
ബദ്ധവിരോധനായ്‌നിന്ന കാലം
ഭോജന്മാരെല്ലാരും നിദ്രയെപ്പൂണ്ടൊരു
രാജകുമാരനെക്കാണാഞ്ഞപ്പോൾ
എങ്ങുപോലിന്നിവനേതുമേ മിണ്ടാതെ-
യെങ്ങനെ പൊയ്‌ക്കൊണ്ടുതെന്നു നണ്ണി
ഇന്നിന്നു വന്നീടുമെന്നതേ ചിന്തിച്ചി
നിന്നങ്ങു മേവിനാർ നാലുമാസം
പിന്നെയും വന്നതു കണ്ടില്ലയാഞ്ഞിട്ടു
ഖിന്നരായെല്ലാരും നിന്നനേരം
നാരദനാകിന നന്മുനിവാരെഴും
ദ്വാരകതന്നിലെഴുന്നള്ളിനാൻ.
യാദവന്മാർടെയാനനം കണ്ടുടൻ
ആദരവോട് പറഞ്ഞാൻ പിന്നെഃ
“പ്രദ്യുമ്‌നസൂനുവെക്കണ്ടീലയാഞ്ഞല്ലീ
അത്തൽ പിണഞ്ഞു ചമഞ്ഞു നിങ്ങൾ?
ചേണുറ്റു നിന്നൊരു ബാണപുരം തന്നിൽ
ദീനനായ് നിന്നുള്ളോനിന്നു ചെമ്മെ.
മംഗലനായിട്ടു നിന്നവന്തന്നുടെ
മങ്ങാതെയുള്ളൊരു നാമമിപ്പോൾ
ആദ്യമായ് നിന്നുള്ളൊരക്ഷരം കൂടാതെ
ആക്കിനിന്നീടിനാൻ പോരിൽ ബാണൻ
ബാണകുമാരിക തന്നുടെ ലോചന-
ബാണങ്ങളേറ്റു മയങ്ങുകയാൽ
അപ്പുരം തന്നുടെ പാലകനായതു
മുപ്പുരം വെന്നുള്ള മുക്കണ്ണന്താൻ.”
വൃഷ്‌ണികളെല്ലാരുമെന്നതു കേട്ടപ്പോൾ
കൃഷ്‌ണനെത്തന്നെയും മുൻനിറുത്തി
മുദ്‌ഗരം മുമ്പായുള്ളായുധമോരോന്നേ
നൽക്കരം തോറും ധരിച്ചുനന്നായ്
സന്നദ്ധരായി നടന്നു തുടങ്ങിനാർ
തന്നുടെ തന്നുടെ തേരിലേറി
ദീനത കോലാത സേനയുമായിട്ടു
ബാണപുരത്തിലകത്തു പുക്കാർ
ആർത്തുതുടങ്ങിനാർ ഭേരിയും താഡിച്ചു
ചീർത്തുനിന്നുള്ളൊരു കോപത്താലെ.
കേതുവെത്തന്നെയുമെയ്‌തു മുറിച്ചുടൻ
ഭൂതലം തന്നിലെ വീഴ്‌ത്തിപ്പിന്നെ
നന്മതിലെല്ലാമേ തള്ളി വിട്ടീടിനാർ,
വെൺമയിൽ നിന്നുള്ള ഗോപുരവും
ബാണപുരത്തിന്നു ഭംഗത്തെക്കണ്ടൊരു
ബാലനിശാകര ശേഖരന്താൻ
ഷൺമുഖന്തന്നോടു ചൊല്ലിനിന്നീടിനാൻ
ഉണ്മയായുള്ളൊരു നർമ്മമപ്പോൾഃ
“ഒട്ടുനാളുണ്ടല്ലൊ പട്ടിണികൂടാതെ
മൃഷ്‌ടമായുണ്ണുന്നു നാമെല്ലാരും;
ഉന്മാദരായുള്ള വൃഷ്‌ണികൾ മൂലമി-
ന്നമ്മുടെ ചോറുമുടങ്ങിതായി,
നൽത്തെരുവിന്നുമന്നൻ ചുരക്കണ്ടിക്കും.
അത്തൽ പിണയായ് കിലുണ്ടുതാനും.
യോഗ്യമായുള്ളതുനോക്കിനിന്നീടാതെ
പോർക്കു തുനിഞ്ഞു നാം ചെൽകയിപ്പോൾ.”
ഇങ്ങനെ ചൊല്ലി നൽക്കാളമേലേറി നി-
ന്നംഗജവൈരതാനാദരവിൽ
കാർവ്വർണ്ണന്തന്നോടു പോരുതുടങ്ങിനാൻ-
ചോറുമുടങ്ങിനാരെന്നു ഞായം
ആൺമയിലേറിന ഷണ്മുഖന്താനുമ-
ങ്ങാൺമയിലേറിയണഞ്ഞു നേരേ
രുഗ്മണീനന്ദനൻ ചെന്നതു കണ്ടിട്ടു
രുഷ്‌ടനായ് നിന്നു പിണഞ്ഞാനപ്പോൾ
തന്ദ്രിയേ വേറിട്ടു രോഹിണീനന്ദനൻ.
മന്ത്രികളോടുമങ്ങവ്വണ്ണമേ.
ക്ഷീണതകോലാത സാത്യകിതന്നോടു
ബാണനു ചെന്നു പിണങ്ങിനിന്നാൻ
സംഗരമാണ്ടുള്ള വീരന്മാർ തങ്ങളിൽ
ഇങ്ങനെനിന്നു പിണങ്ങുംനേരം
അന്ധത കൈവിട്ടൊരന്ധകനാഥനും
അന്തകവൈരിയും നിന്നുനേരെ.
Generated from archived content: krishnagatha50.html Author: cherusseri