വാസ്തവരീതിയെച്ചേർത്തുനിന്നീടുന്ന
ശാസ്ത്രങ്ങൾകൊണ്ടു പറഞ്ഞു പിന്നെ
നിർമ്മലനായൊരു ദിവ്യനെന്നിങ്ങനെ
തന്മനംതന്നിലുറച്ചനേരം
ധന്യനായ് നിന്നൊരു ലാംഗലി ചൊല്ലിനാൻ
തന്നിലേ നണ്ണിന കാരിയത്തേഃ-
‘പാരാതെഴുന്നളളവേണമിന്നമ്പോടു
ദ്വാരകയായ നഗരിതന്നിൽ.
പാവനമാക്കണം സജ്ജനമെപ്പൊഴും
സേവചെയ്തീടുന്ന പാദത്താലേ.’ 290
എന്നതു കേട്ടൊരു കണ്ണനും ചൊല്ലിനാൻ
നിന്നൊരു ലാംഗലിതന്നെ നോക്കിഃ
‘സർവ്വസംഗത്തെയും കൈവടിഞ്ഞിങ്ങനെ
പർവ്വതം തന്നിലിരുന്നുകൊണ്ട്
ശർവ്വപദാംബുജമുളളിലുറപ്പിച്ചു
സർവ്വദാ സേവിച്ചു മേവിടുന്ന
ഉത്തമരായ ജനങ്ങളെക്കൊണ്ടുപോയ്
വൃത്തിപിഴപ്പിപ്പാനോർക്കൊല്ലാതെ.’
വാരിജലോചനൻ ചൊന്നൊരു നേരത്തു
സീരിയും ചൊല്ലിനാൻ നേരെയപ്പോൾഃ- 300
‘യോഗികൾമാനസപീഡയുണ്ടാക്കൊലാ
ഭോഗിയായുളള നിൻവാക്കിനാലേ.
ബാലനായുളള നീയേതുമറിഞ്ഞിടാ
ലീലകളെന്നിയേ പിന്നെയൊന്നും.
എല്ലാം സമമല്ലോ ചൊല്ലുളള തീയ്ക്കെന്നു
നല്ലവർ ചൊല്ലീട്ടു കേൾപ്പില്ലയോ?
നാടെന്നും കാടെന്നും കൂടി നിരൂപിക്കിൽ
വാടാതെതന്നെയഭേദമല്ലെ?
എല്ലാവരുമായിട്ടിന്നിവൻതന്നെ നാ-
മല്ലൽപോമ്മാറുടൻ കൊണ്ടുപോയി 310
നന്മ കലർന്നൊരു മന്ദിരംതന്നിലേ
മേന്മയോടിന്നു നാം വച്ചുകൊൾവൂ.’
എന്നെല്ലാം ചൊല്ലിയസ്സന്യാസിതന്നൊടു-
മൊന്നിച്ചു പൂകിനാൻ പൂരിലപ്പോൾ.
ചാരുവായുളെളാരു മന്ദിരം തന്നിലേ
നേരെയങ്ങാക്കിനാൻ യോഗിയേയും.
‘ഉത്തമനായൊരു മസ്തരിയുണ്ടുപോ-
ലിസ്ഥലംതന്നിലെഴുന്നളളുന്നു.’
എന്നങ്ങു ചൊല്ലി വരുന്ന ജനങ്ങളു-
മൊന്നിച്ചുകൂടി വണങ്ങിച്ചൊന്നാർഃ 320
‘യോഗ്യത പൂണ്ടുളള നിങ്ങൾ വരുവാനോ
ഭാഗ്യമിന്നെങ്ങളിലെത്തിക്കൂടി.
വറ്റാതൊരമ്പിനാൽ തെറ്റെന്നിവിടേയ്ക്കു
കുറ്റങ്ങളെന്നതും പറ്റായിന്ന്.’
‘സന്തുഷ്ടനായുളെളാരന്തണമന്ദിര-
മന്തികേയുണ്ടല്ലൊ സന്തതവും
ഭിക്ഷയേ നൾകുമവരങ്ങു നിത്യവും
ശിക്ഷയിൽ’ എന്നങ്ങു ചൊല്ലിപ്പിന്നെ
‘മംഗലനാം ഭവാൻ നൽകീടുക വേണ-
മെങ്ങൾക്കനുജ്ഞയേയിന്നു നേരെ.’ 330
Generated from archived content: krishnagatha5.html Author: cherusseri