എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്‌ക്കൊണ്ടു-
തെന്നൊരു കോപവും ചാപലവും.
യോഗിനിയായൊരു തോഴിതാനെന്നപ്പോൾ
വേഗത്തിൽ ചെന്നുടൻ ദ്വാരകയിൽ
സുപ്‌തനായുള്ളനിരുദ്ധനെത്തന്നെയും
മെത്തമേൽനിന്നങ്ങെടുത്തു പിന്നെ
കൊണ്ടിങ്ങുപോന്നവൾ കൈയിലെ നൽകിനി-
ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ.
അംഗജന്തന്നുടെ സൂനുവായുള്ളോൻതൻ
മംഗലകാന്തനായ് വന്നനേരം
നീടുറ്റുനിന്നൊരു കർപ്പൂരം തന്നോടു
കൂടിന ചന്ദനമെന്നപോലെ
ആമോദം പൂണ്ടൊരു കാമിനിതാനും നൽ
കാമവിലാസങ്ങളാണ്ടുനിന്നാൾ,
യാദവ ബാലകനാകിന വീരനും
ആദരവോടു കളിച്ചു മേന്മേൽ
സുന്ദരിതന്നുടെ മന്ദിരംതന്നിലേ
നിന്നുവിളങ്ങിനാൻ നീതിയൊടെ.
ഗൂഢനായ് നിന്നവന്തന്നെയന്നാരുമേ
ചേടിമാർപോലുമറിഞ്ഞുതില്ലേ.
ഒട്ടുനാളിങ്ങനെ തുഷ്‌ടിയും പൂണ്ടവർ
ഇഷ്‌ടരായ് നിന്നു വസിച്ചകാലം
പങ്കജലോചന തന്മുഖം കണ്ടിട്ടു
ശങ്കതുടങ്ങീതു മാതർക്കെല്ലാം
ശങ്ക തുടങ്ങിന മങ്കമാരെല്ലാരും
ശങ്കിച്ചുനിന്നു പറഞ്ഞാരപ്പോൾഃ
“ബാലിക തന്നുടെയാനനമിന്നിന്നു
ചാലെത്തെളിഞ്ഞുണ്ടു കാണാകുന്നു;
കാരണമെന്തെന്നു ചിന്തിച്ചു കാൺകിലോ
വേറൊന്നായല്ലൊതാൻ വന്നു ഞായം.
വേലകൾ കോലുവാൻ കാലംപുലർന്നപ്പോൾ
ചാലെപ്പോയെല്ലാരും ചെല്ലുന്നപ്പോൾ
കെട്ടകം തന്നിൽ നിന്നൊട്ടുമേ വാരാതെ
പെട്ടെന്നു പോന്നിങ്ങു നിന്നുകൊള്ളും
കണ്ണിണയന്നേരം മെല്ലവേ പാർക്കുമ്പോൾ
തിണ്ണം തളർന്നു മയങ്ങിക്കാണാം.
രോഗമെന്നിങ്ങനെ ചൊല്ലുമാറുണ്ടുതാൻ
രോഗമല്ലേതുമേ രാഗമത്രെ.
തേമ്പാതെ നിന്നൊരു ചോരിവാതന്നെയും
തേഞ്ഞല്ലൊ കാണുന്നു നാളിൽനാളിൽ
ചാലെത്തെളിഞ്ഞ കവിൾത്തടമിന്നിന്നു
ചാഞ്ഞുചാഞ്ഞീടുന്നു പിന്നെപ്പിന്നെ.
നമ്മുടെ ചാരത്തു വന്നിങ്ങുമേവുകിൽ
നാണവുമുണ്ടിന്നു കാണാകുന്നു.
പണ്ടെന്നും കാണാത ഭൂഷണമുണ്ടിന്നു
കണ്ടുതുടങ്ങുന്നു കണ്‌ഠം തന്നിൽ
പങ്കജക്കോരകം തന്നെയും വെല്ലുന്ന
കൊങ്കകൾ ചാരത്തുമവ്വണ്ണമേ.
ഇങ്ങനെയോരോരോ ഭംഗികൾ കാണുമ്പൊ-
ളെങ്ങനെ കന്യകയെന്നു ചൊൽവൂ?
ഇന്നിവൾതന്നുടെ കാമുകനായൊരു
ധന്യനുണ്ടെന്നതു നിർണ്ണയം താൻ.
ആരോടുമിന്നിതു വാപാടീലെങ്കിലോ
പോരായ്‌മയായിട്ടു വന്നുകൂടും.”
തങ്ങളിലിങ്ങനെ നിന്നുപറഞ്ഞുള്ളൊ-
രംഗനമാരെല്ലാമെന്നനേരം
ഉദ്‌ഭടരായിട്ടു രക്ഷികളായുള്ള
തദ്‌ഭടന്മാരോടു ചെന്നു ചൊന്നാർ.
അക്ഷതരായുള്ള രക്ഷികളെല്ലാരും
അക്ഷണം ചൊല്ലിനാർ ബാണനോടും.
കന്യകതന്നുടെ ദൂഷകനായൊരു
കാമുകനുണ്ടെന്നു കേട്ടു ബാണൻ
പെട്ടെന്നെഴുന്നേറ്റു മട്ടോലും വാണിതൻ
കെട്ടകം തന്നിലേ ചെല്ലുംനേരം
പ്രദ്യുമ്‌നസൂനുവെക്കണ്ടുടൻ കോപിച്ചു
പെട്ടെന്നു നിന്നു പിണങ്ങിപ്പിന്നെ
പന്നഗപാശങ്ങൾ കൊണ്ടവന്തന്നെയും
ഖിന്നനാക്കീടിനാൻ ബന്ധിച്ചപ്പോൾ.
താനങ്ങു തന്നുടെയാലയം പൂകിനാൻ
മാനവും പൂണ്ടുമദിച്ചു പിന്നെ
ബദ്ധനായുള്ളനിരുദ്ധനെക്കണ്ടൊരു
മുഗ്‌ദ്ധവിലോചന താനുമപ്പോൾ
കേണുതുടങ്ങിനാൾ ഭൂതലം തന്നിലെ
വീണുമയങ്ങി മയങ്ങി മേന്മേൽ.
Generated from archived content: krishnagatha49.html Author: cherusseri