രുക്‌മിണിദേവിയും താനുമായമ്പോടു
രുക്‌മമണിഞ്ഞൊരു കട്ടിൽതന്മേൽ
മെത്തമേലേറി വിളങ്ങിനിന്നീടിന
മുഗ്‌ദ്ധവിലോചനനന്നൊരു നാൾ
മർമ്മങ്ങളാകിന നർമ്മങ്ങളോതി നി-
ന്നുണ്മയെന്നിങ്ങനെ തോന്നുംവണ്ണം
ദാരങ്ങളുള്ളത്തിൽ വേദന പൂകിച്ചാൻ
കാരുണ്യം പിന്നെയും പൊങ്ങുവാനായ്.
കാമിനിതന്നുടെ കണ്ണുനീർ കണ്ടപ്പോൾ
കാരുണ്യവാരിയിൽ മുങ്ങിമുങ്ങി
വന്നുവന്നീടുന്ന വാക്കുകൾകൊണ്ടവൾ
കണ്ണുനീർ പോക്കീട്ടു പൂണ്ടുകൊണ്ടാൻ.
ഇങ്ങനെയോരോരോ സുന്ദരിമാരുമായ്
മംഗലനായുള്ള മാധവന്താൻ
അംഗജലീലതൻ ഭംഗികളാണ്ടു നി-
ന്നങ്ങനെ മങ്ങാതെ മേവും കാലം
എണ്ണരുണ്ടായിരത്തെൺമരെന്നിങ്ങനെ
എണ്ണമാണ്ടീടുന്ന മാതരെല്ലാം.
പെറ്റുപെറ്റുണ്ടായ പുത്രരെക്കൊണ്ടെങ്ങും
മുറ്റുംവിളങ്ങീതപ്പൂരുമപ്പോൾ
പ്രദ്യുമ്‌നനന്നനിരുദ്ധനെന്നുള്ളൊരു
പുത്രനുമുണ്ടായി വന്നു പിന്നെ
ശ്രേഷ്‌ഠനായുള്ളൊരു രുക്‌മിതൻ പുത്രിയെ
വാട്ടമകന്നവൻ വേട്ടകാലം
മാധവൻ മുമ്പായ യാദവന്മാരെല്ലാം
മാനിച്ചു ചെന്നാരമ്മന്ദിരത്തിൽ
അന്യരായ് നിന്നുള്ള മന്നവരെല്ലാരും
ചെന്നുടൻ മംഗലം പൊങ്ങീതപ്പോൾ
കാലിംഗന്മുമ്പായ ഭൂപന്മാരെല്ലാമ-
ക്കാലത്തു രുക്‌മിതന്നോടു ചൊന്നാർ
‘ചൂതുകൊണ്ടിന്നു നീ വെല്ലുകവേണ മി-
മ്മാധവന്തന്നുടെ സോദരനെ.’
എന്നതുകേട്ടവനന്നേരം ചെന്നിട്ടു
നിന്നൊരു മന്നവർ ‘മുന്നിൽത്തന്നെ
ചൂതു തുടങ്ങിനാൻ രാമനും താനുമായ്
ചൂഴും നിന്നീടുന്നോർ ചെല്ലച്ചൊല്ലെ.
തോല്‌ക്കുന്നോരിങ്ങനെ ദണ്ഡമെന്നെല്ലാരും
കേൾക്കവേ നിന്നു പറഞ്ഞുനേരേ.
രുക്‌മിണിതന്നുടെ സോദരനാകിന
രുക്‌മിതാനന്നേരം നോക്കിനോക്കി
കൈതവം തന്നാലെ വെന്നു നിന്നീടിനാൻ
കൈടഭവൈരിതൻ സോദരനെ
ഒത്തുനിന്നീടിന ദണ്ഡവും നൽകിനാൻ
സത്യപരായണന്താനുമപ്പോൾ.
അപ്പൊഴേ പിന്നെയുമേശിന നേരത്തു
രുക്‌മിയെത്തന്നെയും വെന്നുനിന്നാൻ.
വെന്നൊരു നേരത്തു നിന്നൊരു രുക്‌മിതാൻ
’വെന്നതു ഞാനെ‘ന്നു ചൊല്ലിക്കൊണ്ടാൻ.
എന്നതിന്നേതുമേ പേശാതെ പിന്നെയും
വെന്നു നിന്നീടിനാൻ പോരിൽനേരേ.
’വെന്നതു ഞാനെ‘ന്നു ചൊന്നവൻ നിന്നപ്പോൾ
മന്നോരും ചൊല്ലിനാരവ്വണ്ണമേ.
അംബരം തന്നിൽനിന്നന്നേരമുണ്ടായി
സമ്മതിയായൊരു നന്മൊഴിതാൻ-
ഇപ്പൊഴീവെന്നതു രോഹിണീനന്ദനൻ
രുക്‌മിതാനല്ലയേ’ യെന്നിങ്ങനെ.
കോപിച്ചുനിന്നൊരു രുക്‌മിതാനെന്നപ്പോൾ
പേ പറഞ്ഞീടിനാൻ പേടിയാതെഃ
“ചൂതുങ്കൽ വെല്ലുവാൻ ചൈതന്യമാണ്ടുളള
ഭൂപതിവീരന്മാർ വേണമത്രെ.
മന്നവർക്കീടിനോരാസനം കൂടാതെ
ഖിന്നരായ് പോരുന്ന നീചർക്കാമോ?
ആസവസേവയും നാരികൾ സേവയും
ആചരിച്ചീടുനീയായ വണ്ണം.”
എന്നതുകേട്ടു കലിംഗമഹീപതി
ദന്തങ്ങൾ കാട്ടിച്ചിരിച്ചാനപ്പോൾ
രുക്‌മിതാനിങ്ങനെ ചൊന്നതു കേട്ടിട്ടു
രുഷ്‌ടനായുളെളാരു കാമപാലൻ
ചാരത്തു നോക്കിന നേരത്തു കാണായി
പാരിച്ചു നിന്നൊരു നൽപരിഘം
പെട്ടെന്നെടുത്തൊന്നു കൊട്ടി നിന്നീടിനാൻ
ദുഷ്‌ടനായ് നിന്നൊരു രുക്‌മിതന്നെ.
കൊട്ടുകൊണ്ടീടിന രുക്‌മിതാനെന്നപ്പോൾ
ഇഷ്‌ടനായ് മേവിനാനന്തകന്ന്
നാലഞ്ചു കാലടി വച്ചൊരു നേരത്തു
കാലിംഗരാമനെച്ചെന്നണഞ്ഞ്
ഉത്‌പന്നരോഷനായ് നിന്നവൻ വാർത്തകൾ
പഫബഭമ്മയെന്നാക്കിവച്ചാൻ.
ലാംഗലിതാനിതു ചെയ്‌തതു കേട്ടൊരു
ശാർങ്ങ്‌ഗവരായുധധാരിയപ്പോൾ
നന്നായില്ലെന്നതും നന്നായിതെന്നതും
ഒന്നുമേ മിണ്ടാതെ നിന്നുകൊണ്ടു,
സോദരന്നുള്ളിലും ഭാര്യതന്നുള്ളിലും
ഖേദമുണ്ടാമല്ലൊയെന്നു നണ്ണി.
പിന്നെയങ്ങെല്ലാരുമൊന്നിച്ചു കൂടിത്തൻ
ധന്യമായുള്ളൊരു മന്ദിരത്തിൽ
ആർത്തുവിളിച്ചുതകർത്തങ്ങു പൂകിനാർ
ആർത്തിയെത്തീർത്തുള്ള യാദവന്മാർ.
Generated from archived content: krishnagatha47.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English