സ്യമന്തകം – 4

ആനകദുന്ദുഭിതാനുമന്നേരം ത-

ന്നാനനം താഴ്‌ത്തിനാൻ ദീനനായി

എന്തിനിനല്ലൂതെന്നിങ്ങനെ തങ്ങളിൽ

ചിന്തിച്ചു നിന്നുള്ള ലോകരെല്ലാം

ദുർഗ്ഗയെപ്പൂജിച്ചു മേവുകിൽ നമ്മുടെ

ദുഃഖങ്ങൾ പോമിപ്പൊഴെന്നു നണ്ണി

ദുർഗ്ഗയെ പൂജിച്ചു സോവതുടങ്ങിനാർ

ദുഃഖങ്ങൾ പോവതിന്നായിച്ചെമ്മേ.

പുജയെപ്പൂരിച്ചു ഭുദേവന്മാരെല്ലാം

ഭോജനം പെണ്ണിത്തെളിഞ്ഞു പിന്നെ

ദക്ഷിണവാങ്ങിനിന്നാശിയും ചൊല്ലിനാർ

അക്ഷണം കാണായി കണ്ണന്തന്നെ

ഇന്ദിരനേരൊത്ത സുന്ദരിതാനുമായ്‌

മന്ദിരം തന്നിലെ വന്നതപ്പോൾ

കണ്ടൊരുനേരത്തു യാദവന്മാർക്കെല്ലാം

ഉണ്ടായ സന്തോഷം ചൊല്ലവല്ലേൻ

സത്വരം തേടി വിളിപ്പിച്ചുകൊണ്ടന്നു

സത്രജിത്താകുന്ന മന്നവനെ

നാനാജനങ്ങളും വന്നുനിന്നീടുന്ന

രാജാവിന്മുന്നലും ചെന്നുപിന്നെ

രത്നത്തെത്തേടുവാൻ പോയന്നുതൊട്ടുള്ള

വൃത്താന്തമെല്ലാമേ മെല്ലെമെല്ലെ

മാലോകർ കേൾക്കവേ ചൊല്ലിനിന്നീടിനാൻ

മൂലോകനായകനായ ദേവൻ

ഉണ്മയായുള്ളതു കേട്ടൊരുനേരത്തു

സന്മതരായുള്ള ലോകരെല്ലാം

സത്രാജിത്താകുന്ന മന്നവന്തന്നുടെ

വക്‌ത്രത്തിലാമ്മാറു നോക്കിനിന്നാർ

നാണവും പൂണ്ടു വിഷണ്ണനായ്‌ നിന്നവ-

ന്നാനനം താണുതുടങ്ങീതപ്പോൾ

ചാരത്തു ചെന്നങ്ങുനിന്നുടനന്നേരം

ചാരുവായ്‌നിന്നുള്ള രത്നത്തെയും

സത്രാജിത്തിന്നായി നൽകിനിന്നീടിനാൻ

സത്യത്തെപ്പാലിച്ചു പോരുംവീരൻ

മാധവൻ നൽകിന നന്മണിതന്നെയും

മാനിച്ചു വാങ്ങിന മന്നവന്താൻ

ചാരത്തുനിന്നുള്ളോരാരെയും നോക്കാതെ

ചാലെപ്പോയ്‌ പൂകിനാനാലയത്തിൽ

പൊന്നുമണ്ണീടുന്നതന്നന്നേ കൊണ്ടുകൊ-

ണ്ടുന്നതനായി വസിക്കും കാലം

മല്ലാരിതന്നെക്കൊണ്ടില്ലാതതെല്ലാം ഞാൻ

ചൊല്ലിനടന്നുതങ്ങെല്ലാരോടും

എന്നതിന്നെന്തിനി വന്നുതെന്നിങ്ങനെ

ചിന്തതുടങ്ങീതവന്നു പിന്നെ

എമ്പിഴപോക്കുവാനെന്തിനി നല്ലെതെ-

ന്നമ്പോടു ചിന്തിച്ചു ചിന്തിച്ചുടൻ

ധന്യയായുള്ളൊരു കന്യകതന്നെയും

ധന്യമായ്‌ നിന്നുള്ള രത്നത്തെയും

കാർവ്വർണ്ണനായിട്ടു നൽകിനിന്നീടിനാൻ

കാതരനായുള്ള മന്നവന്താൻ

കന്യകതന്നെയും വാങ്ങിന കാർവ്വർണ്ണൻ

മന്നവന്തന്നോടു പിന്നെച്ചൊന്നാൻ

“നമ്മിലിന്നേതുമേ ഭേദമില്ലെന്നതോ-

സമ്മതമായല്ലെ മന്നിലെങ്ങും

നിന്നുടെ മന്ദിരം തന്നിലേതെല്ലാമി-

ന്നെന്നുടെ മന്ദിരം തന്നിലത്രെ;

രത്നത്തെക്കൊണ്ടുപോയ്‌ മുന്നമെന്നപ്പോലെ നീ

രക്ഷിച്ചുകൊള്ളുകയെന്നേ വേണ്ടു.”

അംബുജലോചനനിങ്ങനെ ചൊൽകയാൽ

അമ്മണികൊണ്ടുപോയ്‌ മന്ദിരത്തിൽ

വച്ചങ്ങുപൂജിച്ചു സ്വസ്‌ഥനായ്‌ നിന്നുതാൻ

ഇച്‌ഛയിൽ മേവിനാൻ മന്നവന്താൻ

കാർമുകിൽവർണ്ണൻതങ്കാമിനിമാരുമായ്‌

കാമവിനോദത്തിൽ വന്നിറങ്ങി

ചാലനിറന്നുള്ള ലീലകളാണ്ടിത-

ന്നാലയം തന്നിലെ മേവും കാലം

പാണ്ഡവരെല്ലാരും വെന്തുപോയെന്നൊരു

പാഴ്‌മൊഴികേട്ടിട്ടു രാമനുമായ്‌

വേഗമിയന്നൊരു തേരിലങ്ങായിട്ടു

നാഗപുരത്തിന്നു പോയശേഷം

ദുശ്ശമനായുള്ളൊരശ്ശതധന്വാവു

കശ്‌മലരായവർ ചൊല്ലിനാലെ

സത്രാജിത്താകുന്ന മന്നവന്തന്നെപ്പോയ്‌

നിദ്രയെക്കോലുമ്പോൾ കൊന്നുപിന്നെ

രത്നവും കൊണ്ടു മടങ്ങിനാനാന്നേരം

പുത്രിയായുള്ളൊരു സത്യഭാമ

കേശവമ്പോയോരു ദേശത്തു ചെന്നിട്ടു

കേണുകൊണ്ടെല്ലാമേ ചൊല്ലിനിന്നാൾ

പാരാതെ പോന്നിങ്ങു കേശവരാമന്മാർ

ആരാഞ്ഞു നിന്നാരപ്പാപിതന്നെ

കൊല്ലുവാനുണ്ടെന്നെപ്പിന്നാലെവന്നൂതെ-

ന്നുള്ളിലറിഞ്ഞവനമ്മണിയും

ഗാന്ദീനീനന്ദനൻ കൈയിലേ നൽകീട്ടു

മാന്ദ്യമകന്നൊരു വാജിമേലേ

പാഞ്ഞു തുടങ്ങിനാർ, കണ്ണനും രാമനും

പാഞ്ഞു തുടങ്ങിനാർ തേരിലേറി

പായുന്നനേരത്തു കാൽതളർന്നീടിന

വാജിതാൻ വീണുഞ്ഞെരിഞ്ഞ നേരം

ഭൂതലം തന്നിലെ പാഞ്ഞു തുടങ്ങിനാൻ

ഭൂധവൻ താനുമങ്ങവ്വണ്ണമേ

ഓടിയണഞ്ഞവന്തന്നുടൽ പീഡിച്ചു

കേടുവരുത്തിന കേശവന്താൻ

രത്നത്തെക്കാണാഞ്ഞു തെറ്റെന്നു പോന്നുവ-

ന്നഗ്രജന്തന്നോടു ചൊന്നാൻ പിന്നെ

‘ദുഷ്‌ടനെക്കൊന്നിട്ടു രത്നമോ കണ്ടില്ല

പൊട്ടനായ്‌ പോയാൽ ഞാൻ’ എന്നിങ്ങനെ

അഗ്രജൻ താനതു കേട്ടൊരു നേരത്തു

വ്യഗ്യനായ്‌ ചിന്തിച്ചു നിന്നുചൊന്നാൻഃ

‘നിശ്‌ചലനായൊരു ബന്ധുവിൻകൈയിലേ

നിക്ഷേപിച്ചീടിനാനെന്നു വന്നുഃ

ആരിലെന്നുള്ളതു പാരാതെ ചെന്നുനി-

ന്നാരാഞ്ഞു കാൺകെ നീ’ എന്നു ചൊല്ലി

മൈഥിലനായൊരു മന്നവന്തന്നുടെ

മന്ദിരം പൂകിനാൻ താനന്നേരം

വാരിജലോചനൻ താനുമന്നേരത്തു

പാരാതെ വന്നിങ്ങു മന്ദിരത്തിൽ

പ്രേതനായുള്ളൊരു മന്നവന്തന്നുടെ

നൂതനമായുള്ള കർമ്മങ്ങളെ

ചെയ്യിച്ചാൻ തന്നുടെ തയ്യലായുള്ളൊരു

മയ്യേലും കണ്ണിയെക്കൊണ്ടെല്ലാമേ

അക്രൂരൻ പേടിച്ചദ്ദിക്കിനെക്കൈവിട്ടി-

ട്ടക്കാലം പൊയ്‌ക്കൊണ്ടാനങ്ങെങ്ങാനും

ഇഷ്‌ടികളോരോന്നേ ചെയ്‌തു തുടങ്ങിനാൻ

ഒട്ടുനാളങ്ങനെ ചെന്നുതായി

രത്നത്തെക്കാണാഞ്ഞിട്ടത്തൽ തുടങ്ങീതു

മറ്റുള്ളോർക്കെല്ലാർക്കുമെന്നനേരം

കൊണ്ടൽനേർവ്വർണ്ണന്താൻ ഗാന്ദിനീസുനുവെ-

ത്തെണ്ടിവിളിപ്പിച്ചു കൊണ്ടുവന്നാൻ

അഗ്രജന്മുമ്പായ യാദയന്മാരുമ-

ങ്ങക്ഷണം വന്നുവന്നൊത്തുകൂടി

അക്രൂരന്തന്നോടു ചൊല്ലിനാനന്നേര-

ത്തച്യുതനെല്ലാരും കേൾക്കുംവണ്ണം

“ഉത്തമമായുള്ള രത്നത്തെക്കാണാഞ്ഞി-

ട്ടത്തലുണ്ടുള്ളത്തിലെങ്ങൾക്കെന്നാൽ

നിൻകൈയിലീടിന രത്നത്തെക്കാട്ടീട്ടു

ശങ്കയെപ്പോക്കേണമെങ്ങൾക്കിപ്പോൾ”.

ശങ്കയെക്കൈവിട്ടു ഗാന്ദിനീനന്ദനൻ

പങ്കജലോചനന്മുമ്പിലപ്പോൾ

നന്മണികാട്ടിനിന്നുൺമയെച്ചൊല്ലിനാൻ

സന്മതരായുള്ളോരെന്നു ഞായം

ഉൽകൃഷ്‌ടമായുള്ള രത്നത്തെക്കണ്ടിട്ടും

അക്രൂരന്തന്നുടെ ചൊല്ലുകേട്ടും

മൂർദ്ധാവുതന്നെക്കുലുക്കിനിന്നീടിനാർ

ആസ്‌ഥാനം തന്നിലെ ലോകരെല്ലാം

ഗാന്ദിനീ നന്ദനന്തന്നോടു പിന്നെയും

കാന്തവിലോചനൻ ചൊല്ലിനിന്നാൻഃ

“രത്നവും കണ്ടുതായുൺമയും കേട്ടുതായ്‌

അത്തലും തീർന്നുതായെങ്ങൾക്കിപ്പോൾ

മംഗലമായുള്ള രത്നത്തെ നീതന്നെ

സംഗ്രഹിച്ചീടുകയെന്നേ വേണ്ടൂ

വേണുന്ന നേരത്തു വേഴ്‌ചയിൽ വന്നിട്ടു

വേണ്ടിച്ചു കൊൾകയുമാമല്ലൊ താൻ”

തോയജലോചനനിങ്ങനെ ചൊന്നപ്പോൾ

തോയുന്ന തോഷത്തെപ്പുണ്ടവന്താൻ

സുന്ദരമായുള്ള രത്നവുമായിത്തൻ

മന്ദിരം പൂകിനാൻ മന്ദം മന്ദം

ഗാന്ദിനീനന്ദൻ പോയൊരു നേരത്തു

നാന്ദകധാരിതാൻ ദ്വാരകയിൽ

വൃഷ്‌ണികളോടു കലർന്നുടനോരോരോ

വൃത്തികളാണ്ടു തെളിഞ്ഞു നിന്നാൻ.

Generated from archived content: krishnagatha45.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here