സ്യമന്തകം – 2

ഇങ്ങനെയോരോരോ മന്ദിരംതന്നിലെ

നിന്നുളേളാരെല്ലാരും ചൊല്ലുംനേരം

എന്നെക്കൊണ്ടുളെളാരു വാർത്തയെന്നിങ്ങനെ

തന്നിലെ നണ്ണിനാൻ കണ്ണനപ്പോൾ.

രാപ്പെരുമാറ്റം നടന്നുതുടങ്ങിനാൻ

വായ്‌പോടു കേൾക്കാമീ വാർത്തയെല്ലാം

എന്നങ്ങു നണ്ണി നടന്നുതുടങ്ങിനാൻ

മന്ദിരംതോറുമമ്മംഗലന്താൻ.

അന്നൊരു മന്ദിരം തന്നുടെ ചാരത്തു

നന്നായിച്ചെന്നവൻ നിന്നനേരം

നന്മണം വന്നതിങ്ങെന്തെന്നു ചിന്തിച്ചു

നിന്നൊരു മന്ദിരനാഥനപ്പോൾ

മെല്ലവേ നോക്കിന നേരത്തുകാണായി

മല്ലവിലോചനന്തന്നെച്ചെമ്മേ.

കണ്ടൊരുനേരത്തു മന്ദിരനാഥന്താൻ

മണ്ടിനാൻ ചാരത്തെ മന്ദിരത്തിൽഃ

‘സൂക്ഷിച്ചുകൊളേളണം നിങ്ങൾ’ എന്നിങ്ങനെ

രൂക്ഷമായുളെളാരു വാർത്ത ചൊന്നാൻ.

‘പണ്ടെന്നും കാണാതകളളരെയുണ്ടിപ്പോൾ

കണ്ടുതുടങ്ങുന്നു വീടുതോറും;

പേർപറഞ്ഞീടിലോ വേറൊന്നിക്കാരിയം

വേർപറിഞ്ഞീടുമിന്നാവുതാനേ.

ഇങ്ങനെയുളള നാളിന്നിലംകൈവിട്ടു

എങ്ങാനും പോകനാമെന്നേ വേണ്ടു’

തങ്ങളിലിങ്ങനെ ചൊല്ലിന വാർത്തകൾ

എങ്ങുമേ ചെന്നു പരന്നനേരം

നിശ്‌ചലനായുളെളാരച്യുതന്തന്നുടെ

നൽച്ചെവി തന്നിലും ചെന്നുകൂടീ.

‘സത്യത്തെപ്പാലിച്ചു പോരുന്നൊരെന്നെക്കൊ-

ണ്ടിത്തരമായിതോ ലോകവാദം?

ആരായവേണം ഞാൻ പാരാതെ പോയിപ്പോൾ

നേരറ്റു നിന്നൊരു രത്നമെന്നാൽ.’

എന്നങ്ങു ചിന്തിച്ചു ചൊല്ലിനിന്നീടിനാൻ

നിന്നൊരുമാലോകരെല്ലാരോടുംഃ

“നായാട്ടിനായിട്ടു നന്മണി പൂണ്ടങ്ങു

പോയൊരു മന്നവൻ വന്നില്ലല്ലൊ,

ആരാഞ്ഞു കാണേണമെന്നങ്ങു ചിന്തിച്ചു

പാരാതെ പോവാനായ്‌ ഞാൻ തുനിഞ്ഞു.

ചങ്ങാതമായിട്ടു നിങ്ങളുമെല്ലാരും

മങ്ങാതെ പോരേണമെമ്പിന്നാലെ.”

ഇങ്ങനെ ചൊന്നൊരു മംഗലന്താനപ്പോൾ

തിങ്ങിന ലോകരുമായിച്ചെമ്മേ

കാനനം തന്നിൽ നടന്നു തുടങ്ങിനാൻ

കാൺമതിന്നായിട്ടമ്മന്നവനെ.

കാർമുകിൽവർണ്ണനും മാലോകരെല്ലാരും

കാനനം തന്നിലെ തേടുംനേരം

പാതത്തെപ്പൂണ്ടൊരു വാജിയെക്കാണായി

ചേതനയോടു പിരിഞ്ഞു ചെമ്മെഃ

മന്നവന്തന്നെയും വാജിതൻ ചാരത്തു

ഭിന്നനായ്‌ വീണതുമവ്വണ്ണമേ.

ആരിവന്തന്നുടെ കാലനെന്നെല്ലാരും

ആരാഞ്ഞു നിന്നൊരു നേരത്തപ്പോൾ

കേസരിവീരൻ ‘പദങ്ങളെക്കാണായി

ധൂസരമായൊരു ഭൂതലത്തിൽ

കേസരി കൊന്നതെന്നിങ്ങനെ ചിന്തിച്ചു

കേസരിതൻ വഴി നോക്കിനോക്കി

നീളെ നടന്നു തുടങ്ങിനോരങ്ങൊരു

ശൈലത്തിൻ ചാരത്തു ചെല്ലുംനേരം

വീരനായുളെളാരു കേസരിതന്നെയും

വീണുകിടക്കുന്ന കാണായപ്പോൾ.

കേസരിവീരനെക്കൊല്ലുവാനാവൊരു

വീരനിന്നാരുപോലെന്നിങ്ങനെ

ചിന്തിച്ചുപിന്നെയും നോക്കുന്നനേരത്തു

ചന്തത്തിൽക്കാണായി കാനനത്തിൽ

ആൺമതിരണ്ടൊരു ജാംബവാന്തന്നുടെ

മേന്മകലർന്നുളള കാൽച്ചുവടും

കണ്ടൊരുനേരത്തു ചൊല്ലിനാൻ കല്യനാം

കൊണ്ടൽനേർവ്വർണ്ണൻതാനെല്ലാരോടുംഃ

കേസരിവീരനെക്കൊന്നുടന്മെല്ലവേ

കേവലം പോയൊരു വാനരത്താൻ

കൂരിരുട്ടേലുമിപ്പാതാളം തന്നിലെ

കൂശാതെ പൂകിനാനെന്നുവന്നു

വാതുക്കലാമ്മാറു നില്‌പിനിന്നെല്ലാരും

പാതിച്ചവണ്ണം ഞാൻ ചെന്നുകൊൾവൻ.“

എന്നങ്ങു ചൊല്ലിന പങ്കജലോചനൻ

കന്ദരംതന്നുളളിൽ ചെല്ലുംനേരം

ബാലകന്തന്നുടെ ചാരത്തു കാണായി

ചാലവിളങ്ങിന നന്മണിയും

കണ്ടൊരു നേരത്തു കൈയിലങ്ങാക്കുവാൻ

കൊണ്ടൽനേർവ്വർണ്ണനണഞ്ഞനേരം

ധാത്രിയായുളെളാരു പാഴിതാനെന്നപ്പൊ-

ളാർത്തയായ്‌നിന്നു കരഞ്ഞാൾ തിണ്ണം

’ചോരനായുളെളാരു മാനുഷൻ വന്നിട്ടു

ശോഭകൊടുക്കുന്നോൻ‘ എന്നിങ്ങനെ

എന്നതുകേട്ടൊരു ജാംബവാനന്നേരം

മന്ദമെഴുന്നേറ്റു പോന്നുവന്നാൻ

വീർത്തുവീർത്തങ്ങനെ ചൊല്ലിനിന്നീടിനാൻ

ചീർത്തു ചീർത്തീടുന്ന കോപത്താലേഃ

”മാനുഷരാരുമേ പോരുവീലെന്നുടെ

മന്ദിരം തന്നിൽ പണ്ടന്നുമിന്നും.

പേടിയും കൂടാതെ പോരുവാനെന്തു നീ

താഡനം കൊളളുവാനിച്‌ഛയുണ്ടോ?“

എന്നതു കേട്ടൊരു കണ്ണനും ചൊല്ലിനാൻ

നിന്നൊരു ജാംബവാന്തന്നെ നോക്കിഃ

”മാനുഷൻ പോരുവീലെന്നതോ കൈതവം

മാനുഷനായ ഞാൻ വന്നേനല്ലൊ.

താഡനംകൊണ്ടു നിന്നിമ്മണിതന്നെയും

താരാതെ കൊളളുവാനിച്‌ഛയുണ്ട്‌.“

എന്നതു കേട്ടൊരു ജാംബവാൻ ചൊല്ലിനാൻഃ

”എങ്കിലോ നീയെങ്ങൾ നാഥനല്ലൊ.

നിന്നുടെ ദാസന്മാരായതു ഞങ്ങളു-

മെന്നതുമിന്നിപ്പോൾ വന്നുകൂടും.“

Generated from archived content: krishnagatha43.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here